
നേപ്പാളില്‍ ഹീറ്ററില്‍ നിന്ന് പുറത്തു വന്ന കാര്‍ബണ്‍മോണോക്സൈഡ് ശ്വസിച്ച് മലയാളികള്‍ മരിച്ച സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മരണവാര്‍ത്തയുടെ ദുഖത്തിനോടൊപ്പം തന്നെ എ.സിയും ഹിറ്ററും എല്ലാം നമ്മുടെ ജീവന് എടുക്കാന്‍ സാധ്യതയുണ്ടെന്ന അറിവ് ഉണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. കാറിനുള്ളിലെ എ.സിയില്‍ നിന്നുവരെ കാബണ്മോണോക്സൈഡ് പുറത്ത് വന്ന് മരണങ്ങള് ഉണ്ടായിട്ടുണ്ട്.
എങ്ങനെയാണ് കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുന്നത് ?
വാതക, ദ്രാവക, ഖര ഇന്ധനങ്ങള്‍ കത്തുമ്പോള്‍ താപ-പ്രകാശ ഊര്‍ജ്ജം ഉണ്ടാവുമല്ലോ. സാധാരണയായി ഓക്സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്പോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന് ആണ് ഇവിടെ കൊടുക്കുന്നത്. അതായത് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കൂടെ കാര്‍ബണ്‍ ഡൈഓക്സൈഡും, ജല ബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണ്ണമായ ജ്വലനം നടക്കാത്തപ്പോള്‍, അല്ലെങ്കില്‍ കത്തല് പ്രക്രിയ പൂര്‍ണ്ണമാകാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്സൈഡ് കൂടെ ഉണ്ടാവും. പൂര്‍ണ്ണമായ ജ്വലനം നടക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഉദാഹരണത്തിന്, ഒരു ക്ലോസ്ഡ് ആയ സിസ്റ്റത്തില്‍ ഉള്ള ഓക്സിജന്‍ ഭൂരി ഭാഗവും ഉപയോഗിച്ചു കഴിഞ്ഞാല്‍ ജ്വലനം പൂര്‍ണ്ണമാവില്ല, കൂടാതെ കേടു വന്നതും, കാലപ്പഴക്കം ഉള്ളതുമായ ഉപകരണങ്ങളില്‍ ജ്വലനം നടക്കുമ്പോളും അപൂര്‍ണ്ണമായ ജ്വലനം നടക്കാം.ഈ സാഹചര്യങ്ങളില്‍ എല്ലാം കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകാം.
ഇങ്ങനെ ഉണ്ടാവുന്ന കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെയാണ് മരണകാരണമാകുന്നത് ?
ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുകയും, ഓക്സിജന്റെ അഭാവം രക്തത്തില്‍ വരികയും ചെയ്യുമ്പോള്‍ ആണ് മരണകാരണം ആകുന്നത്. എത്ര മാത്രം ഇത് ശ്വാസ വായുവില്‍ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്. ‘അതായത് അന്തരീക്ഷ വായുവില്‍ ഓ്കസിജന്റെ അളവ് എത്ര കുറയുന്നുവോ അതിനനുസരിച്ച് കാര്‍ബണ്‍ മോണോക്സൈഡ് അപകടകാരികളാകുന്നു.
400 പിപിഎമില് ല്‍ തലവേദന, തലചുറ്റല്‍ ഒക്കെ അനുഭവപ്പെടാം. 3,200 പിപിഎം ആകുമ്പോളേക്കും പത്തു മിനിറ്റിനകം അബോധാവസ്ഥയില്‍ എത്താം; 12,800 പിപിഎമിനു നു മുകളില്‍ എത്തിയാല്‍ അത് ഉടനടി മരണകാരണം ആകും എന്നും പഠനങ്ങള്‍ പറയുന്നു. എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടും, 10 പിപിഎമിനുമുകളില് കാര്‍ബണ്‍ മോണോക്സൈഡ് ക്കു മുകളില്‍ അന്തരീക്ഷവായുവില്‍ എന്നത് പോലും കൂടുതല്‍ സമയം ശ്വസിച്ചാല്‍ അപകടകരം ആകാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപകടം ഉണ്ട് എന്ന് ബോധ്യം വന്നാല്‍ ഉടനെ തന്നെ വൈദ്യ സഹായം നേടണം.തലചുറ്റല്‍,ക്ഷീണം,തളര്‍ച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം.
കാറിലെ എസിയില്‍ നിന്ന് എങ്ങനെയാണ് കാര്‍ബണ്‍ മോണോക്സൈഡ് പുറത്തു വരുന്നത് ?
വര്‍ഷങ്ങള്‍ക്കു മുന്‍പു ചെന്നൈയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. റോഡില്‍ കാറിനുള്ളില്‍ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഴക്കാലത്തു ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോള്‍ ഒട്ടേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. അരമണിക്കൂറോളം എടുത്തു കുരുക്കഴിയാന്‍. വാഹനങ്ങള്‍ മെല്ലെ നീങ്ങിയപ്പോഴും ഒരു കാര്‍ മാത്രം അനങ്ങുന്നില്ല. ട്രാഫിക് പൊലീസ് നോക്കുമ്പോള്‍ കാറിനുള്ളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഈ കാറിലുണ്ടായിരുന്നവര്‍ എസി പ്രവര്‍ത്തിപ്പിച്ചിരുന്നു. സ്പ്ലിറ്റ് എസിയായിരുന്നു. എസിക്കു നോബുണ്ട്. നോബ് ഒരു പൊസിഷനില്‍ വച്ചാല്‍ കാറിനുള്ളിലെ വായുവിനെ തണുപ്പിക്കാം (റീ സൈക്ലിങ്). രണ്ടാമത്തെ പൊസിഷനില്‍ വച്ചാല്‍ പുറത്തു നിന്നുള്ള വായു വലിച്ചെടുക്കും. ഈ കാറിലെ നോബ് പുറമേ നിന്നുള്ള വായു വലിച്ചെടുക്കുന്ന പൊസിഷനില്‍ ആയിരുന്നു.
വാഹനങ്ങളുടെ പുകക്കുഴലുകളില്‍ നിന്നു കാര്‍ബണ്‍ മോണോക്സൈഡ് വാതകം ഏറെ പുറന്തള്ളുന്നുണ്ട്. നഗരങ്ങളിലെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലായിരിക്കും. ഗതാഗതക്കുരുക്കിനിടെ വാഹനങ്ങള്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്സൈഡ് കാറിനുള്ളിലേക്കു കയറിയതാണു കൂട്ടമരണത്തിനു കാരണമായത്.
കാര്‍ബണ്‍ മോണോക്സൈഡ് കൊണ്ടുണ്ടാവുന്ന മരണങ്ങളെ എങ്ങനെ ചെറുക്കാം ?
പല തരത്തിലുള്ള കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍, റൂമുകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഉണ്ടോ എന്ന് ഫോണ്‍ ചെയ്തോ, ഇമെയില്‍ അയച്ചോ ചോദിക്കാം. ഉണ്ടെങ്കില്‍ അവയുടെ ബ്രാന്‍ഡ്, ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും കൂടി അന്വേഷിക്കാം. നിങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ ആണെങ്കില്‍ എല്ലാ ഗസ്റ്റ് റൂമുകളിലും കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഫിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.