HEALTH

ഹെര്‍ണിയ വരാനുള്ള കാരണങ്ങള്‍ എന്തെല്ലാം

സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ കാണപ്പെടുന്ന രോഗമാണ് ഹെര്‍ണിയ (കുടലിറക്കം). ശരീരത്തിന്റെ വിവിധ അവയവങ്ങളെ പുറത്തേക്ക് തള്ളി വരുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തുന്നത് അതിനെ ആവരണം ചെയ്തിരിക്കുന്ന പേശികള്‍ കൊണ്ടുള്ള ഭിത്തികളാണ്. ഈ പേശികളില്‍ സംഭവിക്കുന്ന ബലക്കുറവുകള്‍ കാരണം ഉണ്ടാകുന്ന വിടവുകളിലൂടെ ശരീരത്തിന്റെ ആന്തരിക അവയവങ്ങള്‍ പുറത്തേക്ക് തള്ളി വരുന്നതിനെയാണ് ഹെര്‍ണിയ എന്ന് പറയുന്നത്. സാധാരണയായി ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ചെറുകുടല്‍ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ്. ഇത് കൊണ്ടു തന്നെയാണ് ഹെര്‍ണിയയെ കുടലിറക്കം എന്നു വിശേഷിപ്പിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതലായി കാണുന്നത് വയറിന്റെ ഏറ്റവും അടിഭാഗത്ത് ഒടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്ത് കാണപ്പെടുന്ന ഹെര്‍ണിയകളാണ്. അമിതവണ്ണം, പുകവലി, വിട്ടു മാറാത്ത ചുമ, മലബന്ധം, മൂത്രതടസ്സം തുടങ്ങിയ കാര്യങ്ങള്‍ വയറിന്റെ അകത്തെ മര്‍ദ്ദം അമിതമായ രീതിയില്‍ കൂട്ടി ഹെര്‍ണിയക്ക് കാരണമാകുന്നു.
ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ കാണപ്പെടുന്ന മുഴ രോഗി വിശ്രമിക്കുമ്പോള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നു. എഴുന്നേറ്റ് നില്‍ക്കുകയോ ഭാരം വഹിക്കുകയോ ചെയ്യുമ്പോള്‍ ഈ മുഴകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. സാധാരണ നിലയില്‍ ഈ മുഴകള്‍ക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകാറില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അസഹനീയമായ വേദനയും, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളും കാണിക്കാം. വളരെക്കാലം വേദനയില്ലാതിരിക്കുന്ന മുഴകളിലേക്ക് പെട്ടെന്ന് തടസ്സമുണ്ടാകുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇത് രോഗം കൂടിയ അവസ്ഥയിലാണ് ഉണ്ടാകുക. ലോകത്തെല്ലായിടത്തും ഇതിന് ചികിത്സ നടത്തുന്നത് ഓപ്പറേഷനിലൂടെയാണ്. മരുന്ന് ചികിത്സ ഇതു വരെ ലഭ്യമല്ല. ബെല്‍റ്റ് പോലുള്ള താത്കാലിക മാര്‍ഗങ്ങളിലൂടെ ഹെര്‍ണിയ കൂടുതലാകുന്നത് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെങ്കിലും കൃത്യമായ പരിഹാരം ഓപ്പറേഷന്‍ മാത്രമാണ്. ആദ്യകാലങ്ങളില്‍ ബലക്കുറവുള്ള മസിലിന് സ്റ്റിച്ചിട്ട് ബലപ്പെടുത്തുന്ന ഓപ്പറേഷനാണ് ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗിക്ക് കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടി വരുന്നു. വീട്ടില്‍ ചെന്ന് ഒരുപാടു കാലം വിശ്രമിക്കേണ്ടതായും വരും. മസില്‍ സാധാരണയില്‍ കൂടുതലായി ബലപ്പെടുത്താന്‍ സ്റ്റിച്ച് ഇടുന്നത് കഠിനമായ വേദനയുണ്ടാക്കുന്നതാണ് ഇതിന് കാരണം. മത്രമല്ല, മുറിവ് പഴുക്കാനും ഹെര്‍ണിയ വീണ്ടും വരാനുമുള്ള സാധ്യതയും ഉണ്ട്.
അതിനാല്‍, അടുത്ത കാലത്തായി ചില പ്രത്യേക രീതിയിലുള്ള സിന്തറ്റിക് മെറ്റീരിയല്‍ അതായത് മെഷ് എന്ന ഉപാധികള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ ചെയ്യുന്നത്. പോളിപ്രോപ്പിലിന്‍ എന്ന വസ്തു ഉപയോഗിച്ച് നെറ്റ് രൂപത്തില്‍ പല വലുപ്പത്തിലും ആകൃതിയിലും ഉണ്ടാക്കിയ മെഷ് എന്ന ഈ വസ്തു ബലക്കുറവുള്ള മസിലിനോട് ചേര്‍ത്തു തുന്നി മസിലിന് ബലം വരുത്തുന്നു. ഇതിനെ ഹെര്‍ണിയോപ്ലാസ്റ്റി എന്നാണ് വിളിക്കുന്നത്. ഹെര്‍ണിയോപ്ലാസ്റ്റി ചെയ്യുന്നവര്‍ക്ക് വേദന വളരെ കുറവായിരിക്കും, അതുകൊണ്ടു തന്നെ എളുപ്പത്തില്‍ ആശുപത്രി വിടാം. വിശ്രമം ആവശ്യമില്ലാത്തതിനാല്‍ ഭാരം എടുക്കുന്നതുള്‍പ്പെടെയുള്ള ജോലിയില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ല. ഇത്തരം മെഷ് വെച്ചുള്ള ശസ്ത്രക്രിയകള്‍ ഓപ്പണ്‍ സര്‍ജറിയായും, കീ ഹോള്‍ സര്‍ജറിയായും ചെയ്യാന്‍ സാധിക്കും. എല്ലാ തരത്തിലുമുള്ള ഹെര്‍ണിയയും താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി സുഖപ്പെടുത്താം. ഓപ്പണ്‍ സര്‍ജറിയുമായി താരതമ്യം ചെയ്യുമ്പോള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വേദന വളരെ കുറവായതിനാല്‍ ഒരു ദിവസം കൊണ്ടു തന്നെ ആശുപത്രി വിടാം. മാത്രമല്ല, ചുരുങ്ങിയ വിശ്രമകാലയളവ് മാത്രമേ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളൂ. അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാധാരണ ജീവിതരീതിയിലേക്ക് മാറുകയും ചെയ്യാം. താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്ക് മുറിവ് പഴുക്കാനുള്ള സാധ്യതയും വീണ്ടും ഹെര്‍ണിയ വരാനുള്ള സാധ്യതയും വളരെ കുറവാണ്.

Show More

Related Articles

Back to top button
Close