എനിക്ക് പറയാനുണ്ട്….

വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവരുടെ വിശേഷങ്ങള്‍ നാം എപ്പോഴും കേള്‍ക്കാറുള്ളതാണ്. ജീവിതം പലര്‍ക്കും പലതരത്തിലായിരിക്കും. കഴിവുകളെ അവര്‍ വിനിയോഗിക്കുന്നതും പലതരത്തില്‍. അവരില്‍ ചുരുക്കം പേര്‍ക്കുമാത്രമാവും വെള്ളിവെളിച്ചത്തിലേക്ക് പറന്നടുക്കാനാവുക. ചിറകുവിരിച്ചു പറന്നുയരാനായുന്ന ചില ശ്രമങ്ങളെ തുറന്നുകാട്ടുകയാണിവിടെ. വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്നവരാണ് ചിത്രകാര്‍. പ്രശസ്തരായവരേക്കാള്‍ അപ്രശസ്തരാണ് ഈ വിഭാഗത്തില്‍ അധികം. കോട്ടയത്തിന്റെ മണ്ണില്‍ വിരിഞ്ഞ അത്തരം ഒരു കലാകാരിയാണ് രമ്യ. ഐ ഐഎംസിയുടെ ദക്ഷിണമേഖലാ ക്യാമ്പസില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഈ കലാകാരിയുടെ വിശേഷങ്ങള്‍ ചോദിച്ചറിയാം.
ചിത്രരചനയോടുള്ള കമ്പം കുട്ടിക്കാലം മുതലുണ്ടോ? ആരായിരുന്നു വീട്ടില്‍ ഏറ്റവമധികം പിന്തുണ നല്‍കിയിട്ടുള്ളത്?
ചെറുപ്പം മുതല്‍തന്നെ വരയ്ക്കാനിഷ്ടമായിരുന്നു. ഇതുവരെ ഒരു ഗുരുവിന്റെ ശിക്ഷണത്തില്‍ ചിത്രരചന പഠിച്ചിട്ടില്ല. അച്ഛനും നന്നായി വരയ്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നത് അച്ഛനാണ്. പല മത്സരങ്ങളിലും കുട്ടിക്കാലം മുതല്‍ പങ്കെടുക്കുമായിരുന്നു. പഠനത്തില്‍ നിന്ന് ശ്രദ്ധമാറാന്‍ തുടങ്ങയപ്പോള്‍ ഇടയ്‌ക്കൊരു ഇടവേളയെടുത്തെങ്കിലും ഇപ്പോള്‍ സജീവമാണ്.

ഇടവേളയ്ക്കുശേഷമുളള തിരിച്ചുവരവിനുള്ള പ്രചോദനം?
വിവാഹജീവിതം വേണ്ടപോലെ വിജയകരമായിരുന്നില്ല. അതുകൊണ്ടുതന്നെ എന്നോടുതന്നെയുള്ള ഒരു വെല്ലുവിളിയായാണ് ഇപ്പോള്‍ ഉള്ള ഈ കലാജീവിതം. കൂടാതെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തങ്കിലും എന്നില്‍ ഉണ്ടാകണമെന്നൊരു ചിന്തയും ഒരു പ്രചോദനം നല്‍കി.

ചിത്രരചന അല്ലാതെ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടോ?
തയ്യല്‍ ഇഷ്ടമായിരുന്നു. ഏതെങ്കിലും ഒരു മാതൃക കാണിച്ചാല്‍ അതുപോലെ തയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നീട് രണ്ടിടങ്ങളില്‍ പഠിക്കാനായി പോയി. കൂടെ ഫാഷന്‍ ഡിസൈനിങ്ങും. ഗവണ്‍മെന്റ് ജോലിയാണ് സ്വപ്നം. ഐഐഎംസിയിലെ ജോലിക്കൊപ്പം ആ സ്വപ്‌നം സത്യമാക്കാനുള്ള പഠനങ്ങളും നടത്തുന്നുണ്ട്. ഇതിനിടയില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ആദ്യം വ്യത്യസ്ത വിഷയങ്ങളില്‍ വ്‌ളോഗ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ആധ്യാത്മിക കാര്യങ്ങളെക്കുറിച്ചാണ് ചെയ്യാറ്. സ്വന്തമായൊരു തയ്യല്‍ കേന്ദ്രവും നടത്തുന്നുണ്ട്.
എല്ലാവരിലും എന്തെങ്കിലുമൊരു കഴിവ് ദൈവം ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും. അത്തരം കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നവര്‍ വളരെക്കുറവാണ്. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ കണ്ടെത്തി വികസിപ്പിച്ച് അതില്‍ ജീവിക്കും. അവരില്‍ത്തന്നെ ചുരുങ്ങിയ ശതമാനമേ വെള്ളിവെളിച്ചത്തിലേക്ക് കടക്കൂ. അല്ലാത്തവരും പുറത്തുണ്ട് രമ്യയെപ്പോലെ. ഭാവുകങ്ങള്‍ക്കപ്പുറം അവരെ മുന്നോട്ട് കൊണ്ടുവരികയും വളര്‍ത്തുകയുമാണ് വേണ്ടത്.
ഇത്തരത്തില്‍ നിങ്ങളിലും നിങ്ങള്‍ക്കിടയിലും വ്യത്യസ്തര്‍ ഉണ്ടാകാം. ഇത്തരം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്നവര്‍ വിഡിയോയും കുറിപ്പും ഞങ്ങള്‍ക്കയക്കുക.
അയക്കേണ്ട വിലാസം media@mangalam.in