Breaking NewsKERALANEWSTop News

ഹെൽമറ്റ് വേട്ടയുടെ പേരിൽ വൃക്ക രോ​ഗിയോടും പൊലീസിന്റെ ക്രൂരത; കുഴഞ്ഞ് വീഴുന്നത് വരെ നടുറോഡിൽ നിർത്തി

കായംകുളം: ഹെൽമറ്റ് വേട്ടയുടെ പേരിൽ വൃക്ക രോ​ഗിയായ യുവാവിനോട് പൊലീസിന്റെ ക്രൂരത. ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കായംകുളം സ്വദേശിയോടാണ് പൊലീസ് മനുഷ്യത്വമില്ലാതെ പെരുമാറിയത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയാണെന്നും ഹെൽമറ്റിന്റെ ഭാരം താങ്ങാനാകില്ലെന്നും യുവാവ് പറഞ്ഞിട്ടും വിട്ടയക്കാൻ പൊലീസ് തയ്യാറായില്ല. റോഡരുകിൽ പിടിച്ച് നിർത്തിയ യുവാവ് ബോധരഹിതനായതോടെയാണ് പൊലീസ് വിട്ടയക്കാൻ തയ്യാറായത്. പെരിങ്ങാല മഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫി (23)ക്കാണ് കായംകുളം പൊലീസിൽ നിന്നും മോശമായ അനുഭവം ഉണ്ടായത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പിക്കു റാഫി പരാതി നൽകി.

ഗുരുതരമായ വൃക്കരോഗമുള്ള റാഫി രണ്ട് വർഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്നു മാതാവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞതെന്നു റാഫി പറഞ്ഞു. ‘‘തീരെ അവശനായിരുന്നു. തലവേദനയും മറ്റു പ്രയാസങ്ങളുമുള്ളതിനാൽ വേഗം വീട്ടിലെത്താനായിരുന്നു ശ്രമം.

ഹെൽമറ്റ് ധരിക്കാത്തതിനാൽ പൊലീസ് തടഞ്ഞു. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെൽമറ്റിന്റെ ഭാരം താങ്ങാൻ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാൻ പറഞ്ഞ് ഒരു സിവിൽ പൊലീസ് ഓഫിസർ തട്ടിക്കയറി. എസ്ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാൽ മതിയെന്നും പറഞ്ഞു. എസ്ഐയോടും കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സിവിൽ പൊലീസ് ഓഫിസറുടെ പേരു ചോദിച്ചതും ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോൾ തന്നെ വഴിയിൽ മാറ്റി നിർത്തിയെന്നും അവശനായി ബോധംകെട്ടു വീഴുകയായിരുന്നെന്നും റാഫി പറയുന്നു. മാതാവ് റൈഹാനത്തും പൊലീസിനോട് കാര്യം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം.

കെഎസ്‌യു നേതാവായിരുന്ന റാഫി വൃക്ക തകരാറിനു ചികിത്സിക്കാൻ കഷ്ടപ്പെട്ടപ്പോൾ ധനസഹായവാഗ്ദാനവുമായി എസ്എഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങിയതു വാർത്തയായിരുന്നു. വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ദാതാവ് അപകടത്തിൽ പെട്ടതോടെ നടപടി നീണ്ടു.

ഹെൽമറ്റും മാസ്കുമില്ലാതെ എത്തിയതിനാണു തടഞ്ഞതെന്നും രോഗവിവരം പറഞ്ഞപ്പോൾ പോകാൻ അനുവദിച്ചെങ്കിലും റാഫി അവിടെത്തന്നെ ഇരിക്കുകയായിരുന്നെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും ഡിവൈഎസ്പി പറഞ്ഞു. പരിചയമുള്ള ആരോ എത്തി റാഫിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയെന്നും കുഴഞ്ഞു വീഴുകയോ ഛർദിക്കുകയോ ചെയ്തില്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം.

റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം

കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..

ഇന്ന് ഞാൻ. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോൾ തന്നേ… തീരെ അവശനായിരുന്നു.
തലവേദനയും.. ഒക്കെ കൊണ്ടു. എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്‌കൂട്ടർ എടുത്തു.. വീട്ടിലേക്ക് പോയ വഴിയിൽ. ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ബോയ്‌സ് സ്‌കൂളിന്റെ ഫ്രണ്ടിൽ ഉള്ള റോഡിൽ മറഞ്ഞു നിന്നുള്ള പോലീസ് ചെങ്കിങ്.. ഉണ്ടായിരുന്നു..

ഹെൽമെറ്റ് ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു. നിർത്തിച്ചു.. അത് അവരുടെ ജോലിയാണ്.. സമ്മതിക്കാം

അപ്പോൾ തന്നെ ഞാൻ. അവരോട് പറഞ്ഞു സാറെ ഞാൻ. ഡയാലിസിസ് കഴിഞ്ഞു. വരികയാണ്..എനിക്ക് ഇപ്പോൾ ഹെൽമെറ്റ് വെക്കാൻ പറ്റില്ല. ഹെൽമെറ്റിന്റെ വെയ്റ്റ് എനിക്ക്. താങ്ങാൻ പറ്റില്ല എന്നൊക്കെ.

അപ്പോൾ ഒരു. കോൺസ്റ്റബിൾ.. എനിക്ക് നേരെ. ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കി.വെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു…

നീ. സാറിനെ.. പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാൽ മതിയെന്ന്.. പറഞ്ഞു

ഞാൻ. Si. സാറിനോട്.. പോയി കാര്യം പറഞ്ഞു..
സർ ഞാൻ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ നിൽക്കാൻ പോലും വയ്യ എന്നൊക്കെ. പറഞ്ഞു..

ഇവർ ആരും എന്നെ വിടാൻ. സമ്മതിക്കുന്നില്ല..

ഞാൻ. ആ സാറിനോട്.. കോൺസ്റ്റബിളിന്റെ പേര് എന്താണ് എന്ന്. ചോദിച്ചു..
അവർക്ക് അത് ഇഷ്ട്ടപെട്ടില്ല…

എന്നെ. അവിടെ പിടിച്ചു നിർത്തി…
അപ്പോഴേക്കും ഞാൻ ശരീരം കൊഴിഞ്ഞു. താഴെ വീണു…
അടിവയറിൽ വേദന.. വന്നപ്പോൾ. തീരെ പിടിച്ചു നിൽക്കാൻ പറ്റാതായി..

വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണിൽ കിടന്ന്. ഇഴഞ്ഞിട്ട് പോലും അവിടുള്ള. ഒരു പോലീസുകാരൻ. പോലും. തിരിഞ്ഞു. നോക്കിയില്ല..അത് വഴി വന്ന എന്നെ. അറിയുന്ന രണ്ട് പിള്ളേർ.. ഞാൻ. അവരെ കണ്ടില്ല. അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു…

അവിടെ നിന്ന പല പോലീസ്‌കാർക്കും എന്നെ അറിയുന്നതാണ് എന്നിട്ടും പോലും ഒരു. മര്യാദ എന്നോട് അവര് കാണിച്ചില്ല

ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ. പോലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട്..
കായംകുളം സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി കൊടുക്കാൻ. തീരുമാനിച്ചു..

കായംകുളത്തെ പോലീസുകാരുടെ പ്രവർത്തികൾ ഇത് ആദ്യമായിട്ട് ഒന്നുമല്ല.

ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കിൽ Sp ക്കും.
മനുഷ്യവകാശ. കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close