KERALANEWS

ഹൈക്കോടതി വിധിയില്‍ നടപടി, മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു


കൊച്ചി: പുരോഹിതന്മാരുടെയും വിശ്വാസികളുടെയും പ്രതിഷേധം മറികടന്നാണ് പോലീസ്നടപടി. രാവിലെ അഞ്ച് മണിയോടെയാണ് പള്ളി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചത്. വിശ്വാസികളും പുരോഹിതന്മാരും എതിര്‍പ്പുമായി എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധിച്ച വിശ്വസികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പള്ളി ഏറ്റെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നല്‍കിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി.മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി വിട്ടു നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി വിശ്വാസികള്‍ പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് പ്രാര്‍ത്ഥനയും പ്രതിഷേധവുമായി കഴിയുകയായിരുന്നു. പുലര്‍ച്ചയോടെ പോലീസെത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് താഴ് അറുത്തുമാറ്റി അകത്ത് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ മെത്രാപ്പോലിത്തമാരുടെ നേതൃത്വത്തില്‍ ഇവിടെ തമ്പടിച്ചിരുന്ന വിശ്വാസികള്‍ വലിയ പ്രതിഷേധം തീര്‍ക്കുകയായിരുന്നു. യാക്കോബായ വിഭാഗം കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്തുണ്ടായിരുന്ന മൂന്നു മെത്രാപ്പോലീത്തമാരുമായും പുരോഹിതന്മാരുമായും പോലീസ് ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് വിശ്വാസികളെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ഗുരുതരംസബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന്റെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കല്‍ നടപടി. വിശ്വാസികള്‍ എതിര്‍പ്പുമായി പള്ളിക്ക് ചുറ്റും സംരക്ഷണ കവചം തീര്‍ത്തതോടെ പോലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു. മെത്രാപ്പോലീത്തമാരെയും പുരോഹിതന്മാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു നീക്കി. ഹൃദ്യോഗിയായ മെത്രാപ്പോലീത്ത മാര്‍ പോളികാര്‍പോസിന് മര്‍ദ്ദനം ഏറ്റതായി വിശ്വാസികള്‍ ആരോപിച്ചു. പുരോഹിതരെയും വിശ്വാസികളെയും പൊലീസ് മര്‍ദ്ദിച്ചതായി ഇവര്‍ ആരോപിച്ചു. പള്ളിയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ രാവിലെ പത്ത് മണി വരെ സമയം ചോദിച്ചിട്ടും നല്‍കിയില്ലെന്നും ഇരുട്ടിന്റെമറവില്‍ നരനായാട്ട് നടത്തിയെന്നും മെത്രാപ്പോലീത്തമാര്‍ ആരോപിച്ചു.എന്നാല്‍ കോടതിയില്‍ ഇന്ന് ആദ്യ കേസായി പരിഗണിക്കേണ്ടതിനാല്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. പുരോഹിതന്മാരുമായി നേരത്തെയും നിരവധി തവണ ഇക്കാര്യം അറിയിച്ചിരുന്നതാണ്. പള്ളി എറ്റെടുത്തതായും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കാനാവില്ലെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്ത് തിങ്കളാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Tags
Show More

Related Articles

Back to top button
Close