ദുബായ്:സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. 20 റണ്‍സിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്‌പ്പെടുത്തിയത്. 168 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 57 റണ്‍സെടുത്ത കെയിന്‍ വില്ല്യംസണ്‍ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്‌സ്മാനും അദ്ദേഹത്തിനു പിന്തുണ നല്‍കിയില്ല. അവസാന ഓവറുകളില്‍ റാഷിദ് ഖാന്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിന്‍ ബ്രാവോയും കരണ്‍ ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തില്‍ പോലും സണ്‍റൈസേഴ്‌സിന് മേല്‍ക്കൈ ലഭിച്ചതേയില്ല. നാലാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണര്‍ (9) സാം കറന്റെ പന്തില്‍ കറനു തന്നെ പിടിനല്‍കി മടങ്ങി. ബൗണ്ടറിയടിച്ച് തുടങ്ങിയ മനീഷ് പാണ്ഡെ (4) റണ്ണൗട്ടായി. മൂന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോ-കെയിന്‍ വില്ല്യംസണ്‍ സഖ്യം 32 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ബെയര്‍സ്റ്റോയെ (23) ക്ലീന്‍ ബൗള്‍ഡാക്കിയ ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റില്‍ വില്ല്യംസണും പ്രിയം ഗാര്‍ഗും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതിഗംഭീരമായി പന്തെറിഞ്ഞ ചെന്നൈ ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. 15ആം ഓവറില്‍ ഗാര്‍ഗ് (16) മടങ്ങി. യുവതാരത്തെ കരണ്‍ ശര്‍മ്മയുടെ പന്തില്‍ ജഡേജ പിടികൂടുകയായിരുന്നു.
വിജയ് ശങ്കര്‍ (12) ബ്രാവോയുടെ പന്തില്‍ ജഡേജയുടെ കൈകളില്‍ അവസാനിച്ചു. ഇതിനിടെ 36 പന്തുകളില്‍ വില്ല്യംസണ്‍ ഫിഫ്റ്റി തികച്ചു. മറുപുറത്ത് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്ന വില്ല്യംസണ്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കരണ്‍ ശര്‍മ്മയുടെ പന്തില്‍ ശര്‍ദ്ദുല്‍ താക്കൂര്‍ പിടിച്ച് പുറത്താകുമ്പോള്‍ 39 പന്തുകളില്‍ 57 റണ്‍സായിരുന്നു വില്ല്യംസണിന്റെ സമ്പാദ്യം. വില്ല്യംസണിന്റെ പുറത്താവലിനു ശേഷം റാഷിദ് ഖാനും ഷഹബാസ് നദീമും ചേര്‍ന്ന് ചില കൂറ്റന്‍ ഷോട്ടുകള്‍ ഉതിര്‍ത്ത് സണ്‍റൈസേഴ്‌സിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ശര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ റാഷിദ് ഖാന്‍ (14) ഹിറ്റ്വിക്കറ്റായതോടെ ഹൈദരാബാദ് പൂര്‍ണമായും പ്രതീക്ഷ കൈവിട്ടു. അവസാന ഓവറില്‍ ഷഹബാസ് നദീമിനെ (5) ബ്രാവോ സ്വന്തം ബൗളിംഗില്‍ പിടികൂടി.