ഹൈദരാബാദിനെതിരെ രാജസ്ഥാന് അഞ്ച് വിക്കറ്റ് വിജയം

ദുബായ്:അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിയാന്‍ പരാഗിന്റെയും രാഹുല്‍ തെവാട്ടിയയുടെയും മികവില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് 5 വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് രാജസ്ഥാന് മറികടന്നത്.
താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിന് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ആദ്യ നാല് ഓവറുകള്‍ക്കുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. പിന്നീട് ഉത്തപ്പയും സഞ്ജു സാംസണും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും റാഷിദ് ഖാന്റെ പന്തില്‍ ഉത്തപ്പ എല്‍.ബി ആയി പുറത്തു പോയി. അധികം വൈകാതെ തന്നെ സഞ്ജുവും റാഷിദ് ഖാന്റെ പന്തില്‍ കൂടാരം കയറി.
പിന്നീട് ഒത്തുചേര്‍ന്ന റിയാന്‍ പരാഗും തെവാട്ടിയയും ചേര്‍ന്ന് അവസാന ഓവറില്‍ ആഞ്ഞടിച്ചാണ് രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ചു കേറ്റിയത്. തെവാട്ടിയ 28 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ പരാഗ് 26 പന്തില്‍ നിന്നായി 42 റണ്‍സ് നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട ടോട്ടലില്‍ എത്തിച്ചത്.
രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദും റാഷിദ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.