KERALANEWSTop News

ഹൈമനോപ്ലാസ്റ്റി സര്‍ജറി, നാര്‍ക്കോ അനാലിസിസ്… അഭയ കേസില്‍ നേരറിയാന്‍ സിബിഐ സ്വീകരിച്ച വഴികള്‍ അറിയാം


കോട്ടയം: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത വഴികളിലൂടെയാണ് സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസന്വഷണം നീങ്ങിയത്. അതില്‍ കന്യകയെന്ന് സ്ഥാപിക്കാന്‍ അഭയ കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയെന്ന കണ്ടെത്തല്‍ സിബിഐ അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

2008ല്‍ അറസ്റ്റിലായ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് സെഫി ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയതായി പൊലീസ് സര്‍ജന്‍ ഡോ. ലളിതാംബിക കരുണാകരന്‍ കണ്ടെത്തിയത്. സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ചാല്‍ പ്രോസിക്യൂഷന്‍ ആരോപണം മറികടക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രീയ നടത്തിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയ കോടതി 29-ാം സാക്ഷിയായാണ് ഡോക്ടറെ കേസില്‍ ഉള്‍പ്പെടുത്തിയത്.

ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂര്‍, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫാ. ജോസ് പുതൃക്കയില്‍ എന്നിവര്‍ക്ക് പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. ഇത് നേരിട്ട് കാണാന്‍ ഇടവന്നതാണ് സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിയതിലൂടെയും അഭയ കേസ് ശ്രദ്ധനേടി. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പ്രതികളുടെ നുണപരിശോധന നടത്തിയതിലൂടെയും അഭയ കേസ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 2007ലാണ് പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്.

എന്നാല്‍, സിബിഐ നടത്തിയ തെളിവ് ശേഖരണത്തിനെതിരെ പ്രതികള്‍ കോടതിയെ സമീപിച്ചു. നിര്‍ബന്ധിത തെളിവ് ശേഖരണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം തടഞ്ഞു. ഡോ. എന്‍ കൃഷ്ണവേണി, ഡോ പ്രവീണ്‍ പര്‍വ്വതപ്പ എന്നിവരുടെ വിസ്താരമാണ് കോടതി തടഞ്ഞത്. എന്നാല്‍, വസ്തുതകള്‍ കണ്ടെത്താന്‍ മാത്രമാണ് പരിശോധന നടത്തിയതെന്നായിരുന്നു സിബിഐ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close