KERALANEWSTop News

​ഗണേഷ് കുമാറിനും ആന്റണി രാജുവിനും മന്ത്രിപദം ലഭിക്കും; അഞ്ചാമൂഴത്തിലും ഇടതുമുന്നണിയിൽ പരി​ഗണന ലഭിക്കാതെ കോവൂർ കുഞ്ഞുമോൻ; കേരള കോൺ​ഗ്രസ് ബിക്കും ജനാധിപത്യ കേരള കോൺ​ഗ്രസിനും തുണയാകുന്നത് സമുദായ പിന്തുണ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ കേരള കോൺ​ഗ്രസ് ബി നേതാവ് കെ ബി ​ഗണേഷ് കുമാറും ജനാധിപത്യ കേരള കോൺ​ഗ്രസ് നേതാവ് ആന്റണി രാജുവും മന്ത്രിമാരാകുമെന്ന് സൂചന. ഇടതു മുന്നണിയുമായി ഇടഞ്ഞ് നിൽക്കുന്ന എൻഎസ്എസിനെയും ലത്തീൻ കത്തോലിക്കാ സഭയേയും ഇതോടെ അനുനയിപ്പിക്കാനാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ഇടത് മുന്നണിയിലെ ഏകാം​ഗ എംഎൽഎമാരുള്ള ആറ് കക്ഷികളിൽ ഇവർക്ക് രണ്ടുപേർക്കും മാത്രമാകും മന്ത്രിപദവി ലഭിക്കുക.

എൻ.എസ്.എസും എൽ.ഡി.എഫും തമ്മിൽ അകന്നുനിൽക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയുടെ പാതയിൽ ഗണേഷ് കുമാറും എൻ.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേഷിനെ മന്ത്രിയാക്കുന്നത് എൻ.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തൽ. ആഴക്കടൽ മീൻപിടിത്ത കരാർ പ്രതിപക്ഷം വലിയ ആരോപണമായി ഉയർത്തിയെങ്കിലും ലത്തീൻ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാൻ കാരണമാകുന്നു. ഇതുവഴി ലത്തീൻ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും. അതേസമയം, നിയമസഭയിൽ അഞ്ചാം തവണയും എത്തുന്ന കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന് ഇക്കുറിയും മന്ത്രിപദം ലഭിക്കില്ല. കുഞ്ഞുമോന്റെ പാർട്ടിയായ ആർ‌എസ്പി എൽ ഇടതുമുന്നണിയിലെ ഘടക കക്ഷി അല്ല എന്ന ന്യായമാണ് സിപിഎം ഉയർത്തുന്നത്.

21 അംഗ മന്ത്രിസഭയായിരിക്കും അധികാരമേൽക്കുക. സി.പി.എം.-12, സി.പി.ഐ.- 4, കേരള കോൺഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എൻ.സി.പി.-1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന. സ്പീക്കർ സി.പി.എം. അംഗം തന്നെയാകും. ഡെപ്യൂട്ടി സ്പീക്കർ സി.പി.ഐ.ക്കു തന്നെയെന്നാണു സൂചന. കഴിഞ്ഞ സർക്കാരിന്റെ ഇടക്കാലത്ത് സി.പി.എമ്മിന് 13-ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സി.പി.ഐ.ക്ക് ചീഫ് വിപ്പ് നൽകിയത്. ഇപ്രാവശ്യം ചീഫ് വിപ്പ് കേരള കോൺഗ്രസിനായിരിക്കും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചേരുന്ന എൽ.ഡി.എഫ്. യോഗത്തിനുമുമ്പ് ഘടകകക്ഷികളെ വീണ്ടും ബന്ധപ്പെടാമെന്നാണ് സി.പി.എം. നേതൃത്വം അറിയിച്ചിരിക്കുന്നത്.

കേരളാ കോൺഗ്രസ്(എം)നു രണ്ടു മന്ത്രി പദവികൾ ലഭിച്ചില്ലെങ്കിൽ അധികമായി രണ്ടു കാബിനറ്റ് പദവികൾ കൂടി ലഭിച്ചേക്കുമെന്നു സൂചന. ചീഫ് വിപ്പ് പദവിക്കു പുറമേ കാബിനറ്റ് റാങ്കോടുകൂടി മുന്നോക്ക വിഭാഗ വികസന കോർപ്പറേഷനോ, തത്തുല്യമായ മറ്റേതെങ്കിലും കോർപ്പറേഷൻ ജോസ് കെ.മാണിക്കായി നൽകി കേരളാ കോൺഗ്രസിനെ തൃപ്തിപെടുത്താനാണ് സിപിഎം നീക്കം. ഒരു തരത്തിലും രണ്ടാം മന്ത്രി സ്ഥാനം ലഭിച്ചില്ലായെങ്കിൽ ഈ ഫോർമുല കേരളാ കോൺഗ്രസ് അംഗീകരിച്ചേക്കുമെന്നാണ് സൂചന.

അതേ സമയം അഞ്ചോ അതിലധികമോ എം.എൽ.എ മാർ ഉണ്ടാകുന്ന പക്ഷം രണ്ടു മന്ത്രി സ്ഥാനം നൽകാമെന്നായിരുന്നു മുന്നണി പ്രവേശ സമയത്ത് സിപിഎം കേരളാ കോൺഗ്രസിനു നൽകിയ വാഗ്ദാനം. പാർട്ടി ശക്തി കേന്ദ്രമായ കോട്ടയത്തു നിന്നും മന്ത്രി വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. എൻ.ജയരാജിനെ കൂടി മന്ത്രിയാക്കണമെന്ന ആവശ്യം ഉഭയകക്ഷി യോഗത്തിൽ കേരളാകോൺഗ്രസ് ആവശ്യപെട്ടു. അതേ സമയം വകുപ്പുകളെ സംബന്ധിച്ച് പൂർണമായ ധാരണ ഇടതു മുന്നണിയിലായിട്ടില്ല. കേരളാ കോൺഗ്രസിനു താൽപര്യമുള്ള റവന്യു, ഭക്ഷ്യ-സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകൾ സിപിഐയാണ് ഇടതുമുന്നണിയിൽ കാലങ്ങളായി കൈവശം വച്ചുപോരുന്നത്. ഈ മൂന്നു വകുപ്പുകളും വിട്ടു നൽകാനും സിപിഐ ഒരുക്കമല്ല.

സിപിഎം സമ്മർദ്ദം ശക്തമാക്കിയാൽ കൃഷി വകുപ്പ് സിപിഐ വിട്ടു നൽകാൻ തയ്യാറായേക്കും. അതോടൊപ്പം ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ജലസേചനം തുടങ്ങിയ വകുപ്പുകളും കേരളാ കോൺഗ്രസിനു ലഭിച്ചേക്കും. പൊതുമരാമത്ത് സിപിഎം വിട്ടു നൽകാൻ തയ്യാറാണെങ്കിലും കേരളാകോൺഗ്രസിനുള്ളിൽ പൊതുമരാമത്ത് അത്ര സ്വീകാര്യമല്ല. സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. അതിനുശേഷം രാജ്ഭവനിൽ പുതിയ മന്ത്രിമാർക്ക് ഗവർണറുടെ സത്കാരമുണ്ടാകും. സത്കാരത്തിനുള്ള വേദിയായി രാജ്ഭവനിൽ പന്തലിടാൻ തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close