INDIANEWS

രാജ്യത്ത്‌ 2020ല്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത്‌ 1.2 ലക്ഷം ജീവനുകള്‍, പ്രതിദിനം മരിച്ചത്‌ 328 പേര്‍


ന്യൂഡല്‍ഹി: രാജ്യത്ത്‌ അസ്വഭാവിക മരണങ്ങളുടെ കാരണങ്ങളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ അശ്രദ്ധമൂലം സംഭവിക്കുന്ന റോഡപകടങ്ങളെന്ന്‌ റിപ്പോര്‍ട്ട്‌. റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ്‌ 19 മഹാമാരി മൂലം രാജ്യം മുഴുവനും അടഞ്ഞ്‌ കിടന്നപ്പോഴും റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണത്തിന്‌ തെല്ലും കുറവുണ്ടായില്ല. അശ്രദ്ധ മൂലം 2020ല്‍ രാജ്യത്തെ റോഡുകളില്‍ നഷ്ടമായത്‌ 1.2 ലക്ഷം ജീവനുകളാണ്‌. അതായത്‌ ശരാശരി 328 ജീവനുകള്‍ പ്രതിദിനം ഇന്ത്യന്‍ റോഡുകളില്‍ നഷ്ടമായി എന്ന്‌ സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

2020ലെ 1.20 ലക്ഷം എന്നത്‌ തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ തെല്ല്‌കുറവാണ്‌.1.36 ലക്ഷം ജീവനുകളാണ്‌ മഹാമാരിക്ക്‌ മുമ്പത്തെ കൊല്ലം രാജ്യത്തെ റോഡുകളില്‍ പൊലിഞ്ഞത്‌. എങ്കിലും 1.20 ലക്ഷം എന്ന സംഖ്യ നമുക്ക്‌ ഒരു മുന്നറിയിപ്പാണ്‌. കോവിഡ്‌ മൂലം രാജ്യമെമ്പാടും അടഞ്ഞ്‌ കിടന്നപ്പോഴുണ്ടായ മരണങ്ങളാണ്‌ ഇവ. മാര്‍ച്ച്‌ 25 മുതല്‍ മെയ്‌ 31 വരെ രാജ്യം പൂര്‍ണമായും അടഞ്ഞ്‌ തന്നെ കിടക്കുകയായിരുന്നു.ഈ ഘട്ടത്തില്‍ പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ എത്തിയിരുന്നേ ഇല്ല.

കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ രാജ്യത്തെ റോഡുകളില്‍ നഷ്ടമായത്‌ 3.92 ലക്ഷം ജീവനുകളാണ്‌. 2020ല്‍ 1.20 ലക്ഷവും, 2019ല്‍ 1.36 ലക്ഷവും 2018ല്‍ 1.35 ലക്ഷവും ജീവനുകള്‍ റോഡില്‍ നഷ്ടമായെന്ന്‌ ദേശീയക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

2018മുതല്‍ ഇടിച്ച്‌ വീഴ്‌ത്തിയ ശേഷം നിര്‍ത്താതെ പോയവാഹനങ്ങളുടെ എണ്ണം 1.35 ലക്ഷമാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലുള്ള എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 2020ല്‍ മാത്രം ഇത്തരം 41,196 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.2019ല്‍ ഇത്‌ 47,504ഉം2018ല്‍ 47,028ഉം ആണ്‌. കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി 112 ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 2020ല്‍ 1.30 ലക്ഷമാണ്‌.

രാജ്യമെമ്പാടുമായി അശ്രദ്ധമൂലമുണ്ടായ ട്രെയിന്‍ അപകടങ്ങളില്‍ 52 ജീവനുകളാണ്‌ 2020ല്‍ നഷ്ടമായത്‌.2019ല്‍ ഇത്‌ 55ഉം 2018ല്‍ 35ഉം ആയിരുന്നു.

കോവിഡ്‌ മഹാമാരിയെക്കാള്‍ അപകടകരമാണ്‌ രാജ്യത്തെ റോഡപകടങ്ങളെന്ന്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌ക്കരി ചൂണ്ടിക്കാട്ടിയിരുന്നു.ഇത്തരം അപകടങ്ങളിലുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറയ്‌ക്കാനായാല്‍ ഒരാളിന്‌ 90 ലക്ഷം രൂപ എന്ന കണക്കില്‍ ലാഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത്‌ ഇന്ത്യയിലാണെന്ന്‌ ലോകബാങ്കിന്റെ ‘ട്രാഫിക്‌ ക്രാഷ്‌ ഇന്‍ജുറീസ്‌ ആന്‍ഡ്‌ ഡിസബിലിറ്റീസ്‌ – ബര്‍ഡന്‍ ഓണ്‍ ഇന്ത്യാ സൊസൈറ്റി’ എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം രാജ്യത്തുണ്ടാകുന്ന നാലരലക്ഷം റോഡപകടങ്ങളിലായി ഏതാണ്ട്‌ നാലരലക്ഷത്തിലധികം പേര്‍ക്ക്‌ അംഗഭംഗമുണ്ടാകുകയും ഒന്നരലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്നതായി ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മൊത്ത ആഭ്യന്തരഉത്‌പാദനത്തിന്റെ 3.14 ശതമാനം റോഡപകടങ്ങളിലൂടെ നഷ്ടമാകുന്നുവെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close