10,000 രൂപയ്ക്ക് 5ജി ഫോണുകളായുമായി വാവെയ്

രാജ്യാന്തര വിപണിയില്‍ 150 ഡോളര്‍ (ഏകദേശം 10,000 രൂപ) വിലയുള്ള 5ജി സ്മാര്‍ട് ഫോണുകള്‍ 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ വാവെയുടെ പ്രഖ്യാപനം. വാവെയുടെ 5ജി പ്രൊഡക്റ്റ് ലൈനിന്റെ പ്രസിഡന്റ് യാങ് ചാവോബിന്‍ ആണ് ഇക്കാര്യം പറഞ്ഞത്.
വാവെയ് അതിന്റെ ഉപ ബ്രാന്‍ഡായ ഓണറിനൊപ്പം 2019 ല്‍ 5ജി സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ മേറ്റ് 30 (5ജി) സീരീസ്, മേറ്റ് 20 എക്സ് (5ജി), മേറ്റ് എക്സ് (5ജി), നോവ 6 (5ജി), ഓണര്‍ വി 30 സീരീസ് എന്നിവ ഉള്‍പ്പെടുന്നു. എന്‍ഡ്- ടു – എന്‍ഡ് 5ജി സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഡിസംബര്‍ വരെ 69 ലക്ഷം യൂണിറ്റ് 5ജി സ്മാര്‍ട് ഫോണുകള്‍ കയറ്റി അയച്ചതായും വാവെയ് അറിയിച്ചു.
കൂടാതെ, മിഡ് റേഞ്ച് സ്മാര്‍ട് ഫോണുകളില്‍ 20 ശതമാനവും 5ജിയെ പിന്തുണയ്ക്കുമെന്നാണ് ചൈനീസ് പ്രാദേശിക ഗവേഷണ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടത്. 50 ലക്ഷം 5ജി ശേഷിയുള്ള സ്മാര്‍ട് ഫോണുകള്‍ ഡിസംബറില്‍ മാത്രം വിറ്റു. 290 ഡോളറില്‍ താഴെ വിലയുള്ള സ്മാര്‍ട് ഫോണുകളില്‍ 20 ശതമാനത്തിലധികം ഈ വര്‍ഷം 5ജി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കമ്പനി വക്താവ് പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5ജി, എഐ, ഐഒടി എന്നിവയില്‍ 700 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഷഓമി സഹസ്ഥാപകന്‍ ലീ ജുന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം പത്തോളം 5ജി ഫോണുകള്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നുണ്ടെന്നും നേരത്തെ ലീ വെളിപ്പെടുത്തിയിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ച്സും ഈ വര്‍ഷം ആഗോളതലത്തില്‍ 20 കോടി 5ജി സ്മാര്‍ട് ഫോണുകള്‍ കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രവചിക്കുന്നത്. പുതിയ പ്രവചന മൂല്യം 2019 ലെ വില്പന കണക്കിനേക്കാള്‍ 20 മടങ്ങ് കൂടുതലാണ്. കണക്കനുസരിച്ച്, ഈ വര്‍ഷം ചൈനയില്‍ ഏകദേശം 10 ലക്ഷം പുതിയ 5ജി ബേസ് സ്റ്റേഷനുകള്‍ ഉണ്ടാകും. ഗോള്‍ഡ്മാന്‍ സാച്ച്സിന്റെ 6 ലക്ഷം എന്ന പ്രവചനത്തേക്കാള്‍ കൂടുതലാണിത്.