
ന്യൂഡൽഹി: രാജ്യത്ത് ആശങ്കയുയർത്തി കോവിഡ് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ ഡൽഹിയിൽ മാത്രം 461 പേർക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ ടിപിആർ നിരക്ക് 5.33 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് നാലിൽ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയർന്ന വർധവാണ്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നപ്പോൾ മരണസംഖ്യ 26,158 ആയി.
സ്കൂൾ കുട്ടികൾക്കിടയിലും വൈറസ് ബാധ കൂടുകയാണ്. പുതുതായി ചികിത്സ തേടിയവരിൽ 27 ശതമാനവും കുട്ടികളാണ്. സ്കൂളുകൾ പൂർണമായി തുറന്നുപ്രവർത്തിക്കുന്നതിനിടെയാണ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാഗമോ താൽക്കാലികമായി അടച്ചിടും. പ്രത്യേക സാഹചര്യമുണ്ടായാൽ മാത്രമെ സ്കൂളുകൾ പൂർണമായി അടച്ചിടുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഡൽഹിയിൽ ഹോം ഐസോലേഷനിൽ ഉള്ളവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഏപ്രിൽ 20ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം വിളിച്ചിട്ടുണ്ട്.