
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ തടയാനെത്തിയ പ്രതിഷേധക്കാരെ പോലീസുകാർ മർദ്ദിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കാണാം. ഭീഷണി എങ്കിൽ ഭീഷണി ആയി തന്നെ കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ കല്ലിടൽ തടയാനെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് മർദ്ദിച്ചത്. കോൺഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാൽ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കിൽ കാണാമെന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ ചവിട്ടാൻ കാലുയർത്തും മുമ്പ് മൂന്നു തവണ ആലോചിക്കണം. പൊലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. തന്റെ വാക്കുകൾ ഭീഷണിയായി വേണമെങ്കിൽ കാണാം. ഇത്തരം അതിക്രമം വെച്ചുവാഴിക്കില്ല. പൊലീസ് കാടൻ രീതിയിലാണോ സമരത്തെ നേരിടേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കെ റെയിൽ കല്ലിടലിനെ ശക്തമായി എതിർക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. എത്ര കല്ലിട്ടാലും പിഴുതെറിയും. കല്ല് പിഴുതെറിയൽ നിയമലംഘനമെങ്കിൽ ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. പദ്ധതിക്ക് വേണ്ടി ഭൂമി നഷ്ടമാകുന്നവർ മാത്രമല്ല, കേരളം മൊത്തത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ ഇരകളാണെന്ന് വി ഡി സതീശൻ പറഞ്ഞു.
കെ റെയിൽ കല്ലിടൽ തടയാനെത്തിയ നാട്ടുകാർക്ക് നേരേ പൊലീസിന്റെ നരനായാട്ടായിരുന്നു നടന്നത്. കണിയാപുരം കാരിച്ചാറയിലാണ് നാട്ടുകാർക്ക് നേരേ പൊലീസ് അതിക്രമം. നിരവധി നാട്ടുകാർക്ക് പരിക്കേറ്റു. ബൂട്ടിട്ട് നാട്ടുകാരെ പൊലീസ് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്ന് സർവെ നടപടികൾ നിർത്തിവെച്ചു. കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിച്ചതിന് പിന്നാലെയാണ് മംഗലപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിക്രമം അഴിച്ചുവിട്ടത്.
സംഘർഷത്തിൽ ഇടപെടാതെ മാറി നിന്ന ആളുകളെ പോലും പിടിച്ച് തള്ളിയ ശേഷം പൊലീസുകാരൻ ബൂട്ടിട്ട് ചവിട്ടുകയായിരുന്നു. ഒരു മാസത്തിന് ശേഷമാണ് സിൽവർ ലൈൻ സർവെ നടപടികൾ ആരംഭിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് കെ റെയിൽ കല്ലിടൽ നിർത്തി വെച്ചിരുന്നത്. കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. നാട്ടുകാർക്കൊപ്പം പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഉന്തിനും തളളിനും ഇടയിൽ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി. ഇതിൽ ഒരാൾ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സർവെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും മടങ്ങി.
അതേസമയം, സർവെക്കെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുക മാത്രമാണ് തങ്ങൾ ചെയ്തെന്നും നാട്ടുകാരെ ആക്രമിച്ചില്ലെന്നും മംഗലപുരം പൊലീസ് പറയുന്നു. നാട്ടുകാരെ ചവിട്ടിയത് മനപൂർവമല്ലെന്നും സംഘർഷത്തിനിടെ സംഭവിച്ചതാണെന്നുമാണ് പൊലീസ് ഭാഷ്യം.