KERALANEWSTop News

നിജിൽ ദാസിന് ഒളിച്ചുതാമസിക്കാൻ ഇടമൊരുക്കിയത് പ്രവാസിയുടെ ഭാര്യയായ അധ്യാപിക; കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞിട്ടും ആർഎസ്എസ് പ്രവർത്തകന് താമസിക്കാൻ സൗകര്യമൊരുക്കിയ യുവതി ഭക്ഷണമടക്കം പാകം ചെയ്ത് എത്തിച്ചതായും വിവരം; നാട്ടുകാർ പോലുമറിയാതെ അതീവരഹസ്യമായി പ്രതിയെ ഒളിപ്പിച്ച രേഷ്മയെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം

കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിച്ചുതാമസിക്കാൻ സൗകര്യമൊരുക്കിയ യുവതി അറസ്റ്റിൽ. പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയായ ഇവർ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും നിജിൽ ദാസിന് താമസിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു എന്നാണ് വിവരം.

അന്വേഷണ സംഘം വെള്ളിയാഴ്ച വൈകീട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജിൽദാസിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് പൊലീസിൽനിന്നുള്ള വിവരം. ഒളിച്ചുതാമസിക്കാൻ ഒരിടംവേണമെന്നുപറഞ്ഞ്‌ വിഷുവിന്‌ ശേഷമാണ്‌ പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്‌.

17 മുതൽ നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടിൽ വരുന്നത്‌ കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക്‌ നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്‌. ബസ്‌ സ്‌റ്റോപ്പിൽനിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത്‌ നിജിൽദാസ്‌ എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോൺ സംഭാഷണത്തിലെ വിവരങ്ങളും.

മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ഗൾഫിൽ ജോലിചെയ്യുന്ന അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ്‌ രേഷ്‌മ. അണ്ടലൂർ കാവിനടുത്ത വീട്ടിലാണ്‌ രേഷ്‌മയും മക്കളും താമസം. രണ്ടുവർഷം മുമ്പ്‌ കുടുംബം നിർമിച്ച രണ്ടാമത്തെ വീടാണ്‌ പിണറായി പാണ്ട്യാലമുക്കിലേത്‌. പ്രശാന്ത്‌ ഗൾഫിൽ പോകുംവരെ അണ്ടലൂരിലും പിണറായിയിലുമായാണ്‌ കുടുംബം താമസിച്ചത്‌. കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒളിപ്പിച്ചുതാമസിപ്പിച്ചത്‌ ഐ.പി.സി 212 വകുപ്പ്‌ പ്രകാരം അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ മുഖ്യപ്രതിയാണ് നിജിൽദാസ്. സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് ഒരു ഇല അനങ്ങിയാൽ പോലും തങ്ങൾ അറിയുമെന്ന് സിപിഎം അവകാശപ്പെടുന്ന പാർട്ടി ഗ്രാമത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലായത്. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ നിജിൽ ദാസ് ഇവിടെ ഒന്നര മാസത്തിലേറെ ഒളിച്ച് താമസിച്ചതിന്റെ ഞെട്ടലിലാണ് സിപിഎം.

മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വസതിയിൽ നിന്നും വെറും 200 മീറ്റർ ചുറ്റളവിലായിരുന്നു പ്രതിയുടെ ഒളിസങ്കേതം. ആള്താമസമില്ലാതിരുന്ന ഒരു വാടക വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഒളിവിൽ കഴിയുന്ന നിജിൻദാസിന് പുറമേ നിന്നും ചിലർ രഹസ്യമായി ഭക്ഷണവും മറ്റുമെത്തിച്ചിരുന്നതായി നേരത്തെ പൊലിസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്. ഇതോടെയാണ് പ്രതി പിടിയിലായത്.

ഇന്ന് പുലർച്ചെ മൂന്നരയോടെ വീടു വളഞ്ഞു പിടികൂടുകയായിരുന്നു. നിജിത് ദാസ് നേരത്തെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി തള്ളിയിരുന്നു. ഹരിദാസൻ വധക്കേസിൽ ബിജെപി-ആർഎസ്എസ് പ്രാദേശിക നേതാക്കളുൾപ്പെടെ 16 പേരാണ് പ്രതിപട്ടികയിലുള്ളത്. ഇതിൽ 13 പേർ നേരത്തെ റിമാൻഡിലായി. കേസിൽ മുഖ്യ പ്രതിയാണ് ഇപ്പോൾ കസ്റ്റഡിയിലായ നിജിൽദാസെന്നാണ് അന്വേഷണ സംലം നൽകുന്ന റിപ്പോർട്ട്. നേരത്തെ ഈ കേസിൽ പ്രതിയായ തലശേരി നഗരസഭാ കൗൺസിലർ കെ. ലിജേഷ് ഉൾപെടെയുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജി തലശേരി കോടതി തള്ളിയിരുന്നു.

ഫെബ്രുവരി 21ന് പുലർച്ചെയാണ് സിപിഎം പ്രവർത്തകനും ന്യൂമാഹി പുന്നോലിലെ മത്സ്യ തൊഴിലാളിയുമായ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വീട്ടുമുറ്റത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയവൈരാഗ്യത്താലാണ് ഹരിദാസനെ കാൽവെട്ടിമാറ്റി കൊന്നത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുടുംബത്തിന്റെ മുന്നിലിട്ടാണ് ആർഎസ്എസ്-ബിജെപി സംഘം വധിച്ചത്. കൊലപാതകത്തിനുപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകളോടെയാണ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തത്. ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷും മണ്ഡലം സെക്രട്ടറി മൾട്ടി പ്രജിയും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. അഡീഷനൽ എസ്‌പി പി പി സദാനന്ദൻ, എസിപി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close