Breaking NewsKERALANEWSTop News

പ്രായം പറഞ്ഞ് പാർട്ടി പിടിക്കാൻ നോക്കരുതെന്ന് വി എസ് സുനിൽകുമാർ; ഓരോരുത്തരും എങ്ങനെ മന്ത്രിയും എംഎൽഎയും ആയെന്ന് ഓർക്കണമെന്ന് കാനം; ഇസ്മയിലിനെയും ദിവാകരനെയും വെട്ടാനുള്ള കരുക്കൾ ഉറപ്പിച്ച് സംസ്ഥാന കൗൺസിലും; സമ്മേളനങ്ങളിലൂടെ ശക്തി തെളിയിക്കാനൊരുങ്ങി ഇസ്മയിൽ പക്ഷവും; സിപിഐയിൽ പോര് കനക്കുന്നു

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിർബന്ധമാക്കുന്നതിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ. സിപിഎമ്മിനെ കോപ്പിയടിക്കരുതെന്നാണ് സിപിഐ സംസ്ഥാന കൗൺസിലിലെ വിമർശനം. ഇത് വടക്കേ ഇന്ത്യ അല്ലെന്നും കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നുമാണ് നേതാക്കൾ പറയുന്നത്.

എന്നാൽ നേതാക്കളെ ചൊടിപ്പിക്കുന്നതിന് പിന്നിലെ കാരണം മുതിർന്ന നേതാക്കളെല്ലാം പുറത്താകുമെന്ന സാഹചര്യമാണ്. പ്രായപരിധി നടപ്പാക്കിയാൽ കെ.ഇ.ഇസ്മായിലും സി ദിവാകരനും സംസ്ഥാന നിർവാഹകസമിതിയിൽനിന്നു പുറത്താകും. ഏഴ് ജില്ലാ സെക്രട്ടറിമാർക്ക് മാറേണ്ടി വരും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പദവിയിൽനിന്ന് ഒഴിയേണ്ടി വരും.

ദേശീയ കൗൺസിലിന്റെ മാർഗ രേഖയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശനങ്ങളെ എല്ലാം നേരിടുന്നത്. പാർലമെന്ററി രംഗത്തുകൊണ്ടുവന്നതു പോലെയുള്ള മാറ്റങ്ങൾ സംഘടനാ തലത്തിലും വന്നാലേ സിപിഐക്ക് നിലനിൽപ്പുള്ളൂവെന്നും കാനം പറയുന്നു. എന്നാൽ സെക്രട്ടറിയുടെ മറുപടിയും യോഗത്തെ ശാന്തമാക്കിയില്ല. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഇതെന്നു പലരും ആരോപിച്ചു. ആദ്യം പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചു. ഇനി നടക്കാനിരിക്കുന്ന മണ്ഡലം സമ്മേളനങ്ങൾ തൊട്ടാണ് പ്രായപരിധി മാനദണ്ഡങ്ങൾ നടപ്പാക്കുന്നത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളാണു പൂർത്തിയായി വരുന്നത്.

മുൻ മന്ത്രി വി എസ്.സുനിൽകുമാർ ഉൾപ്പെടെയുള്ളവർ നിർദ്ദേശം അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ സുനിൽകുമാർ എങ്ങനെ എംഎൽഎയും മന്ത്രിയും ആയെന്ന കാര്യം ഓർമിക്കണമെന്നു കാനം പറഞ്ഞു. പല തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നു പാർട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനു മത്സരിക്കാൻ കഴിഞ്ഞത്. മന്ത്രിമാരായും പുതുമുഖങ്ങൾ മതിയെന്നു നിശ്ചയിച്ചതോടെയാണു മന്ത്രി ആയത്. സംഘടനയിൽ പുതുരക്തം വന്നാലേ പാർട്ടിക്ക് ഭാവിയുള്ളൂവെന്നു കാനം ചൂണ്ടിക്കാട്ടി. ദേശീയ കൗൺസിൽ ഏകകണ്ഠമായാണ് പുതിയ മാർഗരേഖ അംഗീകരിച്ചതെന്നും പറഞ്ഞു.

പുതിയ പ്രായപരിധി: ദേശീയ കൗൺസിൽ: 75, സംസ്ഥാന കൗൺസിൽ: 75, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി: 65 വയസ്സിനു താഴെയുള്ള ഒരാൾ, 50 വയസ്സിനു താഴെയുള്ള ഒരാൾ, ജില്ലാ, മണ്ഡലം സെക്രട്ടറിമാർ: 65, ജില്ലാ അസി.സെക്രട്ടറിമാർ: 60 വയസ്സിനു താഴെയുള്ള ഒരാൾ, 40 വയസ്സിനു താഴെയുള്ള ഒരാൾ.

കമ്മിറ്റി അംഗങ്ങൾ: പാർട്ടിയുടെ ഏതു ഘടകത്തിലും അംഗമായി 75 വയസ്സു വരെ തുടരാം. എന്നാൽ മണ്ഡലം തൊട്ട് സംസ്ഥാനം വരെ പുതിയ കമ്മിറ്റികൾ വരുമ്പോൾ അതിൽ പകുതി പേർ 40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം.

അതേസമയം വരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരെ ഒരാൾ പോലും മത്സര രം​ഗത്തുണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് കാനം രാജേന്ദ്രൻ. സംസ്ഥാന എക്സിക്യൂട്ടിവിൽ ഉൾപ്പെടെ 75 വയസ് കവിഞ്ഞവർ വേണ്ടെന്ന് ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗം തീരുമാനിച്ചതോടെ ഇക്കുറി കാനം രാജേന്ദ്രന് സംസ്ഥാന സമ്മേളനത്തിൽ അധികാര തുടർച്ച എന്നത് വളരെ ലളിതമാകും. കാനം വിരുദ്ധ ചേരിയുടെ പ്രമുഖരായ കെ ഇ ഇസ്മയിലും സി ദിവാകരനും 75 വയസ് പിന്നിട്ടവരാണ്. കാനം രാജേന്ദ്രനാകട്ടെ 71 വയസും. സി ദിവാകരന് 79 വയസായി. കെ ഇ ഇസ്മയിലിനാകട്ടെ, 80 വയസും. 75 വയസെന്ന പ്രായപരിധി നടപ്പിലാക്കിയതോടെ സമ്മേളനത്തിന് മുമ്പ് തന്നെ കാനം വിരുദ്ധ ചേരിയെ വെട്ടിനിരത്താൻ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് കഴിഞ്ഞു.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ശക്തമായിരുന്നു വിഭാ​ഗീയത എങ്കിൽ ഇക്കുറി ജില്ലാ സമ്മേളനങ്ങളോടെ തർക്കങ്ങൾ അവസാനിക്കും. കാനത്തിന് പകരം മറ്റൊരാളെ സംസ്ഥാന സെക്രട്ടറിയായി ഉയർത്തിക്കാട്ടാൻ കാനം പക്ഷത്തിനും ഇസ്മയിൽ പക്ഷത്തിനും ഇല്ല എന്നതാണ് വസ്തുത. അതേസമയം, വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ നിര ഇസ്മയിൽ പക്ഷത്തിന് സ്വന്തമാണ്. പി എസ് സുപാലും വി എസ് സുനിൽകുമാറുമടങ്ങുന്ന നിരയെ മുന്നിൽ നിർത്തി പാർട്ടി പിടിക്കാൻ ഇസ്മയിൽ പക്ഷത്തിന് ഇപ്പോഴും ശേഷിയുണ്ട്. എങ്കിലും പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും റവന്യു മന്ത്രിയായും രാജ്യസഭാം​ഗമായും തിളങ്ങിയ ഇസ്മയിലിന് സംസ്ഥാന സെക്രട്ടറി പദം ഇനി ആ​ഗ്രഹിക്കാൻ കഴിയാത്ത സാഹചര്യമാണ്. രണ്ടാം നിര നേതാക്കളെ വെച്ച് ഇസ്മയിൽ പക്ഷം പാർട്ടി പിടിച്ചാലും ഇസ്മയിലിനെയും സി ദിവാകരനെയും പാർട്ടി സെക്രട്ടറിയാക്കാതിരിക്കാൻ കഴിഞ്ഞു എന്ന് കാനത്തിനും ആശ്വസിക്കാം.

ശക്തമായ ജില്ലാ കമ്മിറ്റികളെല്ലാം ഇസ്മയിൽ പക്ഷത്ത് തന്നെയാണ് ഇപ്പോഴും. പാർട്ടിക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇസ്മയിൽ പക്ഷത്തിനാണ് മുൻതൂക്കം. ഇവിടുത്തെ ജനകീയരായ നേതാക്കളിൽ അധികവും ഇസ്മയിൽ പക്ഷത്തിനൊപ്പമാണ്. എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലാ കമ്മിറ്റികളിലും ഇസ്മയിൽ പക്ഷം തന്നെയാണ് ഭൂരിപക്ഷം. പക്ഷേ, പാർട്ടി കെട്ടുറപ്പിനെ ബാധിക്കുന്ന നിലയിലുള്ള ഒരു മത്സരത്തിലേക്ക് പോകാൻ ഇവർ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

നിലവിൽ കൊല്ലം ജില്ലയിലെ ലോക്കൽ സമ്മേളനങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ കാനം പക്ഷം ശ്രമിക്കുന്നുണ്ട്. എന്നാൽ, ജനകീയരായ നേതാക്കൾ ഇസ്മയിൽ പക്ഷത്തായതിനാൽ അത്തരം ഇടപെടലുകൽ ഫലം കാണാതെ പോകുകയാണ്. കഴിഞ്ഞ ദിവസം നടന്ന മൺട്രോതുരുത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാ​ഗീയത മൂത്ത് കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. കാനം പക്ഷക്കാരനായ മണ്ഡലം സെക്രട്ടറി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ ചില ഇടപെടലുകൾ നടത്തിയെങ്കിലും ലോക്കലിലെ പ്രവർത്തകർ അതിനെ ചെറുക്കുകയും മറ്റൊരാളെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുമായിരുന്നു.

തനിക്കൊപ്പം നിൽക്കുന്ന നേതാക്കൾ ജനകീയ പിന്തുണയുള്ളവരല്ലെന്ന് കാനത്തിനും ബോധ്യമുണ്ട്. സ്തുതിപാഠകരായ ഒരുപറ്റം ആളുകളാണ് കാനം പക്ഷം എന്നറിയപ്പെടുന്നത്. കെ രാജനും ചിഞ്ചുറാണിയും കാനം പക്ഷക്കാരാണെങ്കിലും അവർ മന്ത്രിമാരായതിനാൽ പാർട്ടി സംഘടനയിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. തൃശ്ശൂരിലെ പാർട്ടിയെ കെ രാജനിലൂടെ തനിക്കൊപ്പം നിർത്താൻ കഴിയുമെന്ന പ്രതീ​ക്ഷയിലാണ് കാനം.

അതേസമയം, നിലവിലെ സംവിധാനം ഇപ്പോൾ പൊളിച്ചെഴുതിയില്ലെങ്കിൽ സ്തുതിപാഠകരുടെയും പെട്ടിയെടുപ്പുകാരുടെയും പാർട്ടിയായി ഇത് അധപതിക്കുമെന്ന വികാരമാണ് ഇസ്മയിൽ പക്ഷത്തെ പല നേതാക്കളും പങ്കുവെക്കുന്നത്. ബഹുജന സംഘടനകളിൽ പോലും സംഘാടകരായ കേഡർമാർ കടന്നു വരുന്നില്ലെന്നും മറിച്ച്, കാനം രാജേന്ദ്രനെ പിന്തുണയ്ക്കുവന്നരെ പ്രമോട്ട് ചെയ്യുകയാണ് എന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം കൊല്ലം ജില്ലയിൽ ഒരു സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ പോലും കഴിയാത്ത വിധത്തിൽ സംഘടനാ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

എന്നാൽ, പ്രായപരിധി നിലവിൽ വന്നെങ്കിലും നിലവിലെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബുവിനും സത്യൻ മൊകേരിക്കും തുടരാനാകും. ഇതിൽ പ്രകാശ് ബാബു അടുത്തിടെ കാനവുമായി അകന്നിരുന്നു. കൊല്ലം ജില്ലയിലെ വിഭാ​ഗീയതക്ക് സംസ്ഥാന സെക്രട്ടറി തന്നെ നേതൃത്വം നൽകുന്നതായിരുന്നു പ്രകാശ് ബാബുവിനെ ചൊടിപ്പിച്ചത്. അതേസമയം, പാർട്ടിയിലെ തന്നെ ഏറ്റവും ജനകീയരായ പ്രകാശ് ബാബുവിനെയും വി എസ് സുനിൽ കുമാറിനെയും പി എസ് സുപാലിനെയും മുന്നിൽ നിർത്തി പാർട്ടി പിടിക്കാനാകും ഇസ്മയിൽ പക്ഷം ഇനി നീക്കം നടത്തുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close