
കാസർകോട്: ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ ചെറുവത്തൂരിലെ കട പൂട്ടിച്ചു. ചെറുവത്തൂർ പഞ്ചായത്ത് ഇടപെട്ടാണ് കട പൂട്ടിച്ചത്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ചെറുവത്തൂർ ബസ് സ്റ്റാഡിന് സമീപത്തുള്ള ഐഡിയൽ കൂൾ ബാറിൽ നിന്നാണ് വിദ്യാർത്ഥികൾ ഷവർമ വാങ്ങി കഴിച്ചത്.
ട്യൂഷൻ ക്ലാസ് കഴിഞ്ഞ് കുട്ടികൾ കൂട്ടത്തോടെ കൂൾബാറിലേക്ക് വരികയായിരുന്നു. വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണൂർ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സ്ഥാപനത്തിന് ലൈസൻസില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. ഷവർമയിൽ ഉപയോഗിച്ച ഇറച്ചി പഴക്കമുള്ളതാണോ എന്നറിയാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.