
ന്യൂഡൽഹി: പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക്ക് ബസ് പുറത്തിറക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ തന്നെയാണ് ബസിന്റെ നിർമ്മാണം പൂർത്തിയായത്. അൽപ്പം പോലും വായു മലിനീകരണം ഇല്ലാത്ത, അതേസമയം പൊതുഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്ന ഇലക്ട്രിക് ബസാണിതെന്ന് ഉദ്ഘാടന ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് ഊർജ്ജം പകരുന്നതാണ് ഇകെഎ9 എന്ന ബസ്. പൂനെയിൽ നടന്ന ചടങ്ങിൽ നിതിൻ ഗഡ്കരി വാഹനം പരിശോധിച്ചു. ഒൻപത് മീറ്റർ നീളമുണ്ട് ഈ ഇലക്ട്രിക് ബസിന്. ഇകെഎ ആൻഡ് പിനക്കിൾ ഇൻഡസ്ട്രീസാണ് ബസ് നിർമ്മിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് ബസ്സാണിത്. നിലവിലുള്ള ബസുകളെക്കാൾ ചെലവ് കുറവാണെന്ന് വാഹന നിർമ്മാതാക്കൾ പറയുന്നു. സ്റ്റെയിലൻസ് സ്റ്റീലിലാണ് ബസ്സിന്റെ നിർമ്മാണം.
200 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് ബസ്സിന്റെ പ്രധാന ഭാഗം. ലോഫ്ളോർ ബസ്സാണിത്. താഴെ നിന്നും 650 മീറ്ററാണ് ഉയരം. പ്രായമുള്ളവർക്കും എളുപ്പം കയറാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന. 31 പേർക്ക് ബസ്സിൽ ഒരേ സമയം ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കും. ദിവ്യാംഗരുടെ ചക്രക്കസേര ഉരുട്ടി കയറ്റാനുള്ള റാമ്പും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന വേളയിൽ ഇന്ത്യയിൽ വാണിജ്യ ഇലക്ട്രിക് മൊബിലിറ്റി രൂപപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമങ്ങളേയും നവീകരത്തേയും നിതിൻ ഗഡ്കരി പ്രശംസിച്ചു. രാജ്യത്ത് നിലവിൽ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. ഡിസംബർ അവസാനത്തോടെ ഇത് 40 ലക്ഷമായും അടുത്ത രണ്ട് വർഷത്തിന്ശേഷം ഇത് മൂന്ന് കോടിയായും ഉയർത്തുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.