
യുവതിയുമായി ചാറ്റ് ചെയ്ത യുവാവിനെ ക്രൂരമർദ്ദനത്തിനിരയാക്കിയ ശേഷം റോഡിലൂടെ നഗ്നനാക്കി നടത്തി. ഇരുപതുകാരനായ ഗണേഷിന് നേരെയാണ് കൊടുംക്രൂരത നടന്നത്. യുവാവിന്റെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കർണാടകയിലെ ദാവൺഗരെ ജില്ലയിലെ ആത്തിക്കെരെ ഗ്രാമത്തിലാണ് സംഭവം.മകനെ വീട്ടിൽനിന്നും ഇറക്കിക്കൊണ്ടുപോയി രണ്ട് ദിവസം തടവിൽവെച്ച് മർദ്ദിച്ചതായി യുവാവിന്റെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകനെ കൊണ്ടുപോവരുതെന്നും ഉപദ്രവിക്കരുതെന്നും യാചിച്ചിട്ടും അക്രമി സംഘം കേട്ടില്ലെന്ന് അമ്മ പറയുന്നു. എന്തിനാണ് മകനെ പീഡിപ്പിക്കുന്നത് എന്ന് ചോദിച്ചിട്ടും മറുപടി ഉണ്ടായില്ല. തങ്ങളുടെ ഗ്രാമത്തിലെ ഒരു കുടുംബത്തിലുള്ളവരും ചില നാട്ടുകാരുമാണ് മകനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്നും സംഭവത്തിനു ശേഷം മകൻ ആശുപത്രിയിൽ ചികിൽസയിലാണെന്നും അമ്മ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഇരുപതുകാരനായ ഗണേഷ് എന്ന യുവാവിനെയാണ് ഒരു സംഘമാളുകൾ വീട്ടിൽനിന്നും പിടിച്ചിറക്കി കൊണ്ടുപോയി ഒരു വിവാഹമണ്ഡപത്തിൽ തടവിൽവെച്ച് രണ്ടു ദിവസം തുടർച്ചയായി മർദ്ദിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ടാം ദിവസം യുവാവിനെ ഗ്രാമത്തിലൂടെ നഗ്നനായി നടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോകൾ വ്യാപകമായി വാട്ട്സാപ്പിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇതിനെ തുടർന്ന്, യുവാവിന്റെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. വാട്ട്സാപ്പിലൂടെ മൂന്ന് വീഡിയോകളാണ് വ്യാപകമായി പ്രചരിക്കുന്നത്. യുവാവിനെ ഒരിടത്തു വെച്ച് ഒരു സംഘമാളുകൾ മർദ്ദിക്കുന്നതാണ് രണ്ട് വീഡിയോകളിലുള്ളത്. മറ്റൊരു വീഡിയോയിൽ ഇയാളെ നഗ്നനായി റോഡിലൂടെ നടത്തുന്ന ദൃശ്യമാണുള്ളത്. ഈ വീഡിയോകൾ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടതോടെയാണ് വാർത്തകൾ പുറത്തുവന്നത്. തുടർന്നാണ് മാതാവ് നൽകിയ പരാതിയിൽ പൊലീസ് ഇടപെടലുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അന്വേഷണത്തിൽ യുവാവ് സമീപത്തുള്ള ഒരു കുടുംബത്തിലെ യുവതിയുമായി സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചതായി കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യുവതി ഗണേഷിനോട് അങ്ങോട്ട് പോയി സംസാരിക്കുകയായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. തുടർന്ന് ഇരുവരും തമ്മിൽ ചാറ്റ് ചെയ്യുന്നത് പതിവായിരുന്നു. ഈ ചാറ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യുവതിയുടെ ബന്ധുക്കളും ചിലരും ചേർന്ന് ഗണേഷിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി കൊണ്ട് വന്ന് തടവിൽ പാർപ്പിച്ച് മർദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സാമ്പത്തികമായി താഴ്ന്നനിലയിലുള്ള കുടുംബത്തിൽ പെട്ടതാണ് യുവാവെന്ന് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതിയുടെ കുടുംബം സാമ്പത്തികമായി ഉന്നതിയിലുള്ളവരാണ്. യുവാവിനെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്.