INDIANEWSTrending

‘മകളുടെ മരണം കൊലപാതകമാണ്.. എല്ലാം പണത്തിന് വേണ്ടിയായിരുന്നു’; നടി ചേതനയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ രംഗത്ത്

ബംഗളൂരു: നടി ചേതന രാജിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പിതാവ് രംഗത്ത്. മകളുടെ മരണം കൊലപാതകമാണെന്ന് അദ്ദേഹം ആരോപിച്ചു. പണത്തിന് വേണ്ടി തന്റെ മകളെ ക്ലിനിക്കിലെ ഡോക്ടർ പ്രലോഭിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് നടിയുടെ അച്ഛൻ പറയുന്നത്.

‘ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്ന് അറിഞ്ഞു. അങ്ങനെയെങ്കിൽ അവർക്ക് എങ്ങനെ പ്രവർത്തിക്കാൻ അനുമതി നൽകി. പണത്തിന് വേണ്ടി തന്റെ മകളെ ഡോക്ടർ പ്രലോഭിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതാണ്. ഇത് കൊലപാതകത്തിന് തുല്യമാണ്. ഇനിയാർക്കും ഇത്തരത്തിൽ സംഭവിക്കരുത്. മകളുടെ സുഹൃത്തുക്കളാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒപ്പിട്ടത്. ഞങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നില്ല’ – വരദരാജ് പറയുന്നു.

‘ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ വീണ്ടെടുക്കാൻ സാധിച്ചില്ല. ഡോക്ടർമാരുടെ ചികിത്സാപിഴവാണ് മകളുടെ മരണത്തിന് കാരണം. ഇത് കൊലപാതകമാണ്. ഞങ്ങൾക്ക് മകളും പണവും നഷ്ടമായി. മകളെ ആശ്രയിച്ചാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.’ – അച്ഛൻ പറഞ്ഞു. മെയ് 16നാണ് നടിയെ വണ്ണം കുറയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോപ്പിന്റെ പരസ്യങ്ങളിലെ അഭിനയത്തിലൂടെയാണ് ഇവർ പ്രശസ്തയായത്.

മരിച്ചെന്ന് ഉറപ്പായ ശേഷവും ഐസിയുവിലേക്ക് മാറ്റാൻ നിർബന്ധിച്ചു; ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ ചികിത്സിക്കണമെന്ന് മെൽവിന്റെ ഭീഷണിയും

ബെംഗളൂരു: അന്തരിച്ച സീരിയൽ നടി ചേതനയുടെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്കിടെയായിരുന്നു നടിയുടെ ദാരുണ മരണം. ചേതനയുടെ അപ്രതീക്ഷിത വിയോഗവാർത്തയെറിഞ്ഞ ഞെട്ടലിലാണ് കർണാടകയിലെ സീരിയൽ സിനിമ ലോകം. ചേതനാ രാജിന്റെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ യുവതിയുടെ സർജറി നടത്തിയ ക്ലിനിക്കിൽ പോലീസ് പരിശോധന നടത്തി. ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ബെംഗ്ലൂരു രാജാജി നഗറിൽ പ്രവർത്തിച്ചിരുന്ന ഷെട്ടീസ് കോസ്മെറ്റിക്സ് ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നുവെന്ന് വ്യക്തമായി. ചേതനയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. നടിയുടെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക് പൂട്ടിയ നിലയിലാണ്.

തിങ്കളാഴ്ച രാവിലെ 8.30 നാണ് ബെംഗളൂരുവിലെ രാജാജിനഗറിലെ നവരംഗ് തീയേറ്ററിന് എതിർ വശത്തുള്ള ബെംഗ്ലൂരുവിലെ ഷെട്ടീസ് കോസ്മെറ്റിക് ക്ലിനിക്കിൽ 21കാരിയായ നടി ചേതന രാജ് എത്തിയത്. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം കൊഴുപ്പ് നീക്കുന്ന ശസ്ത്രക്രിയക്കായി. വലിയ തുകയാണ് കൊഴുപ്പ് മാറ്റുന്ന ശസ്ത്രക്രിയക്കായി ഷെട്ടീസ് കോസ്മെറ്റിക് ക്ലിനിക്ക് വാങ്ങിയിരുന്നത്. രണ്ട് ഡോക്ടർമാരും രണ്ട് അനസ്തീസിസ്റ്റുമാണ് ഈ ക്ലിനിക്കിലുള്ളത്. ടിവി സീരിയിൽ രംഗത്തെ നിരവധി പേർ സ്ഥിരം സന്ദർശകരാണ്. പതിനൊന്ന് മണിയോടെ നടന്ന കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് പിന്നാലെ ചേതന രാജിന് കടുത്ത ശ്വാസതടവും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. സർജറിയിലെ സങ്കീർണത കാരണം ശ്വാസകോശത്തിലും കരളിലും വെള്ളം അടിഞ്ഞുകൂടി.

Kannada Actor Dies After Fat Removal Surgery Parents Blame Hospital

പിന്നാലെ ബോധരഹിതയായ നടിയെ വൈകിട്ടോടെ കോസ്മെറ്റിക് ക്ലിനിക്കിലെ മെൽവിൻ എന്ന ഡോക്ടർ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപ്ത്രിയായ കാഡെയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം എന്ന് പറഞ്ഞാണ് ആശുപ്ത്രിയിൽ എത്തിച്ചത്. ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് ക്ലിനിക്കിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. 45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും നടി മരിച്ചിരുന്നുവെന്നും ഐസിയുവിലേക്ക് ക്ലിനിക്കിലെ ഡോക്ടർ നിർബന്ധിച്ച് മാറ്റിയെന്നും കാഡെ ആശുപത്രി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീട്ടുകാരെ അറിയിക്കാതെ കൂട്ടുകാർക്കൊപ്പമാണ് നടി ചേതന രാജ് ശസ്ത്രക്രിയ്ക്ക് എത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി 9 മണി ആയിട്ടും മകളെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറയുന്നത്. കൊഴുപ്പു മാറ്റുന്ന ശസ്ത്രക്രിയയുടെ കാര്യം നേരത്തെ നടി വീട്ടിൽ അവതരിപ്പിച്ചിരുന്നെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ശസ്ത്രക്രിയയുടെ സങ്കീർണതയും ക്ലിനിക്ക് സുരക്ഷിതമല്ലെന്ന കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിലാണ് വീട്ടുകാർ എതിർത്തിരുന്നത്.

ശസ്ത്രക്രിയ്ക്ക് മുൻപ് രക്ഷിതാക്കളുടെ അനുമതി വേണമെന്ന നിബന്ധനയും ക്ലിനിക്ക് പാലിച്ചില്ല. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരണമെന്ന് ടെലിവിഷൻ താരങ്ങളുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.കളേഴ്‌സ് കന്നഡ ടെലിവിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്‌ത ഗീത, ദൊരേസാനി, ഒലവിന നിൽദാന തുടങ്ങിയ സീരിയലുകളിൽ ചേതന ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ചില കന്നഡ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close