
മലപ്പുറം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ ഉള്ളത്.
കഴിഞ്ഞ ഞായറാഴ്ച ആണ് അബ്ദുൽ ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി എത്തിയത്. കൂട്ടിക്കൊണ്ടു പോകാൻ നാട്ടിൽ നിന്ന് എത്തിയവരെ ജലീൽ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി. അതിനുശേഷം രണ്ട് ദിവസത്തിനുള്ളിൽ താൻ വീട്ടിൽ എത്തുമെന്ന് പറഞ്ഞ് ഇയാൾ വീഡിയോ കോൾ ചെയ്തു. പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീൽ വീട്ടിലെത്തിയില്ല. ഇതേ തുടർന്ന് കുടുംബം അഗളി പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ പിറ്റേന്ന് ജലീൽ വിളിക്കുകയും ഭാര്യ ഇക്കാര്യം പറയുകയും ചെയ്തു. ഉടൻ പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന ആരോ ആണ് ഇത് പറഞ്ഞത് എന്ന് ജലീലിൻ്റെ കുടുംബം കരുതുന്നു. വ്യാഴാഴ്ച രാവിലെ ആണ് ഇയാളെ പരിക്കേറ്റ നിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലക്കും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില അതീവ ഗുരുതരമാണ്.
വെൻറിലേറ്റർ സഹായത്തോടെ ചികിത്സയിലാണ് ഇയാൾ. ജലീലിനെ ആശുപത്രിയിൽ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോൺ വഴി ആരോ വിളിച്ച് പറയുകയാണ് ഉണ്ടായത്. അപ്പോൾ ആണ് ഇക്കാര്യം അറിയുന്നത് എന്ന് ജലീലിന്റെ ഭാര്യ മുബഷീറ പറയുന്നു.
“പതിനഞ്ചാം തീയതിയാണ് ഇക്ക നെടുമ്പാശ്ശേരിയിൽ എത്തിയത്. ഞങ്ങളെ വിളിച്ച് വീട്ടിലേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസവും വീഡിയോ കോൾ ചെയ്തിരുന്നു. ചൊവ്വാഴ്ച ആയിട്ടും വീട്ടിൽ എത്താത്തത് കൊണ്ട് ഞങ്ങൾ അഗളി പോലീസിന് പരാതി കൊടുത്തു. അക്കാര്യം പിന്നിട് വീഡിയോ കോൾ ചെയ്തപ്പോൾ പറഞ്ഞു. അപ്പൊൾ പിന്നിൽ നിന്ന് ആരോ പരാതി പിൻവലിക്കാൻ പറഞ്ഞു..പിന്നെ വ്യാഴാഴ്ച രാവിലെ ആണ് ആരോ വിളിച്ച് പറയുന്നത് ജലീലിനെ ആശുപത്രിയിൽ ആക്കി എന്ന് പറയുന്നത്. ഇവിടെ വന്ന് നോക്കിയപ്പോൾ ആൾ വെൻ്റിലേറ്ററിൽ ആണ്…വിളിച്ചത് ഏതോ നാലക്ക നമ്പരിൽ നിന്ന് ആണ് .” മുൻപ് ഒരുതരത്തിലും ഒന്നും കേസുകളിലും ജലീൽ പെട്ടിട്ടില്ല എന്നും ഭാര്യ മുബഷിറ പറഞ്ഞു.
ജലീലിനെ ആരൊക്കെയോ മർദ്ദിച്ച് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു എന്നാണ് പോലീസിൻറെ നിഗമനം. ജലീലിൻ്റെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ദേഹത്ത് നിരവധി മുറിവുകളും ഉണ്ട്. ആശുപത്രിയിൽ കൊണ്ടു വന്ന ആൾ പിന്നാലെ മുങ്ങുകയും ചെയ്തു. ഇയാളെ കണ്ടെത്താനാണ് പോലീസിൻറെ ഇപ്പോഴത്തെ ശ്രമം.സ്വർണ്ണക്കടത്ത് സംഘങ്ങളാണ് കൃത്യത്തിന് പിന്നിൽ എന്ന നിഗമനത്തിലാണ് പോലീസ് . പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അന്വേഷണം ആരംഭിച്ചു. മേലാറ്റൂർ സിഐക്കാണ് അന്വേഷണച്ചുമതല.