
മരിച്ചവർ ഉയിർത്തഴുന്നേറ്റ് വന്ന് കുടുംബാംഗങ്ങളെ ഇല്ലാതാക്കും. വീട്ടിലുള്ളവരുടെ രക്തം ഊറ്റിക്കുടിച്ച് അവരെ രോഗികളുമാക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിന്റെ ഗ്രാമീണ മേഖലയെ ബാധിച്ച ഒരു നിഗൂഢ രോഗത്തിന് പിന്നാലെ പരന്ന തെറ്റിദ്ധാരണകളായിരുന്നു ഇതെല്ലാം. അക്ഷരാർത്ഥത്തിൽ ആളുകളെ വിഴുങ്ങുകയായിരുന്ന ആ രോഗത്തെ അന്ന് ആളുകൾ വിളിച്ചിരുന്നത് കൺസംപ്ഷൻ എന്നായിരുന്നു. രോഗം ബാധിച്ച് മരിച്ച വ്യക്തി മറ്റ് കുടുംബാംഗങ്ങളുടെ ജീവൻ അപഹരിക്കുകയാണെന്നായിരുന്നു നാട്ടുകാരുടെ വിചാരം. ഇന്നത്തെ കാലത്ത് ക്ഷയരോഗം എന്നറിയപ്പെടുന്ന രോഗമായിരുന്നു അത്. ‘ന്യൂ ഇംഗ്ലണ്ട് വാമ്പയർ ഹിസ്റ്റീരിയ’ എന്ന് ഇത് ചരിത്രത്തിൽ അറിയപ്പെടുന്നു.
അസുഖം ബാധിച്ച ആളുകൾ ക്രമേണ വിളറി, വെളുത്ത് നിർജീവമായി തീരുകയായിരുന്നു. അസുഖം ബാധിച്ച് മരിച്ചവർ വാമ്പയർമാർ എന്നറിയപ്പെട്ടു. കുഴിമാടങ്ങളിൽ നിന്ന് വാമ്പയർമാർ ഉയർത്തെഴുന്നെൽക്കുന്നുവെന്നും, വീട്ടിലെ മറ്റുള്ളവരുടെ രക്തം ഊറ്റികുടിച്ച് അവരെ രോഗികളാക്കുന്നുവെന്നും ആളുകൾ വിശ്വസിച്ചു. ഇത് തടയാൻ ആളുകൾ മരിച്ച രോഗികളുടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും ആന്തരിക അവയവങ്ങൾ ആചാരപരമായി കത്തിക്കുകയും ചെയ്തു. തുടർന്ന് രോഗബാധിതരായ മറ്റ് കുടുംബാംഗങ്ങൾ ഈ കരിഞ്ഞ അവയവങ്ങളിൽ നിന്നുള്ള പുക ശ്വസിക്കുകയോ അല്ലെങ്കിൽ ചാരം കഴിക്കുകയോ ചെയ്തു. ഈ വാമ്പയർ ഹിസ്റ്റീരിയയുടെ ഒടുവിലത്തെ ഇരയായിരുന്നു മേഴ്സി ബ്രൗൺ.

റോഡ് ഐലൻഡിലെ എക്സെറ്ററിലെ ബ്രൗൺ കുടുംബത്തിലെ ഒരംഗമായിരുന്നു മേഴ്സി. 1884 -ലാണ് മേരി ബ്രൗൺ ക്ഷയ രോഗം ബാധിച്ച് മരിക്കുന്നത്. തുടർന്ന് കുടുംബത്തിലെ മൂത്ത മകൾ 20 വയസ്സുള്ള മേരി ഒലിവ്, പിന്നാലെ 19 വയസ്സുള്ള മേഴ്സി എന്നിവരും അസുഖം ബാധിച്ച് മരിച്ചു. അക്കാലത്ത്, ആളുകൾക്ക് ക്ഷയരോഗത്തെ ഭയമായിരുന്നു. ഈ സാംക്രമിക രോഗം പലപ്പോഴും മുഴുവൻ കുടുംബങ്ങളെയും ഇല്ലാതാക്കി. തന്റെ ഭാര്യയും പെൺമക്കളും മരിക്കുന്നത് കണ്ട് നിരാശനായ ജോർജ്ജ് ബ്രൗൺ വാമ്പയറിനെ തുരത്താനും തന്റെ മകൻ എഡ്വിനെ രക്ഷിക്കാനും തീരുമാനിച്ചു. അതിനായി, മരണപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് ദഹിപ്പിക്കാൻ ജോർജ്ജ് ബ്രൗൺ ഒരുങ്ങി.
1892 മാർച്ച് 17-ന് ചെസ്റ്റ്നട്ട് ഹിൽ സെമിത്തേരിയിൽ ഒരു വലിയ ജനക്കൂട്ടം തന്നെ ഒത്തുകൂടി. ഡോക്ടറും പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടറും ഉൾപ്പെടെ നിരവധി ഗ്രാമീണർ അന്ന് രാത്രി അവിടെ തടിച്ചുകൂടി. മേരി, മേരി ഒലിവ്, മേഴ്സി എന്നിവരുടെ ശവശരീരങ്ങൾ കുഴിച്ചെടുക്കാൻ പുറപ്പെട്ടു. ആദ്യത്തെ രണ്ട് ശവപ്പെട്ടികൾ തുറന്നപ്പോൾ, പ്രതീക്ഷിച്ച പോലെ പെണ്മക്കളുടെ അഴുകിയ ശവശരീരമാണ് കണ്ടെത്താൻ കഴിഞ്ഞത്. പക്ഷേ മൂന്നാമത്തെ ശവപ്പെട്ടി തുറന്ന അവർ ഞെട്ടി. ശവപ്പെട്ടിക്കകത്ത് മേഴ്സി ബ്രൗണിന്റെ അഴുകാത്ത ശരീരം അവർ കണ്ടു. അവളുടെ ഹൃദയത്തിൽ അപ്പോഴും രക്തം ഉണ്ടായിരുന്നു. എന്നാൽ മേഴ്സിയുടെ മൃതദേഹം തണുത്തുറഞ്ഞ താപനിലയിൽ മഞ്ഞുപാളികൾക്കിടയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന ബോധം അവിടെ കൂടിയ ആർക്കും ഉണ്ടായിരുന്നില്ല. മറിച്ച് അതൊന്നും കണക്കിലാക്കാതെ, മേഴ്സി ബ്രൗൺ ഒരു വാമ്പയർ ആണെന്നും, സ്വന്തം കുടുംബത്തിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും കൂടിനിന്നവർ പ്രഖ്യാപിച്ചു.

എന്ത് ചെയ്യണമെന്ന് അവർക്ക് അറിയാമായിരുന്നു. അവർ മേഴ്സിയുടെ ശരീരം പുറത്തെടുത്ത് ഹൃദയവും കരളും ശവശരീരത്തിൽ നിന്ന് നീക്കം ചെയ്യുകയും കത്തിക്കുകയും ചെയ്തു. കൂടാതെ അമ്മയുടെ ഹൃദയം കരിച്ച ചാരം മകനായ എഡ്വിന് ഔഷധങ്ങൾ കലർത്തി കുടിക്കാൻ കൊടുക്കുകയും ചെയ്തു. മകൻ സുഖപ്പെടുമെന്ന് കരുതിയെങ്കിലും ഈ പ്രതിവിധി ഫലിച്ചില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം അവനും മരിച്ചു. മേഴ്സിയുടെ ശിരസ്സ് ഛേദിച്ച് അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് തുന്നിച്ചേർത്ത ശേഷം ശവശരീരം എക്സെറ്റേഴ്സ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ശ്മശാനത്തിൽ അടക്കം ചെയ്തു. 1897-ൽ ഡ്രാക്കുള എഴുതിയ ബ്രാം സ്റ്റോക്കർ മരിച്ചപ്പോൾ, വാമ്പയർ മേഴ്സി ബ്രൗണിനെ കുറിച്ചുള്ള പത്രക്കുറിപ്പുകൾ അദ്ദേഹത്തിന്റെ ഫയലുകളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇന്നും ബാപ്റ്റിസ്റ്റ് ചർച്ചിന്റെ സെമിത്തേരിയിൽ ചെന്നാൽ മേരിയുടെ കുഴിമാടം കാണാം.