വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ നാട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊന്നു; നീരജിനെ കൊലപ്പെടുത്തിയത് ഭാര്യ വീട്ടുകാരെന്ന് പോലീസ്

ഹൈദരാബാദ്: വീണ്ടും ദുരഭിമാനക്കൊല. ഹൈദരാബാദിൽ യുവാവിനെ നാട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊന്നു. തിരക്കേറിയ ബീഗം ബസാർ പ്രദേശത്ത് വെച്ചായിരുന്നു ക്രൂരകൊലപാതകം. ബീഗം ബസാറിലെ വ്യാപാരിയായ നീരജ് പൻവർ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകിട്ട് വ്യാപാരികളും നാട്ടുകാരും നോക്കിനിൽക്കെയായിരുന്നു അഞ്ചംഗ സംഘത്തിന്റെ ആക്രമണം. മറ്റൊരു ജാതിയിൽ പെട്ട യുവതിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയത്. യുവാവിന് ഇരുപതിലേറെ കുത്തുകളേറ്റെന്നാണ് പോലീസ് നൽകുന്ന വിവരം.
മരിച്ച നീരജ് പൻവർ ഒരു വർഷം മുമ്പാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. “കഴിഞ്ഞ വർഷം ഏപ്രിലിൽ എന്റെ മകൻ അവന്റെ ജാതിക്ക് പുറത്ത് വിവാഹം കഴിച്ചു, ദമ്പതികൾക്ക് രണ്ടര മാസം പ്രായമുള്ള ഒരു മകനുണ്ട്. പ്രണയബന്ധത്തിന്റെ പേരിൽ അഞ്ച് പേർ എന്റെ മകനെ ആക്രമിച്ചു. അവനൊന്നും ലഭിച്ചില്ല. ഭീഷണികൾ ഉണ്ടായെങ്കിലും ഞങ്ങൾ ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇന്ന് രാത്രി 7.30 ഓടെ ഞങ്ങൾ ബന്ധുക്കളുടെ കടയിൽ നിന്ന് മടങ്ങുകയായിരുന്നു, അഞ്ച് മിനിറ്റിനുള്ളിൽ അക്രമികൾ എന്റെ മകനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു’ യുവാവിന്റെ അച്ഛൻ പറഞ്ഞു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ദുരഭിമാനക്കൊലയ്ക്ക് പിന്നാലെയാണ് വീണ്ടും ഒരു കൊലപാതകം കൂടി ഇപ്പോഴുണ്ടായിരിക്കുന്നത്. മെയ് നാലിനാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഒരു യുവാവിനെ ഭാര്യ വീട്ടുകാർ തല്ലിക്കൊന്നത്. രംഗറെഡ്ഡി ജില്ലയിലെ മാർപള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്. നാഗരാജിന്റെ ഭാര്യയുടെ സഹോദരനടക്കം ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
കോളജ് കാലം മുതൽ പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്റിൻ സുത്താന (പല്ലവി) യും ജനുവരി 31 നാണ് വിവാഹിതരായത്. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹം ചെയ്തത്. ഓൾഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
ബൈക്കിൽ സരോനഗറിലേക്ക് പോകുമ്പോൾ സരൂർനഗറിലെ മണ്ഡല് റവന്യൂ ഓഫീസിന് സമീപത്തെത്തിയപ്പോൾ അജ്ഞാതർ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെയാണ് നാഗരാജുവിനെ കൊലപ്പെടുത്തിയത്. മറ്റ് യാത്രക്കാർ ഇരുവരെയും ആശുപത്രയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നാഗരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ആക്രമണത്തിൽ ഭാര്യക്കും പരിക്കേറ്റു.