INDIANEWSSocial Mediaviral

‘വിവാഹം കഴിക്കാൻ സഹായിക്കണം’; മന്ത്രിയോട് അപേക്ഷിച്ച് അറുപതെട്ടുകാരൻ; റോജയുടെ മറുപടിയും വൈറൽ

അമരാവതി: പരാതി പരിഹരിക്കാനെത്തിയ മന്ത്രിയോട് വിവാഹം കഴിക്കാൻ സഹായം തേടി വയോധികൻ. മന്ത്രി ആർ കെ റോജയോടാണ് അറുപതെട്ടുകാരൻ സഹായം ചോദിച്ചത്. ആന്ധ്രാ പ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയാണ് നടി കൂടിയായ ആർ.കെ.റോജ.

മന്ത്രി പരാതി പരിഹാര അദാലത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സ്വന്തം മണ്ഡലത്തിലെ വോട്ടർ കൂടിയായ വയോധികൻ വിവാഹം കഴിക്കാൻ സഹായം തേടുകയായിരുന്നു. മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി പാർട്ടി എംഎൽഎമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തിൽ അദാലത്ത് നടത്താൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. വീടുകൾ കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതിനിടെ മന്ത്രിയും പരിവാരങ്ങളും ഒറ്റയ്ക്ക് താമസിക്കുന്ന അറുപത്തെട്ടുകാരന്റെ അടുത്തെത്തി.

സുഖവിവരങ്ങൾ തിരക്കുന്നതിനിടെ പെൻഷൻ കിട്ടുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. പെൻഷൻ കൃത്യമായി കിട്ടുന്നുണ്ടെന്നും തനിക്കൊരു പരാതിയുണ്ടെന്നുമായി വോട്ടർ. സ്വന്തുക്കളും വീടും എല്ലാം ഉണ്ട്. എന്നാൽ തന്നെ നോക്കാൻ ആരുമില്ലെന്നും വിവാഹം കഴിക്കാൻ സഹായം നൽകാമോയെന്നും അദ്ദേഹം ചോദിച്ചു. ഈ സഹായം സർക്കാർ നൽകുന്നില്ലെന്നു പറഞ്ഞു മന്ത്രിയും പരിവാരങ്ങളും മടങ്ങി.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏപ്രിൽ 12നാണു നടിയും വൈഎസ്ആർ കോൺഗ്രസിന്റെ താരമുഖവുമായ ആർ.കെ.റോജ ആന്ധ്രാപ്രദേശിന്റെ മന്ത്രിയായി ചുമതലയേറ്റത്.

അംബുജാക്ഷിയെ കാണാതായിട്ട് ഒരു മാസം; മൃതദേഹം കണ്ടെത്തി മരണം സ്ഥിരീകരിച്ചിട്ടും വീണ്ടും പോലീസ് ‘തിരയുന്നു’

ആലപ്പുഴ: മരിച്ചെന്ന് സ്ഥിരീകരിച്ച വയോധികയെ പോലീസ് വീണ്ടും ‘തിരയുന്നു’. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് മൃതദേഹം കണ്ടെത്തി മരിച്ചെന്ന് സ്ഥിരീകരിച്ച വയോധികയ്ക്ക് പോലീസ് തിരച്ചിൽ നോട്ടീസ് ഇറക്കി. ആലപ്പുഴയിലാണ് സംഭവം. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷിയെയാണ് (70) മരണത്തിനു ശേഷം പൊലീസ് ‘തിരയുന്നത്.’

ജില്ലാ തലത്തിൽ തിരച്ചിൽ നോട്ടിസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു പറ്റിയ അബദ്ധമാണ് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സംസാരശേഷിയില്ലാത്ത അംബുജാക്ഷിയെ കാണാനില്ലെന്ന് ഒരു മാസം മുൻപാണ് പരാതി ലഭിച്ചത്. പരാതിക്ക് പിന്നാലെ പുളിങ്കുന്ന് പൊലീസ് കേസെടുക്കുകയും അന്വേഷണത്തിൽ ഒരു വിവരവും ലഭിക്കാത്തതിനാൽ‍ തിരച്ചിൽ നോട്ടീസ് പ്രസിദ്ധീകരിക്കാനായി പൊലീസ് 13ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിക്കു വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഈ നോട്ടീസാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.

16ന് വീടിനടുത്തുള്ള വയലിൽ അഴുകിയ നിലയിൽ കണ്ട മൃതദേഹം അംബുജാക്ഷിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതറിയാതെയാണ് ആലപ്പുഴയിൽ നിന്ന് തിരച്ചിൽ നോട്ടീസ് പ്രസിദ്ധീകരിച്ചത്.

മൃതദേഹത്തിലെ വസ്ത്രങ്ങൾ നോക്കിയാണ് മരിച്ചത് അംബുജാക്ഷിയാണെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. ഡിഎൻഎ സാംപിളും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം വേഗം ലഭിക്കില്ല. അതിനാൽ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നു പറയാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ സംസ്കാരം നടത്തൂ എന്നും പൊലീസ് അറിയിച്ചു. അംബുജാക്ഷിയുടെ വീടിനു സമീപത്തെ വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

ബാഗിനുള്ളിൽ നിരവധി രേഖകളും ചെക്ക് ബുക്കുകളും നോട്ടുകെട്ടുകളും; പോലീസ് ക്വാർട്ടേഴ്സിലെ ആത്മഹത്യയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആലപ്പുഴ: ആലപ്പുഴയിലെ കൂട്ട ആത്മഹത്യയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത നജ്‍ലയുടെ ഭർത്താവ് റെനീസിന് വട്ടിപ്പലിശക്ക് വായ്പ നൽകുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിൻറെ ബന്ധുവിൻറെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനാണ് നജ്‍ലയെ കൂടുതൽ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കണ്ടെത്തിയ ബാഗിൽ നിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തിനടത്ത് നോട്ടുകളുമുണ്ട്. നജ്ലയും കുഞ്ഞുങ്ങളും മരിച്ചതിന് പിന്നാലെ ഇതടങ്ങിയ ബാഗ് ബന്ധുവിൻറെ വീട്ടിൽ റെനീസ് ഏൽപ്പിക്കുകയായിരുന്നു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. റെനീസിനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തിരുന്നു. ഇതോടൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്.

അതേസമയം പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ റെനീസിനെതിരെ ഗുരുതര കണ്ടെത്തലുകലുകളാണ് പുറത്തുവന്നിരുന്നത്. റെനീസിൻറെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പൾസർ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനീസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

നജ്ലയെ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോൾ നജ്ലയെ മുറിയിൽ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്ല്യാണം കഴിക്കുന്നതിനായി നജ്ലയെ റെനീസ് നിരന്തരം സമ്മർദ്ദം ചെലുത്തി. റെനീസിൻറ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close