
കണ്ണൂർ: ചെണ്ടമേളം കാണാനായി റോഡിലേക്കിറങ്ങിയതായിരുന്നു കണ്ണൂർ ചിറക്കൽ സ്വദേശിയായ നവ്യ. എന്നാൽ റോഡിൽ ആൾക്കൂട്ടം നിൽക്കുന്നത് കണ്ട് അവിടേക്ക് ചെന്ന ആ യുവതി കണ്ടത് നെഞ്ചുതകരുന്ന കാഴ്ചയായിരുന്നു. ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പെട്ട് സ്വന്തം അച്ഛൻ രക്തത്തിൽ കുളിച്ച് കിടന്ന കാഴ്ചയായിരുന്നു അത്. ഞെട്ടിക്കുന്ന കാഴ്ച കണ്ട് വാവിട്ടു കരഞ്ഞ നവ്യയെ ആളുകൾ ചേർന്ന് പിടിച്ചുമാറ്റി തൊട്ടടുത്ത കടയിലിരുത്തുകയിരുന്നു. എന്നാൽ അതേ അപകടത്തിൽ തന്റെ മകനും പെട്ടിരുന്നെന്ന് നവ്യ അപ്പോൾ അറിഞ്ഞിരുന്നില്ല.

ആംബുലൻസ് എത്തി അപകടത്തിൽപ്പെട്ടവരെ വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് എത്തി നോക്കിയ നവ്യ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീടാണ് തന്റെ മകൻ അഗ്നേയിനും അപകടം സംഭവിച്ച വിവരം നവ്യ അറിയുന്നത്. ഒരേ സമയം അച്ഛന്റെയും മകന്റെയും മരണത്തിന് അപ്രതീക്ഷിതമായി സാക്ഷിയായ നവ്യയെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കൾ.
അപകടം നടന്ന സ്ഥലത്തിന് തൊട്ട് മുന്നിലെ മലബാർ കിച്ചൺ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് നവ്യ. ചിറക്കൽ പള്ളിക്കുളത്തെ മാർബിൾ ഷോറും ഉദ്ഘാടനത്തിനായിരുന്നു ചെണ്ടമേളം ഉണ്ടായിരുന്നത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും കടയുടെ മുന്നിൽ ആൾക്കൂട്ടവും നിലവിളിയും ഉയരുകയിരുന്നു. തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലായിരുന്നു കൂടി നിന്നവർ.
കണ്ണൂർ – കാസർകോട് ദേശീയ പാതയിലായിരുന്നു അപകടം. മഹേഷ് ബാബുവും പേരമകൻ ആഗ്നേയും ആണ് മരിച്ചത്. ചിറക്കൽ ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനാണ് മഹേഷ് ബാബു. മകൾ നവ്യയുടെ മകനാണ് ആഗ്നേയ് പുതിയ തെരുവിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇവർ. കാസർകോട് ഭാഗത്തു നിന്നും അതിവേഗതയിലെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.
നവ്യയുടെും പ്രവാസിയായ പ്രവീണിന്റെയും മകനാണ് ഒമ്പതുകാരനായ ആഗ്നേയ്. തളാപ്പിലെ എസ്.എൻ. വിദ്യാമന്ദിർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് ആഗ്നേയ്. വെള്ളിയാഴ്ച പകൽ 11 മണിയോടെയാണ് അപകടമുണ്ടായത്. ഗ്യാസ് നിറയ്ക്കാനുള്ള സിലിൻഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറിയാണ് ബൈക്കിടിലിച്ചത്. ലോറി ഇടിച്ച് റോഡിലേക്ക് വീണ മഹേഷിന്റെയും ആഗ്നേയുടെയും തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടം നടന്നതോടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ 54കാരനായ സതീഷ് കുമാറിനെ പൊലീസ് പിടികൂടി. കുമാറിനെ (54) പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു റോഡിൽ നല്ലതിരക്കനുഭവപ്പെട്ടിരുന്നു ഇതാണ് അപകടകാരണമായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിനീതയാണ് മഹേഷ് ബാബുവിന്റെ ഭാര്യ. നവ്യയെ കൂടാതെ നിഖിൽ എന്ന മകൻ കൂടിയുണ്ട്.