
കൊച്ചുമകന്റെ വെല്ലുവിളി ഏറ്റെടുത്ത് എൺപതുകാരിയായ മുത്തശ്ശി. വർക്കൗട്ടുകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഡെഡ്ലിഫ്റ്റ് ചെയ്യാമോ എന്നായിരുന്നു കൊച്ചുമകന്റെ വെല്ലുവിളി. കൊച്ചുമകൻ മുന്നോട്ടുവച്ച ചലഞ്ച് ഏറ്റെടുത്ത് അത് നിസാരമായി ചെയ്തുകാണിച്ചാണ് ഈ 80 വയസ്സുകാരി ഞെട്ടിച്ചത്. മുത്തശ്ശിയുടെ മാസ്സ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഇത് എടുക്കാൻ മുത്തശിയ്ക്ക് പറ്റുമോ എന്ന് തമാശയ്ക്ക് ചോദിച്ചതാണെങ്കിലും കൊച്ചുമകന്റെ ആ സംശയം ഞൊടിയിടയിൽ തീർക്കുകയായിരുന്നു അവർ. തലയക്ക് മുകളിലേക്ക് ഉയർത്തിയ ബാർബെൽ അൽപ്പ സമയം ഉയർത്തി പിടിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് കൊച്ചുമകൻ എഴുന്നേറ്റ് അത് തിരികെ വാങ്ങുന്നുണ്ട്. പഞ്ചാബി ഇൻഡസ്ട്രി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്നാൽ ഈ വൃദ്ധയായ സ്ത്രീയോ ഇവരുടെ കൊച്ചുമകനോ ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എൺപതാം വയസിലും ഇങ്ങനെ ചെയ്യാൻ സാധിക്കുന്നുവെങ്കിൽ അത് ശരീരത്തിനെക്കാൾ മനസിൻറെ തന്നെ ശക്തിയാണെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.
പച്ചവെള്ളം ഇനി ചവച്ച് കഴിക്കാം; വരുന്നത് ‘ഓഹോ’ കാലം
പച്ചവെള്ളം ഇനി ചവച്ച് കഴിക്കാം..കേട്ട് ഞെട്ടേണ്ട, കഴിക്കാൻ സാധിക്കുന്ന തരത്തിൽ വെള്ളം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം സംരംഭകർ. ഓഹോ എന്നാണ് ഇത് അറിയപ്പെടുന്നത്. കുമിളകൾ പോലുള്ള ഈ വെള്ള ക്യാപ്സ്യൂളുകൾ വായിലിട്ട് ചവച്ചിറക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ലോകത്തിനാകെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്കും ആരോഗ്യത്തിനും സംരക്ഷണം ഏർപ്പെടുത്തുക എന്നതാണ് കഴിക്കാൻ സാധിക്കുന്ന വെള്ളം പുറത്തിറത്തിറക്കിയതിന് പിന്നിലെ ലക്ഷ്യം. ലണ്ടനിലെ ഒരു വിഭാഗം സംരംഭകരാണ് സുതാര്യമായ പ്രത്യേക വസ്തുകൊണ്ടുള്ള പാളികൾ ഉപയോഗിച്ച് കുടിവെള്ളം പുറത്തിറക്കിയത്. സ്കിപ്പിങ് റോക്ക് ലാബ് എന്ന സ്റ്റാർട്ട് അപ്പാണ് ഓഹോയ്ക്ക് പിന്നിൽ. വെള്ളക്കുപ്പികളും പ്ലാസ്റ്റിക്, ഫൈബർ ഗ്ലാസുകളുമൊക്കെ ഭൂമിക്ക് വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ അതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഴിക്കാവുന്ന വെള്ളം വികസിപ്പിച്ചെടുത്തതെന്ന് സംരംഭകർ പറയുന്നു.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറയ്ക്കുന്നതിന് ആവശ്യമാകുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഓഹോ നിർമിക്കാമെന്നും സംരംഭകർ വ്യക്തമാക്കുന്നു.ജെല്ലി പോലുള്ള ആവരണമാണ് വെള്ളത്തെ ഉൾക്കൊള്ളുന്നത്. പ്രത്യേക ഇനം കടൽ പായലിൽ നിന്നാണ് ഭക്ഷ്യയോഗ്യമായ ഈ പദാർഥം നിർമിക്കുന്നത്. ഉപയോഗിക്കാതിരുന്നാൽ നാല്-ആറ് ആഴ്ചകൾക്കുള്ളിൽ ഇത് നശിച്ചു പോകും.
കയ്യിലെടുത്താൽ വെള്ളം നിറച്ച ബലൂൺ പോലെ തെന്നിനീങ്ങുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഒന്നുകിൽ വായിലിട്ട് ചവച്ചോ അല്ലെങ്കിൽ ഗോളങ്ങളിൽ ചെറിയ സുഷിരമുണ്ടാക്കി വായിലേയ്ക്ക്് വെള്ളം പകരുകയോ ചെയ്യാം. ഓറഞ്ച് പോലുള്ള പഴങ്ങളുടെ തൊലി ഉദാഹരണമാക്കിയാണ് കാൽസ്യം ക്ലോറൈഡും സോഡിയം അൽജിനേറ്റും ഉപയോഗിച്ചുള്ള നേർത്ത ചർമ്മം നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ നിർമ്മിതമായ പഴം എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ ഓഹോയെ വിശേഷിപ്പിച്ചത്.
2014ലാണ് കമ്പനി ആദ്യമായി ഓഹോയെ അവതരിപ്പിച്ചത്. ഇപ്പോൾ ആയിരത്തിലധികം സ്വതന്ത്ര കമ്പനികളാണ് ഇവയുടെ പദ്ധതിയിൽ മുതൽ മുടക്കാൻ തയ്യാറായി രംഗത്തുള്ളത്. വെള്ളം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള എന്തും എന്തിന് മദ്യം വരെ ഇത്തരത്തിൽ ഗോളങ്ങളാക്കാമെന്നാണ് സംരഭകർ അവകാശപ്പെടുന്നത്. യാത്രയൊക്കെ പോകുമ്പോൾ ഇനി പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കൈയ്യിൽ കരുതേണ്ടതില്ല. ഒന്നോ രണ്ടോ ഓഹോ കഴിച്ചാൽ ദാഹം പമ്പ കടക്കുമെന്ന് സാരം.