
കൊല്ലം: കുണ്ടറ ഇഎംസിസി ബോംബേറ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇഎംസിസി ഉടമ ഷിജു എം വർഗീസ് ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. ഷിജു എം വർഗീസ് തന്നെയാണ് ബോംബേറ് നാടകത്തിനു പിന്നിലെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡ്രൈവറെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോബെറിഞ്ഞതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മനഃപൂർവം ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഷിജു തന്നെയാണ് കാറിനു നേരെ ബോംബെറിഞ്ഞത്. മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഷിജു വർഗീസിന്റെ കാറ് കത്തിച്ചത്. വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം വർഗീസ്. തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ നിന്ന് ഷിജു വർഗീസ് മത്സരിച്ചിരുന്നു.
കാറിനു നേരെ വോട്ടെടുപ്പു ദിവസം പെട്രോൾ ബോംബെറിഞ്ഞ സംഭവം ഷിജുവും സംഘവും തന്നെ ആസൂത്രണം ചെയ്ത നാടകമെന്നു പൊലീസ് കണ്ടെത്തിരുന്നു. എറണാകുളം അയ്യമ്പിള്ളി എടപ്പാട്ട് വീട്ടിൽ ഷിജു എം. വർഗീസ് (49) എന്ന ഷിജു ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായത്. സോളർ തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ട സരിത എസ്.നായരുടെ ബന്ധുവും സഹായിയുമായ തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ ഭാഗ്യാലയത്തിൽ വിനുകുമാർ (41), ഷിജുവിന്റെ കൂട്ടാളി പാലക്കാട് സ്വദേശി ശ്രീകാന്ത് (35) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവർക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
ഗോവ- കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വനമേഖലയിലെ സങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഷിജു. ശ്രീകാന്ത് ഗോവയിലെ മറ്റൊരു കേന്ദ്രത്തിലും. ഇരുവരെയും ഇന്നു കൊല്ലത്തെത്തിക്കും. സരിതയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവിടെയെത്തെത്തിയ വിനുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെട്രോൾ ബോംബ് എറിഞ്ഞതു വിനുകുമാറാണെന്നു പൊലീസ് കണ്ടെത്തി.