Breaking NewsKERALANEWSTop News

പിസി ജോർജിനെ തേടി പോലീസ് വീട്ടിൽ; ഈരാറ്റുപേട്ടയിലെത്തിയത് തൃക്കാക്കര പോലീസ്; സമീപത്തുള്ള ബന്ധുവീടുകളിലും പരിശോധന

കൊച്ചി: പി സി ജോർജിനെ തേടി പോലീസ് ഈരാറ്റുപേട്ടയിൽ. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി സി ജോർജിന്റെ വീട്ടിൽ പൊലീസ് സംഘം എത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. എന്നാൽ പി സി ജോർജ് വീട്ടിലില്ലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ജോർജ് തിരുവനന്തപുരത്താണ് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

വെണ്ണല മത വിദ്വേഷ പ്രസംഗ കേസിലാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങൾക്ക് മാത്രം മുൻപ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചു. ആ കേസിന്റെ ജാമ്യത്തിൽ നിൽക്കെയാണ് സമാനമായ രീതിയിൽ അദ്ദേഹം വീണ്ടും വിവാദ പരാമർശങ്ങൾ നടത്തിയത്.

പിസി ജോർജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് കമ്മീഷണറുടെ പ്രതികരണം. തിരുവനന്തപുരത്തെ കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരേ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുകയെന്ന് കമ്മീഷണർ പറഞ്ഞിരുന്നു.

‘തനിക്കെതിരെ കേസെടുത്തത് വേഗത്തിൽ; പി സി ജോർജിനെതിരെ കേസെടുക്കുന്നതിൽ കാലതാമസം’

പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ സർക്കാരിനെ രൂക്ഷ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കുറ്റം നോക്കിയല്ല ആളുകളെ നോക്കിയാണ് സർക്കാർ കേസെടുക്കുന്നതെന്ന് കെ സുധാകരൻ ആരോപിച്ചു. തനിക്കെതിരെ കേസെടുത്തത് വേഗത്തിലായിരുന്നെന്നും വിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെതിരെ കേസെടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെ സുധാകരന്റെ പ്രസ്താവന. തനിക്കെതിരെ ആളെയും രാഷ്ട്രീയവും നോക്കിയാണ് കേസെടുത്തതെന്നും കുറ്റമില്ലാത്തതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്തതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

പി സി ജോർജിനെതിരെ കേസെടുക്കാൻ സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്ന വിമർശനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉയർത്തിക്കാട്ടി. പി സി ജോർജിനെ മുൻപ് അറസ്റ്റ് ചെയ്ത സംഭവം വെറും നാടകമായിരുന്നെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് മുൻപും അറസ്റ്റ് ആകാമായിരുന്നു. എന്നാൽ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പുതിയ അറസ്റ്റ് നാടകത്തിനുള്ള തിരക്കഥയാണ് ഇപ്പോൾ ഒരുങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പി സി ജോർജിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി മുൻപാകെ സത്യവാങ്മൂലം നൽകിയ സർക്കാരാണ് ഭരിക്കുന്നതെന്ന് വി ഡി സതീശൻ ആഞ്ഞടിച്ചു. വർഗീയ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാൻ കഴിവില്ലാത്ത സർക്കാർ ഒഴിഞ്ഞുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി സി ജോർജിനെ രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌തെന്ന് ആദ്യം വരുത്തിത്തീർത്തു. പിന്നീട് സ്വന്തം കാറിൽ തിരുവനന്തപുരം വരെ സഞ്ചരിക്കാൻ അനുവദിക്കുകയും വഴിയിൽ സംഘപരിവാറിന്റെ സ്വീകരണം ഏറ്റുവാങ്ങാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് പ്രോസിക്യൂട്ടർ അപ്രത്യക്ഷനാകുന്നു. കൊടുത്ത എഫ്‌ഐആറിൽ കേസുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ലെന്ന് മജിസ്‌ട്രേറ്റ് പറയുന്നു. ഇങ്ങനെ പുറത്തിറങ്ങിയ പി സി ജോർജ് വീണ്ടും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നു. ഇതെല്ലാം സർക്കാർ നടത്തിയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാരിനെ വിമർശിച്ച് യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷൻസ് കോടതി പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഈ അപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാം.

ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഷോൺ ജോർജ്

കൊച്ചി: ജാമ്യാപേക്ഷ തള്ളിയതിനെതിരെ തിങ്കളാഴ്ച പി.സി.ജോർജ് ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് മകൻ ഷോൺ ജോർജ് പ്രതിയ്ക്കരിച്ചു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി.ജോർജിന്റെ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷോൺ. എറണാകുളം സെഷൻസ് കോടതിയുടെയായിരുന്നു തീരുമാനം.

മതവിദ്വേഷ പ്രസം​ഗ കേസിൽ തൽകാലം അറസ്റ്റ് ഉണ്ടാകില്ല

കൊച്ചി: പി.സി.ജോർജിന് പാതി ആശ്വാസം. വെണ്ണല വിദ്വേഷ പ്രസം​ഗ കേസിൽ പി സി ജോർജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാ​ഗരാജു പറഞ്ഞു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂ. വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോർജിൻറെ മുൻകൂർജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. അതേസമയം പി.സി.ജോർജിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കമ്മിഷണർ പറഞ്ഞു.

തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ പി സി ജോർജ് ഹർജി നൽകും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിൻറെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

പി സി ജോർജ്ജിൻറെ മത വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കും; നേരിട്ട് കാണണമെന്ന് കോടതി

തിരുവനന്തപുരം: അനന്തപുരിയിലെ പി സി ജോർജിന്റെ മതവിദ്വേഷ പ്രസംഗം നേരിട്ട് കാണാനൊരുങ്ങി കോടതി. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പോലീസിനോട് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിൻറെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിൻറെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് – രണ്ടാണ് നിർദ്ദേശം നൽകിയത്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോർജ്ജിൻറെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ജനാധിപത്യ മര്യദകൾ പാലിക്കാത്ത വ്യക്തിയാണ് പി സി ജോർജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ എതിർത്തു. വാദങ്ങൾക്കിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.

കേരള രാഷ്ട്രീയത്തിലെ ഈ ഒറ്റക്കൊമ്പന് വിവാദങ്ങളൊന്നും തന്നെ പുത്തരിയല്ല. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ ആകില്ലെന്ന് പറയുന്ന പോലെയാണ് നമ്മുടെ പിസി ആശാന്റെ അവസ്ഥ. വാ തുറന്നാൽ ഒരു വിവാദ പ്രസ്താവന ഉറപ്പ്. ‘ വിവാദ’ നിലപാടുകൾ കൊണ്ട് അദ്ദേഹമെന്നും മുഖ്യധാരയിൽ തന്നെ സീറ്റുറപ്പിച്ചിട്ടുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതയുമല്ല, പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകൾ കേരളക്കരയെ തന്നെ ഒന്നടങ്കം ഞെട്ടിച്ചതാണ്. പിന്നീട് സ്വന്തം പ്രസ്താവനകളുടെ പേരിൽ കടന്നാക്രമണങ്ങൾക്കും അദ്ദേഹം പാത്രമായിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്‍ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചതും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ചതുമെല്ലാം വലിയ വിവാദങ്ങളായിരുന്നു.

ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്‍ക്കൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ കന്യാസ്ത്രീയാണ് പിസി ജോർജിൻറെ ആക്ഷേപത്തിൻറെ അവസാനത്തെ ഇര. അന്ന് അദ്ദേഹം പറഞ്ഞത് “പന്ത്രണ്ട് തവണ ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ല. കന്യാസ്ത്രീകളുടെ സമരം പേരെടുക്കാനാണ്” എന്നായിരുന്നു. പരാമർശം വിവാദമായി. ദേശീയ വനിത കമ്മീഷൻ ഇടപെട്ടു. പിസി ജോർജ് പരാമർശം പിൻവലിച്ചു. അപ്പോഴും കന്യാസ്ത്രീയോട് മാപ്പു പറഞ്ഞില്ല.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിന് പിസി ജോർജ് പൂർണ പിന്തുണ പ്രഖ്യാപിച്ചത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അക്രമത്തെ അതിജീവിച്ച നടിയെ ആക്ഷേപിക്കുകയും ചെയ്‍തു അദ്ദേഹം. ബലാൽസംഗത്തിന് ഇരയായ നടി പിറ്റേന്ന് പരാതി കൊടുക്കാൻ എത്തിയതിലായിരുന്നു അന്ന് ജോർജിന് കൗതുകം. നടിയുടെ പേര് വെളിപ്പെടുത്തിയതിനും പിസി ജോർജ് നിയമനടപടി നേരിട്ടു.

അഭിപ്രായ പ്രകടനങ്ങളിൽ ഉച്ചഭാഷിണിയായ ജോർജിന് വിവാദങ്ങൾ ദിനചര്യയാണ്. കഴിഞ്ഞ ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിൽ കത്തി നിൽക്കുന്നത് പിസി ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിലേ വിവാദ പ്രസംഗമാണ്. വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. അതിനുശേഷം അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.

കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പർധ വളർത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറിൽ പറയുന്നു. പിസി ജോർജ്ജിൻറെ മൊഴി ഉൾപ്പടെ വരും ദിവസങ്ങളിൽ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടിയെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു153 എ വകുപ്പ് പ്രകാരമാണ് കേസ്.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

അതേസമയം പി സി ജോർജിന്റെ കസ്റ്റഡിയെ ബി ജെ പി നേതാക്കൾ അപലപിക്കുകയാാണ്. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്.അതേസമയം പൊലീസ് നടപടി അനിവാര്യമായതെന്ന് വി ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ കലാപങ്ങൾ വരെ ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close