INDIANEWSTrending

ഹോസ്റ്റൽ മുറിയിൽ പത്തൊമ്പതുകാരൻ തൂങ്ങിമരിച്ചു; രാത്രി വൈകിയും വാർഡൻ മകനെ മുറിയിലേക്ക് വിളിച്ച് വരുത്താറുണ്ടെന്ന് പിതാവ്; ഹോസ്റ്റൽ വാർഡനെ അറസ്റ്റ് ചെയ്ത് പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിലെ ചണ്ഡീഗഡിൽ 19കാരൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ വാർഡൻ അറസ്റ്റിൽ. ചണ്ഡീഗഡ് ഗ്രൂപ്പ് ഓഫ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മരിച്ചത്. പിതാവ് നൽകിയ പരാതിയിൽ വാർഡൻ നവീൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അത്താഴത്തിന് ക്ഷണിക്കാനായി സഹവിദ്യാർഥികൾ മുറിയിലെത്തിയപ്പോഴാണ് വിദ്യാർഥിയെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്തു. കഴിഞ്ഞ മൂന്ന് മാസമായി ഹോസ്റ്റൽ വാർഡൻ മകനെ ശല്യപ്പെടുത്തുന്നുണ്ടെന്നും രാത്രി വൈകിയും മുറിയിലേക്ക് വിളിച്ച് വരുത്താറുണ്ടെന്നും വിദ്യാർഥിയുടെ പിതാവ് പറയുന്നു. പിതാവിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്ക് പ്രതിക്കെതിരെ സോഹാന പൊലീസ് കേസെടുത്തു.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പാതിമൂന്നുകാരൻ അറസ്റ്റിൽ

ലഖ്നോ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിമൂന്നുകാരൻ അറസ്റ്റിലായി. പ്രതിയെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് അയച്ചു.ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലാണ് സംഭവം.

ആദ്യം ശാരീരിക പീഡനത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ബലാത്സംഗത്തിനിരയായതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ ബലാത്സംഗത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കുട്ടിയെ പ്രയാഗ്‌രാജിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് അയച്ചതായി പൊലീസ് സൂപ്രണ്ട് ഹേംരാജ് മീണ പറഞ്ഞു. നേരത്തെ നടത്തിയ അന്വേഷണത്തിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഹേംരാജ് മീണ കൂട്ടിച്ചേർത്തു. 12 വയസ്സിന് മുകളിലുള്ള കുട്ടിക്ക് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി.

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പെൺകുട്ടി മാവോയിസ്റ്റാണെന്ന് വാദിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലും

റായ്പൂർ: പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തശേഷം വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ പൊലീസുകാരെ കുറ്റവിമുക്തരാക്കി കോടതി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഛത്തീസ്ഗഡ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ആദിവാസി പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

മാവോയിസ്റ്റാണെന്ന് വാദിച്ച് പെൺകുട്ടിയെ പോലീസുകാർ വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയത്. 2011ലാണ് സംഭവം. പൊലീസുകാരായ ധരംദത് ധാനിയ, ജീവൻ ലാൽ രത്‌നാകർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾ കുറ്റം ചെയ്തുവെന്ന് സംശയിക്കാവുന്നതാണ്. എന്നാൽ സത്യസന്ധമായ അന്വേഷണമോ ശക്തമായ തെളിവുകളോ ഇല്ലാതെ പ്രതികൾ പറയപ്പെടുന്ന കുറ്റം ചെയ്തുവെന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല. ശിക്ഷിക്കപ്പെടണമെങ്കിൽ ശക്തമായ തെളിവുകൾ ആവശ്യമാണെന്നും റായ്പൂർ സെഷൻ ജഡ്ജ് ശോഭന ഖോഷ്ത പറഞ്ഞു.

രംദത് ധാനിയ നിലവിൽ ദേശീയ സുരക്ഷാ സേനയിലും ജീവൻ ലാൽ രത്‌നാകർ ഛത്തീസ്ഗഡ് സായുധ സേനയിലെ കോൺസ്റ്റബിളുമായാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബം കേസുമായി മുന്നോട്ടുപോകില്ലെന്നും പറഞ്ഞു.

ബൽറാംപുർ ജില്ലാ പൊലീസും ഛത്തീസ്ഗഡ് സായുധ സേനയും ചേർന്ന് 2011 ജൂലൈ അഞ്ചിന് ബൽറാംപുർ ജില്ലയിലെ ചാണ്ടോ ഗ്രാമത്തിനടുത്ത് വെച്ചാണ് 16 കാരിയായ മീന ഖാൽഖൊയെ വെടിവെച്ചു കൊന്നത്. പെൺകുട്ടി മാവോയിസ്റ്റാണെന്നായിരുന്നു പൊലീസ് വാദം. അതേസമയം, പെൺകുട്ടിയെ പൊലീസ് കൂട്ടബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും വസ്ത്രത്തിൽ നിന്ന് ബീജവും കണ്ടെത്തിയിരുന്നു. പെൺകുട്ടി നിരവധി തവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പ്രതിഷേധത്തെ തുടർന്ന് കേസ് അന്വേഷിക്കാനായി 2015ൽ ജില്ലാ ജഡ്ജി അനിത ഝായുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പെൺകുട്ടി മാവോയിസ്റ്റ് ആണെന്ന പൊലീസ് അവകാശവാദത്തെ ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ചോദ്യം ചെയ്തിരുന്നു. പതിനാറുകാരി എങ്ങനെ മാവോയിസ്റ്റാകും എന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. പൊലീസിന്റെ വെടിയേറ്റാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കമ്മീഷന്റെ നിർദേശപ്രകാരം, ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പൊലീസുകാർക്ക് എതിരെയായിയിരുന്നു അന്വേഷണം. കേസിൽ പ്രതിയായ ചാണ്ടോ സ്‌റ്റേഷൻ ഇൻചാർജ് നികോദിൻ ഖെയ്‌സ് വിചാരണക്കിടെ മരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close