
അമരാവതി: മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ട് പ്രതിഷേധക്കാർ. ആന്ധ്രയിലെ മന്ത്രി വിശ്വരൂപന്റെ അമലാപുരത്തെ വീടിനും പൊന്നാട സതീഷിന്റെയും വീടുകളാണ് തീയിട്ടത്. ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധിച്ചാണ് അക്രമം.
കോനസീമ ജില്ലയുടെ പേര് അംബേദ്കർ കോനസീമ എന്നാക്കിയതിനെ തുടർന്നുണ്ടായ പ്രതിഷേധധത്തിനൊടുവിലാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു.
തന്റെ വീടീന് നേരെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പ്രതികരിച്ചു. പേരുമാറ്റിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപങ്ങളും നിർദ്ദേശങ്ങളുമുണ്ടെങ്കിൽ 30 ദിവസത്തിനകം കളക്ടർക്ക് സമർപ്പിക്കാനും സമയം നൽകിയിരുന്നു. കോനസീമ ജില്ലയുടെ പേര് അതേരീതിയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോനസീമ ജില്ല സാധനസമിതിയുടെ നേതൃത്വത്തിൽ നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തിൽ അണിനിരന്നത്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വൻപൊലീസ് സംഘത്തെ വിന്യസിച്ചു. പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. വിവിധ പാർട്ടികളുടെ അഭ്യർഥനമാനിച്ചാണ് ജില്ലയുടെ പേര് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റുകയായിരുന്നെന്നും ആക്ഷേപമുണ്ട്.