
ആലപ്പുഴ: പിരിവ് ചോദിച്ച പണം നൽകാത്ത ദേഷ്യത്തിൽ കടയുടമയെ സിപിഐ നേതാവ് മർദ്ദിച്ചതായി പരാതി. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. പ്രാദേശിക നേതാവ് സലിം തറയിൽ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. 1000 രൂപയ്ക്ക് പകരം 100 രൂപ പിരിവു കൊടുത്തതിനാണ് മർദനം എന്നാണ് ആരോപണം.
കോൺഗ്രസ്-സിപിഐ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ചാരുമൂട്. കഴിഞ്ഞദിവസം തിരുവല്ലയിലും സിപിഐ പ്രവർത്തകർരക്ക് എതിരെ സമാനമായ രീതിയിൽ പരാതി ഉയർന്നിരുന്നു. പിരിവ് നൽകാത്തതിന് കട തല്ലിത്തകർത്തു എന്നായിരുന്നു പരാതി. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് ആരോപണം.
സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തു
പത്തനംതിട്ട: പാർട്ടി ഫണ്ട് നൽകാത്തതിന് തിരുവല്ലയിൽ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തു. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. തിരുവല്ല മന്നംകരചിറ ജംഗ്ഷന് സമീപമുള ശ്രീമുരുകൻ ഹോട്ടലാണ് തകർത്തത്.
ബ്രാഞ്ച് സെക്രട്ടറി കടയുടമയെയും ഭാര്യയെയും അസഭ്യം പറഞ്ഞെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പ് മുമ്പ് 500 രൂപ ഫണ്ട് നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി കടയിൽ ചെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഴുവൻ തുക നൽകാൻ ആവില്ലെന്ന് കടയുടമ വ്യക്തമാക്കിയിരുന്നു. അന്ന് പ്രശ്നങ്ങളുണ്ടായിരുന്നില്ല. സിപിഐയുടെ സമ്മേളനുമായി ബന്ധപ്പെട്ടുള്ള പിരിവുമായി കഴിഞ്ഞദിവസം വീണ്ടും കടയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
സിപിഐ നേതാവ് വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്
പാലക്കാട്: സിപിഐ നേതാവ് വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്. ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി ആർ. അഭിലാഷിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സി.പി.ഐ ഒറ്റപ്പാലം മണ്ഡലം കമ്മറ്റി അംഗം മുകേഷാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.
തൊടുപുഴയിൽ ഭൂമി വാങ്ങാനെന്ന പേരിൽ എട്ട് ലക്ഷം രൂപയും പതിനാറര പവൻ സ്വർണവും അഭിലാഷ് കൈപ്പറ്റിയെന്നാണ് മുകേഷിൻറെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2014ൽ പണവും സ്വർണവും അഭിലാഷ് കൈപ്പറ്റി. ഭൂമി വിറ്റ് അറുപത് ലക്ഷം തിരിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഭൂമി വാങ്ങുകയോ പണം തിരിച്ച് നൽകുകയോ ചെയ്യാതെ അഭിലാഷ് വഞ്ചിച്ചെന്നാണ് ആരോപണം.
അഭിലാഷിന് നൽകാനായി എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ മുകേഷിന്റെ കുടുംബം ജപ്തി ഭീഷണിയിലാണ്. സി.പി.ഐ നേതൃത്വം വിഷയത്തിൽ ഇടപെട്ടില്ലെന്ന് മാത്രമല്ല, തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മുകേഷ് ആരോപിക്കുന്നു. അതേസമയം, മുകേഷിനെതിരെ കോടതിയിൽ അപകീർത്തിക്കേസ് നടക്കുന്നതിനാൽ പ്രതികരിക്കാനാകില്ലെന്നാണ് സി.പി.ഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായ ആർ. അഭിലാഷിന്റെ പ്രതികരണം. രണ്ട് പേർ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും പാർട്ടി ഇടപെടില്ലെന്നും കാംകോ ചെയർമാനും, സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗവുമായ കെ.പി സുരേഷ് രാജ് പറഞ്ഞു