
റിയാദ്: പാലക്കാട് സ്വദേശി സൗദിയിൽ അന്തരിച്ചു. പാലക്കാട് ചേർപ്പുളശ്ശേരി കിളിയങ്കൽ സ്വദേശി ഹസൈനാർ എന്ന മച്ചാൻ (62) ആണ് മരിച്ചത്. സൗദിയിൽ പലചരക്ക് കടയിലെ ജീവനക്കാരനായിരുന്നു. ജോലിക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെ ഹോത്താ സുദൈർ പട്ടണത്തിലെ കടയിൽ ഇന്ന് രാവിലെ മരിച്ചത്. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്.
പിതാവ്: പരേതനായ ഉണ്ണീൻ കുട്ടി, മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന. മയ്യിത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹോത്ത സുദൈർ കെ.എം.സി.സി നേതാക്കളും സുഹൃത്ത് ജലീലും രംഗത്തുണ്ട്.
പ്രവാസിയുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലയച്ചു. തെലങ്കാന മലരം സ്വദേശി ജെട്ടി മല്ലയ്യ (52) റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ഏപ്രിൽ ആറിനാണ് മരിച്ചത്. കഴിഞ്ഞദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സാംസ്കരിച്ചു.
മൃതദേഹം നാട്ടിൽ അയക്കാനുള്ള ഇന്ത്യൻ എംബസിയുടെ അനുമതി നേരത്തെ ലഭിച്ചിട്ടും ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ അനാസ്ഥ കാരണം തുടർനടപടികൾ അനിശ്ചിതമായി നീളുകയായിരുന്നു. ജർമൻ ആശുപത്രി മോർച്ചറി വിഭാഗം ഡയറക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വളൻറിയറും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാനുമായ എം. റഫീഖ് പുല്ലൂരിന്റെ ഇടപെടലാണ് നടപടികൾ പൂർത്തിയാക്കാൻ ഇടയാക്കിയത്. വെൽഫെയർ വിങ് ഭാരവാഹികൾ ആദ്യം ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചു. പിന്നീട് കമ്പനി അധികൃതരെ സമീപിച്ച് മൃതദേഹം നാട്ടിലയക്കാനുളള നിയമനടപടികൾ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടികളിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
കമ്പനിയുടെ ഭാഗത്തുനിന്ന് ഇഴഞ്ഞുനീങ്ങൽ തുടർന്നു. തുടർന്ന് പൊലീസിന്റെ സഹായം തേടുകയും എംബസിയുടെ ഇടപെടൽ കൂടി ഉണ്ടാവുകയും ചെയ്തതോടെ കാര്യങ്ങൾ വേഗത്തിലായി. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, കൺവീനർമാരായ റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജുനൈദ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ നടപടികളും പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു.