കൊലവിളിക്ക് കുട്ടിയെ പ്രോത്സാഹിപ്പിച്ചത് തോളിലേറ്റിയ അൻസാർ; പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അൻസാർ നജീബ്, പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പിഎ നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ തോളിലേറ്റി മുദ്രാവാക്യം വിളിപ്പിച്ചയാളാണ് അൻസാർ നജീബ്. വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അൻസാറാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പരിപാടിയുടെ സംഘാടകൻ എന്ന നിലയിലാണ് നവാസിനെ അറസ്റ്റ് ചെയ്തത്. കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പിഎ നവാസിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പോലീസ് അൻസാർ നജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റംചുമത്തിയാണ് കേസ്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവർക്കും, സംഘാടകർക്കുമെതിരെയാണ് കേസെടുത്തത്.
ഇന്നലെ രാത്രിയാണ് സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ വീഡിയോ ദൃശ്യങ്ങളിൽ കുട്ടിയെ തോളിലേറ്റിയ അൻസാറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പുലർച്ചെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അൻസാറിനെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റഷനിൽ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ എസ് പി ജി ജയദേവ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കുട്ടിക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന ആളുകളെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിലെടുക്കും. പ്രകടനത്തിൻറെ സംഘാടകരായ പോപ്പുലർ ഫ്രണ്ടിൻറെ സംസ്ഥാന ജില്ല നേതൃത്വങ്ങൾക്കെതിരെയും ഉടൻ നടപടിയുണ്ടാവും. ഇതിനിടെ കുട്ടി വിളിച്ച മുദ്രാവാക്യം സംഘടനയുടേത് അല്ലെന്നും മുദ്രാവാക്യത്തോട് യോജിപ്പില്ലെന്നും വിശദീകരിച്ച് പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തെത്തി. ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.
അതേസമയം പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതിചേർക്കും. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ കുട്ടിയുടെ ബന്ധുവല്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ സംഘാടകരെ ചോദ്യം ചെയ്യും. ഫൊറൻസിക് തെളിവുകൾ ശേഖരിക്കുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകൾ ശേഖരിക്കുന്നത്.
മതസ്പർധ വളർത്തുന്ന വിധം മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികൾ.
റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പേരിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലി നടത്തിയത്. സംഭവത്തിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾക്കെതിരയുള്ള നടപടി കൂടുതൽ അന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ എന്ന് ജില്ലാ പൊലീസ് മേധവി പറഞ്ഞു.
മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികൾ.
കുട്ടി ഒരാളുടെ തോളത്തിരുന്ന് മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ‘അരിയും മലരും വാങ്ങിച്ച് വീട്ടിൽ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക് ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേൽ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.’…… എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.
അതേസമയം, പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.