
തിരുവനന്തപുരം: യൂണിഫോം ധരിക്കാതെ മതവേഷം ധരിച്ച് കെഎസ്ആർടിസി ബസിലെ ഡ്രൈവർ ബസ് ഓടിച്ചെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി. ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ബസ് ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തിയെന്നാണ് കെഎസ്ആർടിസി വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കെഎസ്ആർടിസി ബസിൽ യൂണിഫോമില്ലാതെ മുസ്ലീമായ ഡ്രൈവർ താടിയും തൊപ്പിയും വെച്ച് ജൂബ്ബ ധരിച്ച് ബസ് ഓടിക്കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണം. ഇത്തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർ ടി സി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിൽ കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് , എ.റ്റി. കെ 181 ആം നമ്പർ ബസ്സിൽ മേയ് 24 ന് തിരുവനന്തപുരം – മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത്. അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ് നിഷ്കർഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകും.
‘പുത്തൻ യൂണിഫോമിൽ അൽ ഖേരള കെഎസ്ആർടിസി’
പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള കെഎസ്ആർടിസി പുതിയ ലെവലിലേക്ക്! ഇനി വെച്ചടി കയറ്റം. സ്വിഫ്റ്റിലും വേണം ഈ സംഗതി.’ യൂണിഫോമില്ലാതെ മുസ്ലീമായ കെഎസ്ആർടിസി ഡ്രൈവർ താടിയും തൊപ്പിയും വെച്ച് ജൂബ്ബ ധരിച്ച് ബസ് ഓടിക്കുന്നു എന്ന നിലയിലായിരുന്നു ചിത്രം സഹിതം കഴിഞ്ഞ ദിവസം രാത്രി മുതൽ ചിത്രം പ്രചരിപ്പിച്ചത്. കേരളത്തിലെ മുസ്ലീങ്ങൾക്ക് യൂണിഫോം നിയമങ്ങൾ ബാധകമല്ലെന്ന നിലയിലാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ ഈ ചിത്രത്തെ കുറിച്ച് ചർച്ചകൾ സജീവമാകുന്നതും.
ഫുൾക്കൈ ഷർട്ട് മടക്കി വെക്കാതെ മടിയിൽ ഒരു തോർത്ത് ഇട്ട് ഇരുന്ന ഡ്രൈവറെ കണ്ടാൽ ഒറ്റ നോട്ടത്തിൽ വെള്ള ജൂബ്ബ ഇട്ടിരിക്കുകയണ് എന്നേ തോന്നൂ. താടിയും മുസ്ലീം തൊപ്പിയും കൂടിയായപ്പോൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന തീവ്രവാദിയായി ചിത്രീകരിച്ച് പ്രചരണം നടന്നു എന്ന് മാത്രം!
അഷ്റഫ് തീവ്ര ചിന്തകളുള്ള ആളല്ലെന്ന് അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന കെഎസ്ആർടിസി ജീവനക്കാരായ സംഘപരിവാർ അനുകൂലികൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വാസ്തവ വിരുദ്ധമായ നിലയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് അവരും ആവശ്യപ്പെടുന്നത്.