
കണ്ടാൽ നായ ആണെന്നേ തോന്നുന്നു. പക്ഷെ യഥാർത്ഥത്തിൽ ഇതൊരു മനുഷ്യനാണ്. ജപ്പാൻ സ്വദേശിയായ ടോക്കോ ഈവ് എന്നയാളാണ് നായയുടെ രൂപത്തിലേക്ക് ‘മാറി’യത്. ഏറെ നാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിൽ നായയുടെ രൂപത്തിലേക്ക് ‘മാറി’യിരിക്കുന്നത്. ‘കോളി’ എന്ന ഇനത്തിൽ പെടുന്ന, ശരീരം മുഴുവൻ നീണ്ട രോമം വരുന്ന നായയുടെ രൂപത്തിലേക്കാണ് ടോക്കോ ‘മാറി’യിരിക്കുന്നത്.
സിനിമകൾക്കും പരസ്യങ്ങൾക്കും പെർഫോമൻസുകൾക്കുമെല്ലാം വേണ്ടി വ്യത്യസ്തമായ രൂപങ്ങളും കോസ്റ്റ്യൂമുകളും ‘റിയലിസ്റ്റിക്’ ആയി തയ്യാറാക്കുന്ന ‘സെപ്പെറ്റ്’ എന്ന കമ്പനി ടോക്കോയ്ക്ക് വേണ്ടി ‘കോളി’ രൂപം തയ്യാറാക്കിയിരിക്കുകയാണ്. 12 ലക്ഷം രൂപ ചെലവിൽ 40 ദിവസങ്ങൾ എടുത്താണ് കമ്പനി ഇത് തയ്യാറാക്കിയിരിക്കുന്നത്.
താൻ ഒരുപാട് കാലമായി ഇത്തരത്തിലുള്ള വേഷവ്യത്യാസം ആഗ്രഹിക്കുന്നുവെന്നും, ഒരുപാട് ചിന്തിച്ച ശേഷമാണ് നായയുടെ രൂപത്തിലേക്ക് മാറാമെന്ന തീരുമാനത്തിലെത്തിയതെന്നും ടോക്കോ പറയുന്നു. ദേഹം മുഴുവൻ രോമമുള്ളതിനാലാണ് ‘കോളി’ ഇനത്തിൽ പെട്ട നായയെ തന്നെ ഇതിനായി തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.
ടോക്കോയുടെ നായയുടെ രൂപത്തിൽ അല്ലാത്ത ഒരു ഫോട്ടോ പോലും ലഭ്യമല്ല. തീർത്തും ഒരു നായ ആയി അറിയപ്പെടാൻ തന്നെയാണ് ഇദ്ദേഹത്തിൻറെ ശ്രമം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം എന്ന് ചോദിച്ചാൽ, അത് അങ്ങനെയൊരു ആഗ്രഹം എന്ന് മാത്രമേ ടോക്കോ ഉത്തരമായി പറയൂ. ഈ വേഷം ധരിച്ചുകഴിഞ്ഞാൽ ഇഷ്ടാനുസരണം ചലിക്കാൻ സാധിക്കുമോയെന്ന് ചോദിക്കുമ്പോൾ അതിന് ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും താൻ ആസ്വദിക്കുന്നു എന്നാണ് മറുപടി.
ജപ്പാനിലെ പ്രാദേശിക പ്രസിദ്ധീകരണങ്ങളിൽ ടോക്കോയുമായുള്ള അഭിമുഖവും വാർത്തകളുമെല്ലാം വന്നിരുന്നു. തനിക്ക് സ്വന്തമായുള്ള യൂട്യൂബ് ചാനലിൽ ടോക്കോ നായയുടെ വേഷം ധരിച്ചുകൊണ്ടുള്ള പല വീഡിയോകളും പങ്കുവച്ചിട്ടുമുണ്ട്.