
ആലപ്പുഴ: മാരക മയക്കുമരുന്നുകളുമായി കായംകുളത്ത് പിടിയിലായ ദമ്പതികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കടത്തിക്കൊണ്ടുവന്നിരുന്ന മയക്കുമരുന്നുകൾ കൊട്ടേഷൻ സംഘങ്ങൾക്കാണ് ഇവർ വിറ്റിരുന്നതെന്നാണ് പോലീസ് പറയുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസ് നിലവിൽ ഉണ്ട്.
വാദകശ്രമ കേസിൽ ജാമ്യത്തിലായിരിക്കെയാണ് അനീഷ് പത്തൊൻപതുകാരിയായ ആര്യയുമായി പ്രണയത്തിലാകുന്നത്. ഇതിനെത്തുടർന്ന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും നാടുവിടുകയായിരുന്നു. പിന്നാലെ വീട്ടുകാർ കായംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവർ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.
മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നാണ് ദമ്പതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്.
ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്നാണ് ദമ്പതികളായ അനീഷും ആര്യയും ചേർന്ന് കടത്താൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് കായംകുളം സ്വദേശികളായ ദമ്പതികൾ മയക്കുമരുന്നുമായി പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 70 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 3.5 ലക്ഷത്തോളം രൂപ വില വരും. കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതിൽ അനീഷ് (24,), കായംകുളം കൊറ്റുകുളങ്ങര തൈപറമ്പിൽ ആര്യ (19) എന്നിവരെയാണ് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവർ പിടിയിലാകുന്നത്.
പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെഎസ്ആർ ടി സി ബസ്റ്റാന്റിന് തെക്ക് വശത്തുനിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്. എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫിന്റെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കായംകുളത്ത് നടത്തിയ വാഹനപരിശോധനയിലാണ് ദമ്പതികൾ പിടിയിലാകുന്നത്. ലഹരിമരുന്നുമായി അന്തർസംസ്ഥാന ബസിലാണ് ഇവർ എത്തിയത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എംഡിഎംഎ മുംബൈ, ഗോവ, എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവർ പിടിയിലാകുന്നത്.
സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, മുരളിധരൻ, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് അരുൺ ഇല്യാസ്, എഎസ്ഐ സന്തോഷ്, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എസ് പിയുടെ സ്പെഷ്യൽ സ്കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.