
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിക്കും കുടുംബത്തിനായി അന്വേഷണം തുടർന്ന് പോലീസ്. കുട്ടിയെ റാലിക്കെത്തിച്ചത് പിതാവ് തന്നെയാണെന്നാണ് പോലീസ് നൽകുന്ന വിവരം. പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് പിതാവ്. കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ഉൾപ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയ്ക്കും രക്ഷിതാക്കൾക്കുമായി ജില്ല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിനെ ഭയന്ന് കുടുംബം ഒളിവിലാണ്. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കളെ കസ്റ്റഡിയിൽ എടുക്കാൻ ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. ഫോണിൽ ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചും ഫലം കണ്ടില്ല. കുടുംബം എവിടെയാണെന്ന് അറിയില്ലെന്നാണ് അയൽവാസികളും പറയുന്നത്. കുടുംബം ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
‘മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകി; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യം’
ആലപ്പുഴ : പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്ന് റിമാൻറ് റിപ്പോർട്ട് പറയുന്നു.
മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടു എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നു. പ്രായപൂർത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്.
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയും റിമാൻഡ് ചെയ്തു. അതിനിടെ പോപ്പുലർഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. കുട്ടി എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി.
കുട്ടിയെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിലെത്തി. എന്നാൽ വീട് പൂട്ടിയ നിലയിലാ.ിരുന്നു. അതുകൊണ്ട് കുട്ടിയെ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാൽ രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായത്. പ്രകോപന മുദ്രാവാക്യം വിളിയിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബം വീട്ടിൽ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന. ഇതിനൊപ്പം സംഭവത്തിൽ പ്രതിചേർത്ത പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ ഇതിനോടകം ചോദ്യം ചെയ്തു. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ നിന്നാണ് അൻസാർ നജീബിനെ കസ്റ്റഡിയിൽ എടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വൈദ്യപരിശോധന നടത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. സംഭവത്തിൽ 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകിയിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച നടന്ന റാലിയിൽ ആണ് കുട്ടി വിദ്വേഷം വളർത്തുന്ന രീതിയിൽ മുദ്രാവാക്യം മുഴക്കിയത്. രാഷ്ട്രീയ ശത്രുക്കളോട് മരണാനന്തര ക്രിയകൾക്കായി അവിലും മലരും, കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി. ഇത് റാലിയിൽ പങ്കെടുത്ത മറ്റുള്ളവർ ഏറ്റുചൊല്ലി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ആയിരുന്നു കുട്ടിയെ ചുമലിൽ ഏറ്റിയിരുന്നത്.
പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളും കുട്ടിയെ അറിയില്ലെന്നാണ് മൊഴി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ നടന്ന റാലിയിലാണ് കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അഭിഭാഷക പരിഷത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.