KERALANEWS

എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ പ്രചാരണം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. എൽഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് നടപടി.

കോൺഗ്രസ് അനുകൂലികളായ സ്റ്റീഫൻ ജോൺ, ഗീത പി തോമസ് എന്നിവർക്കെതിരെയാണ് കേസ്. ജോ ജോസഫിനെ സമൂഹമധ്യത്തിൽ സ്വഭാവഹത്യ നടത്തുന്നതിനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതി തൃക്കാക്കാര സ്റ്റേഷനിലേക്ക് കൈമാറി. ഐടി ആക്ട് 67എ, 123 വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

‘എല്ലാവർക്കും കുടുംബമുള്ളതല്ലേ, ഇതു ക്രൂരതയാണ്; തിരഞ്ഞെടുപ്പു കഴിഞ്ഞും ഞങ്ങൾക്ക് ഇവിടെ ജീവിക്കണം’

കൊച്ചി: തിരഞ്ഞെടുപ്പു കഴിഞ്ഞും ഞങ്ങൾക്ക് ഇവിടെ ജീവിക്കണം, എല്ലാവർക്കും കുടുംബമുള്ളതല്ലേ. ഇതു വളരെ ക്രൂരമല്ലേ’’ – ഡോ. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ. ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയ്ക്കെതിരെയാണു പ്രതികരണം. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫ് പരാതി നൽകിയിട്ടുണ്ട്.

‘നേതാക്കളോടുള്ള അപേക്ഷയാണ്, ഇത്തരം പ്രചാരണങ്ങളിൽനിന്നു പിൻമാറണം, പച്ചക്കള്ളമല്ലേ. ഇതിൽ വാസ്തവമില്ലല്ലോ. ഉണ്ടാക്കി എടുക്കുന്ന വിഡിയോകളല്ലേ. ഇങ്ങനെ ചെയ്യാൻ പാടുണ്ടോ, ഇതു വളരെ ക്രൂരമല്ലേ. കുട്ടികൾക്കു സ്കൂളിൽ പോകണ്ടേ? അവരുടെ കൂട്ടുകാരെ കാണണ്ടേ? എനിക്കു ജോലി ചെയ്തു ജീവിക്കണ്ടേ? നമ്മൾ മനുഷ്യരല്ലേ? എന്റെ സ്ഥാനത്തു വേറൊരാളായാലും വിഷമമുണ്ടാവില്ലേ?

അദ്ദേഹത്തിന്റെ പേരിൽ വ്യക്തിപരമായി ഒരുപാടു ട്രോളുകൾ വന്നു. അതൊന്നും കാര്യമാക്കിയില്ല. നിലപാടുകളാണു രാഷ്ട്രീയത്തിൽ മൽസരിക്കുന്നത് എന്നു മനസ്സിലാക്കാത്തവരോട് എന്തു പറയാനാണ്. കുടുംബത്തെക്കൂടി ബാധിക്കുന്ന കാര്യങ്ങളാകുമ്പോൾ പ്രതികരിക്കാതിരിക്കാനാകില്ല. ഇതിൽ ഒരു ഭീഷണിയുടെ സ്വരം കൂടിയുണ്ട്. ഞങ്ങൾക്കെതിരെ ഒരു പ്രഫഷനൽ സ്ഥാനാർഥിയായാൽ ഇതാണ് അനുഭവം, സൂക്ഷിച്ചോ എന്നൊരു ഭീഷണിയാണിതിൽ. തിരഞ്ഞെടുപ്പ് എല്ലാവർക്കും ശബ്ദിക്കാനുള്ള ഇടമാണ്.

ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നിൽക്കുന്നവരാണ് എതിർപക്ഷത്തുള്ളവർ എന്നാണ് ഇതു വ്യക്തമാക്കുന്നത്. പൊതുവിൽ കേരള സമൂഹം ഇതിനെ അങ്ങനെതന്നെ എടുക്കും. രാഷ്ട്രീയമായി എതിരിടാൻ കെൽപില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല. പാർട്ടി പരാതി കൊടുത്തിട്ടുണ്ട്. നിയമ നടപടികൾ തുടരും.

എതിർ സ്ഥാനത്തുള്ള രണ്ടു സ്ഥാനാർഥികൾക്കെതിരെ ഒരു വാക്കെങ്കിലും മോശമായി ആരെങ്കിലും സംസാരിച്ചിട്ടില്ല. അങ്ങോട്ടു വളരെ ആദരവോടെ, ബഹുമാനത്തോടെയാണു സംസാരിക്കുന്നത്. ആ ഒരു മാന്യതയുടെ അംശമെങ്കിലും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്’’ – ദയ പാസ്കൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close