KERALANEWSTrending

നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർധിപ്പിച്ചു; ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം; പുതുക്കിയ വേതനനിരക്ക് ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു. നിലവിലുള്ള 299 രൂപ 311 രൂപയാക്കിയാണ് വ‌ർധിപ്പിച്ചത്. ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വേതന വർദ്ധനവ്. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികളെ മാലിന്യ സംസ്കരണ മേഖലയിലും വിനിയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ 229 രൂപയായിരുന്ന വേതനം, 2020ൽ 299 രൂപയാക്കി വർധിപ്പിച്ചിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ്, നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

എന്താണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി?

നഗരപ്രദേശങ്ങളിൽ താമസിക്കുന്ന, അവിദഗ്‍ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രാ യപൂർത്തിയായ അംഗങ്ങൾക്ക്, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ. അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുക. ഇതാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഏറ്റെടുത്തു നടപ്പിലാക്കാവുന്ന എല്ലാ പ്രവൃത്തികളും ഏറ്റെടുക്കാൻ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് അനുവാദം നൽകിയിട്ടുണ്ട്. നഗരങ്ങളിലെ മാലിന്യ സംസ്കരണവും അനുവദനീയമായ പ്രവൃത്തിയാണ്. കൂടാതെ 2019-20 സാമ്പത്തിക വർഷം മുതൽ രണ്ടു കന്നുകാലികളിൽ കൂടുതലുള്ള, അവശത അനുഭവിക്കുന്ന വിഭാഗത്തിൽപ്പെടുന്ന ക്ഷീരകർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമാവധി 100 ദിവസത്തെ വേതനം അയ്യങ്കാളി നഗര തൊഴിലുറപ്പ് ഫണ്ടിൽ നിന്ന് ഇവർക്ക് നൽകുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close