
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട പരമ്പര. 24 മണിക്കൂറിനിടെ പിടിച്ചെടുത്തത് ഒരു കോടിയുടെ മുകളിൽ വില വരുന്ന സ്വർണം.കാസർകോട് സ്വദേശിയായ അബ്ദുൾ തൗഫീഖ് എന്നയാളിൽ നിന്നാണ് ഇന്ന് ഒടുവിൽ സ്വർണം പിടിച്ചെടുത്തത്. 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളിൽ നിന്ന് പിടികൂടിയത്. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്.
രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും കണ്ണൂരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വിമാനത്താവളത്തിനുള്ളിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 268 ഗ്രാം സ്വർണവും കർണാടകത്തിലെ ഭട്കൽ സ്വദേശി മുഹമ്മദ് ഡാനിഷിൽ നിന്നും 360 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇതോടെ കണ്ണൂർ എയർപോർട്ടിൽ ഇന്ന് ആകെ ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു ദിവസം രണ്ട് തവണയാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വൻ സ്വർണവേട്ട നടന്നിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് രണ്ടേമുക്കാൽ കിലോ വരുന്ന സ്വർണ മിശ്രിതം പൊലീസ് പിടികൂടിയത്. ബഹ്റൈനിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സിൽ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദു സലാമിൽ നിന്നാണ് പൊലീസ് ഒന്നരക്കോടി വില വരുന്ന സ്വർണ മിശ്രിതം കണ്ടെടുത്തത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്ന് സ്വർണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണം തൊണ്ടയാട് എത്തിക്കാനായിരുന്നു നിർദ്ദേശമെന്നാണ് അബ്ദു സലാം പൊലീസിന് നൽകിയ മൊഴി. ടാക്സി വിളിച്ച് എത്തിക്കാനാണ് നിർദ്ദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അതേസമയം കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാൾ കടത്തിയത്. കടത്തിയ സ്വർണ്ണത്തിൻറെ മൂല്യം ഏതാണ്ട് നാലര കോടിയോളം രൂപ വരും. എയർ ഇന്ത്യ കാബിൻ ക്രൂ നവനീത് സിംഗ് ഇന്നലെയാണ് സ്വർണം കടത്തിയതിന് പിടിയിലായത്. ഡൽഹി സ്വദേശിയാണ് നവനീത് സിംഗ്. കസ്റ്റംസാണ് ഇന്നലെ നവനീതിനെ കസ്റ്റഡിയിൽ എടുത്തത്. ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാൾ ഷൂസിനകത്ത് ഒളിപ്പിച്ച് കടത്തിയത്. ദുബായിൽ നിന്ന് എത്തിച്ചതായിരുന്നു സ്വർണം.