KERALANEWSTrending

ദോശയും ചമ്മന്തിയും കഴിച്ച ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; മലബാർ സ്പിന്നിങ് മില്ലിലെ ക്യാന്റീന്‍ പൂട്ടിച്ചു

കോഴിക്കോട്: ദോശയും ചമ്മന്തിയും കഴിച്ച ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് തിരുവണ്ണൂരിലാണ് സംഭവം. ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് മലബാര്‍ സ്പിന്നിങ് മില്ലിലെ ക്യാന്റീന്‍ പൂട്ടിച്ചു.

വ്യാഴാഴ്ച രാവിലെ ഇവിടെനിന്ന് ദോശയും ചമ്മന്തിയും കഴിച്ച ശേഷമാണ് ജീവനക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.

ഇരുപതോളം തൊഴിലാളികള്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഫാറൂഖ് ഇ.എസ്.ഐ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും നില ഗുരുതരമല്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രമേ ഇനി കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാനാകൂ.

ക്രീം ബണ്ണിൽ ക്രീം കുറവെന്നാരോപിച്ച് കൈതല്ലിയൊടിച്ചു; വിശദ അന്വേഷണത്തിന് പോലീസ്

കോട്ടയം: ക്രീം ബണ്ണിൽ ക്രീം കുറവെന്നാരോപിച്ച് കടയുടമയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അതിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. ബേക്കറി ഉടമയെ കൂടാതെ ചായ കുടിക്കാനെത്തിയ 95 കാരനായ വൃദ്ധനെയുമടക്കം അഞ്ചുപേരെയാണ് അക്രമിസംഘം ആക്രമിച്ചത്. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 കാരനായ വൃദ്ധനെ ഇവർ തല്ലിയത്.

ബുധനാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. വൈക്കം സർക്കാർ ആശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വൈകുന്നേരം അഞ്ച് മണിയോടെ കടയിൽ ചായ കുടിക്കാൻ എത്തിയവരും ബേക്കറി ഉടമയും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. ആറംഗ സംഘമാണ് കടയിൽ അക്രമം നടത്തിയതെന്ന് ബേക്കറി ഉടമ പോലീസിന് മൊഴി നൽകി. വിശദമായ അന്വേഷണത്തിന് ശേഷം നടപടിയിലേക്കു കടക്കാനാണ് പോലീസ് തീരുമാനം.

ആറംഗ സംഘത്തിൽ ഒരാൾ ബണ്ണ് കഴിക്കുന്നതിനിടെ ക്രീം കുറവാണ് എന്ന് ബേക്കറി ഉടമയോട് പറഞ്ഞു. അസഭ്യവാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ ബേക്കറി ഉടമയോട് സംസാരിച്ചത്. തുടർന്ന്, ബേക്കറി ഉടമ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. ഇതിനുശേഷമാണ് ആറംഗ സംഘം തങ്ങളെ ക്രൂരമായി മർദ്ദിച്ചത് എന്ന് ബേക്കറി ഉടമ ശിവകുമാർ പോലീസിന് മൊഴി നൽകി.

അക്രമത്തിൽ ബേക്കറി ഉടമ ശിവകുമാറിന്റെ ഭാര്യ കവിതയ്ക്കും മക്കളായ കാശിനാഥനും സിദ്ധിവിനായകനും മർദനമേറ്റു എന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഇവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്ക് മർദ്ദനമേറ്റതായി ആശുപത്രി അധികൃതരും സ്ഥിരീകരിക്കുന്നു.

അതേസമയം, ബേക്കറി ഉടമയാണ് തങ്ങളെ മർദ്ദിച്ചത് എന്നാരോപിച്ച് ആറംഗസംഘം പൊലീസിന് പരാതി നൽകി. വൈക്കത്തിനു സമീപം പാലാംകടവ് സ്വദേശികളായ യുവാക്കളാണ് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. ദൃക്സാക്ഷികളുടെ മൊഴി കൂടി രേഖപ്പെടുത്തി നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധിവിനായകനും മർദനമേറ്റതെന്നാണ് പരാതി. കവിതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൈവിരൽ ഒടിച്ചതായും പരാതിയുണ്ട്. അതിനിടെ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ആലുങ്കൽ വേലായുധൻ എന്ന 95 വയസുകാരനും സംഘർഷത്തിൽ പരുക്കേറ്റു. വീഴ്ചയിൽ ഇയാളുടെ നട്ടെല്ലിനടക്കം പരിക്ക് പറ്റിയതായാണ് പൊലീസ് പറയുന്നത്.

സംഘർഷത്തിൽ കടയിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന നിരവധി സാധനങ്ങൾ അക്രമികൾ തല്ലിത്തകർത്തു. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടു. ഇരു വിഭാഗത്തിലെ പരാതികളും ഗൗരവമായിത്തന്നെ പരിശോധിക്കുമെന്ന് വൈക്കം പോലീസ് വ്യക്തമാക്കി.

അടുത്തിടെ ഗൗരവമേറിയ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലായിരുന്നു താനെന്ന് കവിത പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവ് അസഭ്യം പറഞ്ഞു അക്രമത്തിന് ശ്രമിച്ചപ്പോൾ താൻ അനുനയിപ്പിക്കാൻ ശ്രമം നടത്തിയതായി കവിത പോലീസിനോട് പറഞ്ഞു.

എന്നാൽ കുഞ്ഞുങ്ങളോട് പോലും കരുണ കാട്ടാതെയുള്ള അക്രമമാണ് യുവാക്കൾ നടത്തിയത് എന്നാണ് ഇവർ പോലീസിന് നല്കിയിരിക്കുന്ന മൊഴി. നിസാര സംഭവങ്ങൾ ചൊല്ലിയുണ്ടായ അക്രമത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തിൽ വൈകാതെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കും. പ്രദേശത്ത് സി.സി.ടി.വി. ക്യാമറ ഉൾപ്പെടെയുള്ളവ ഉണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close