
കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായി ചർച്ചകൾ പുരോഗമിക്കുന്നു. ക്ഷേത്രത്തിൽ വെച്ച് മാലയിട്ടുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന പ്രചാരണം നടക്കുന്നത്. എന്നാൽ ഇതുവരെയും ഔദ്യോഗിക ചിത്രങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
ഇരുവരും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. അതും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളല്ല. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന രീതിയിൽ ഗോപീ സുന്ദർ ഇന്നലെ രണ്ടുപേരുടെയും ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അമൃതാ സുരേഷ് മാലയിട്ടു നിൽക്കുന്ന ചിത്രം വൈറലാകുന്നത്.
ഗോപീ സുന്ദർ ഏപ്രിൽ 28നാണ് പഴനിയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. അമൃതാ സുരേഷാകട്ടെ ഈ മാസം 22 ന് പഴനി ആണ്ടവനെ ദർശനം നടത്തിയതായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതേ ചിത്രങ്ങൾക്കു വിവാഹ ചിത്രങ്ങളാണ് എന്ന് ആരാധകർ പ്രതികരണം നടത്തിയിട്ടുണ്ട്. ഇക്കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
അതേസമയം ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോപി സുന്ദർ തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……” എന്നാണ് ചിത്രത്തിന് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നൽകുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്ന് ഒട്ടേറെയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
“നിങ്ങളെ രണ്ടുപേരെയുമോർത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിൻറെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങൾക്കൊപ്പമുണ്ടായതിൽ വളരെ സന്തോഷം” എന്നാണ് ചിത്രത്തിന് അടിയിൽ ബിഗ് ബോസിൽ താരമായിരുന്നു സോഷ്യൽ മീഡിയ സെലബ്രൈറ്റി അപർണ മൾബറി ഈ പോസ്റ്റിന് അടിയിൽ പ്രതികരിച്ചത്. ‘മൈൻ’ എന്നാണ് പോസ്റ്റിന് അടിയിൽ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.
മൂന്ന് ആഴ്ച മുൻപ് ഗോപി സുന്ദറിൻറെ സ്റ്റുഡിയോയിൽ ഗാനം റെക്കോഡ് ചെയ്യുന്ന വേളയിൽ ഇരുവരും ചേർന്നുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.