
കൊച്ചി: നഷ്ടപ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണി. പത്തൊമ്പതാമത്തെ വയസ്സിലെ പ്രണയത്തെ കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഫ്ളവേഴ്സ് ചാനലിൽ ശ്രീകണ്ഠൻ നായർ അവതാരകനായ ‘ഫ്ളവേഴ്സ് ഒരു കോടി ‘ എന്ന പരിപാടിയിലാണ് തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
19-ാം വയസ്സിലായിരുന്നു ആ പ്രണയമെന്ന് മണിയാശാൻ പറയുന്നു. “ഒരു പെൺകുട്ടിയോട് സ്നേഹം തോന്നിയിരുന്നു. അയാൾക്കും അത് അറിയാമായിരുന്നു. ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അയാളുടെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല.
അങ്ങനെ എനിക്ക് കല്യാണം ആലോചിക്കുന്ന സമയം ആയപ്പോൾ എനിക്ക് ഇങ്ങനെ ഒരു താത്പര്യം ഉണ്ടെന്ന് ഞാൻ അച്ഛനോട് പറഞ്ഞു, അച്ഛൻ അവരോട് ആലോചിച്ചപ്പോൾ അവർക്ക് താത്പര്യമില്ലെന്ന് പറഞ്ഞു. അവൾക്ക് ഇഷ്ടമായിരുന്നു.ഒടുവിൽ ഞാൻ അച്ഛനോടും അമ്മയോടും നിങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ കണ്ടോളാൻ പറഞ്ഞു. അവർക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ നമ്മൾ എന്തിന് പോകണമെന്നാണ് തോന്നിയത്. പക്ഷേ ഒരു കാര്യമുണ്ട്. ഇന്നായിരുന്നെങ്കിൽ ഞാൻ വിളിച്ചോണ്ട് വന്ന് രജിസ്റ്റർ ചെയ്തേനെ. അന്ന് അങ്ങനെ ഒന്നും ചിന്തിക്കാനും, ചെയ്യാനും പറ്റില്ല, എം.എം. മണി പറയുന്നു.”
അന്ന് പ്രണയനൈരാശ്യം ഉണ്ടായി പ്രശ്നത്തിലായോ എന്ന ചോദ്യത്തിന് അതുണ്ടാവുമല്ലോ എന്നായിരുന്നു എം.എം മണിയുടെ മറുപടി. ഈ ആളെ പിന്നീട് എപ്പോഴെങ്കിലും കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരുന്നെന്നും മന്ത്രിയായ ശേഷമൊന്നും കണ്ടിട്ടില്ലെന്നുമായിരുന്നു മണിയുടെ മറുപടി. ഭാര്യയോട് ഈ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.
20ാമത്തെ വയസിലാണ് ഞാൻ വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് അന്ന് 18 വയസാണ്. വിവാഹശേഷവും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. ഭാര്യയ്ക്ക് ഇതിൽ പരാതി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ ഒന്നും ഇല്ല അത് എന്റെ ഇഷ്ടം പോലെ ആണെന്നായിരുന്നു എം.എം മണിയുടെ മറുപടി. എന്റെ ഇഷ്ടത്തിന് അയാളും ഒപ്പം നിന്നു. സമരങ്ങളിലും പൊതുപ്രവർത്തനത്തിലും സജീവമാകുന്നതിലൊന്നും ഭാര്യയ്ക്ക് ഒരിക്കലും എതിർപ്പില്ലായിരുന്നു.
ഉത്തമനായ കുടുംബനാഥനാണോ എന്ന ചോദ്യത്തിന് കുഴപ്പമൊന്നുമില്ല, ഭാര്യയോടും മക്കളോടും മാന്യമായി പെരുമാറുന്ന ആളാണ് താനെന്നായിരുന്നു എം.എം. മണിയുടെ മറുപടി. മക്കൾ കൊച്ചുങ്ങളാകുമ്പോൾ മുതൽ രാത്രി വീട്ടിൽ എത്തി അവരെ കണ്ട ശേഷമേ ഞാൻ ഭക്ഷണം കഴിക്കുള്ളൂ. അന്നൊക്കെ അങ്ങനെ ആയിരുന്നു.
ജനിച്ചത് സാമ്പത്തികമായി ഭദ്രതയുള്ള വീട്ടിലൊന്നുമായിരുന്നില്ല. പിന്നെ കൃഷിയൊക്കെ ചെയ്ത് ആറേഴ് ഏക്കർ സ്ഥലവും ആദായവുമൊക്കെ ആയപ്പോൾ കുറച്ച് മെച്ചപ്പെട്ടതാണ്. പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ വീട്ടിൽ കൃഷിയും കാര്യങ്ങളും നോക്കുന്നില്ലെന്ന പരാതി വന്നിരുന്നെന്നും എം.എം. മണി പറഞ്ഞു.