
ചെന്നൈ: ഭാര്യയെയും മക്കളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകൾ നിത്യശ്രീ(11) മകൻ ഹരികൃഷ്ണൻ(9) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ പല്ലാവരത്താണ് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ്-ഗായത്രി ദമ്പതിമാരുടെ വിവാഹവാർഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടിൽ രാത്രിയിൽ ഓൺചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രകാശിന്റെ സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക്ക് കട്ടിങ് മെഷീൻ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഏതാനുംദിവസങ്ങൾക്ക് മുമ്പ് പ്രകാശ് ഓൺലൈൻ വഴിയാണ് കട്ടിങ് മെഷീൻ വാങ്ങിയതെന്നും സൂചനകളുണ്ട്.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവിന്റെ ചിത്രത്തിനരികെ 20000 രൂപ വെച്ച് വിചിത്രമായ കുറിപ്പ്; ശുചിമുറിയിലെ പൈപ്പുകൾ എല്ലാം തുറന്നിട്ട നിലയിൽ; അമ്മയും മകളും ഫ്ലാറ്റിനുള്ളിൽ ജീവനൊടുക്കി
കൊൽക്കത്ത: ഫ്ലാറ്റിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ. ഗൃഹനാഥൻ മരിച്ച് ഒരു മാസം തികഞ്ഞ ദിവസമാണ് ഇരുവരുടെയും മരണം. കൊൽക്കത്ത സാൾട്ട് ലേക്ക് സി.ഡി. 174-ലെ പരേതനായ സ്നേഹാശിഷ് ഘോഷിന്റെ ഭാര്യ സുപർണ (56), മകൾ സ്നേഹ(30) എന്നിവരാണ് മരിച്ചത്. ഇരുവരും വിഷം കഴിച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
വ്യാഴാഴ്ച രാവിലെയാണ് ഇവരെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റിൽനിന്ന് പോലീസ് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. അതേസമയം, വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യഥാർഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. സാൾട്ട്ലേക്കിൽ മൂന്നുനില കെട്ടിടത്തിലെ ഫ്ളാറ്റിലാണ് സുപർണയും മകളും താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഇവരുടെ ഫ്ളാറ്റിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ടാണ് അയൽക്കാർ സംഭവമറിയുന്നത്.
കെട്ടിടത്തിന്റെ താഴത്തെനിലയിൽ ഇവരുടെ ബന്ധുവും താമസിക്കുന്നുണ്ട്. ഫ്ളാറ്റിനുള്ളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ബന്ധുക്കളും അയൽക്കാരും ഇവിടെയെത്തി വാതിലിൽ മുട്ടിവിളിച്ചു. പ്രതികരണം ലഭിക്കാത്തതിനാൽ ബിദാൻനനഗർ നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്തുകയറിയതോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛന്റെ ചിത്രം വെച്ചിരുന്ന മേശയ്ക്ക് സമീപം നിലത്തുകിടക്കുന്ന നിലയിലായിരുന്നു മകളുടെ മൃതദേഹം. അമ്മയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്നനിലയിലും കണ്ടെത്തി.
ശുചിമുറികളിലെ പൈപ്പുകളെല്ലാം തുറന്നിട്ടനിലയിലായിരുന്നു. ഫ്ളാറ്റിൽ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകി താഴത്തെനിലയിലുള്ളവർ മരണവിവരം അറിയാൻ വേണ്ടിയാകാം ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ഇതിനുപുറമേ, അന്തരിച്ച സ്നേഹാശിഷ് ഘോഷിന്റെ ചിത്രത്തിന് സമീപം 20,000 രൂപയും കണ്ടെത്തി. പണത്തോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. തങ്ങളുടെ അന്ത്യകർമങ്ങൾക്കായി ഈ പണം ഉപയോഗിക്കണമെന്നായിരുന്നു കുറിപ്പ്.
നഗരത്തിൽ ഇലക്ട്രോണിക്സ് സർവീസ് സെന്റർ നടത്തിയിരുന്ന സ്നേഹാശിഷ് ഘോഷ് അസുഖബാധിതനായി ഏപ്രിൽ 26-നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മകളും കടുത്ത വിഷാദത്തിലായിരുന്നുവെന്ന് അയൽക്കാരും ബന്ധുക്കളും പറഞ്ഞു. ഭർത്താവിന്റെ മരണത്തിന് ശേഷം സുപർണയും മകളും അപൂർവായി മാത്രമേ ഫ്ളാറ്റിൽനിന്ന് പുറത്തിറങ്ങിയിരുന്നുള്ളൂവെന്നും അയൽക്കാർ പ്രതികരിച്ചു.
രാജാബസാർ സയൻസ് കോളേജിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സ്നേഹ പൂണെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. വിവാഹമോചിതയായ ശേഷം മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷമായി വീട്ടിലിരുന്നായിരുന്നു ജോലി. കുടുംബത്തിന് മറ്റു സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലെന്നാണ് വിവരമെന്നും വാർഡ് കൗൺസിലറായ സിൻഹ റോയി മാധ്യമങ്ങളോട് പറഞ്ഞു.