KERALANEWSSocial MediaTrendingviral

‘വിവാഹിതയാകാതെ നീ നിൽക്കുന്നതു കൊണ്ട് ചോദ്യം ചെയ്യാൻ വരുന്നവനെ ഞാൻ ആട്ടും’; നീ എനിക്ക് ഏറെ വിലപെട്ടവളാണ്; സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒരു അച്ഛന്റെ കുറിപ്പ് ഇങ്ങനെ..

മകൾക്കായി അച്ഛൻ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. മകളുടെ വിവാഹത്തെ കുറിച്ച് പിതാവിനുള്ള കാഴ്ചപാടുകളും ഉപദേശങ്ങളും കൊണ്ട് എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് അച്ഛന്റെ കുറിപ്പ്. അഭിഭാഷകനായ ജയറാം സുബ്രമണി മകൾ അവന്തികയ്ക്കായി എഴുതിയതാണ് ഈ കുറിപ്പ്. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

നാട്ടുനടപ്പ് അനുസരിച്ചുള്ള കല്ല്യാണപ്രായം കഴിഞ്ഞിട്ടും മകൾ വിവാഹിതയാകാതെ നിൽക്കുന്നതുകൊണ്ട് ആരെങ്കിലും ചോദ്യംചെയ്താൽ അയാളെ ഒരു അച്ഛൻ എന്ന നിലയിൽ ചീത്ത പറയുമെന്ന് ജയറാം കുറിപ്പിൽ പറയുന്നു. പ്രണയ വിവാഹത്തിന് ശേഷവും ബന്ധം മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ മകൾക്ക് തിരിച്ചുവരാം എന്നും വീടിന്റെ വാതിൽ മകൾക്ക് മുന്നിൽ തുറന്ന് തന്നെ കിടക്കുമെന്നും ജയറാം വ്യക്തമാക്കുന്നു.

തന്റേടിയെന്നോ താന്തോന്നിയെന്നോ പേര് കേൾക്കുമെന്ന് കരുതി സഹിച്ച് സഹകരിച്ച് ഒതുങ്ങി കൂടേണ്ടതില്ല. തലയുയർത്തി നടു നിവർത്തി നിൽക്കണമെന്നും അച്ഛൻ മകളെ ഓർമിപ്പിക്കുന്നു. നിരവധി ആളുകൾ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചിട്ടുണ്ട്. അച്ഛനായാൽ ഇങ്ങനെ വേണമെന്നും ഈ ഒരു വാക്ക് മതിയെന്നും ആളുകൾ കമന്റ് ചെയ്യുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ..

അവന്തികാ….

ഞാൻ നിന്നെ വളർത്തുന്നത് ഏതോ ഒരുത്തന് നിന്റെ ജീവിതം വച്ച് പന്താടാൻ നിന്നെ ഏൽപ്പിക്കാനല്ല.ഏതോ ഒരുത്തന് ചെലവഴിക്കാൻ വേണ്ടി ഞാൻ ഒരു രൂപ പോലും സേവ് ചെയ്യുകയുമില്ല. ഞാൻ നിനക്ക് വിദ്യാഭ്യാസം തരും.സ്വയം സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനും നിന്നെ പ്രാപ്തയാക്കും.

നിന്നെ വിവാഹിതയാകാൻ ഞാനായിട്ട് പ്രേരിപ്പിക്കുകയില്ല. കല്ല്യാണപ്രായം എന്നൊരു പ്രായം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അത് കവർ ചെയ്ത് നീ വിവാഹിതയാകാതെ നിൽക്കുന്നതു കൊണ്ട് എന്നെ ചോദ്യം ചെയ്യാൻ വരുന്നവനെ ഞാൻ ആട്ടും.കുടുംബത്തിന്റെ സല്‌പേരിനെ പറ്റി പ്രസംഗിക്കുന്നവരെ അകറ്റും.അതിൽ കുറഞ്ഞ സല്‌പേര് മതി നമുക്ക്.അതിൽ കുറഞ്ഞ ആഢ്യത മതി നമ്മുടെ കുടുംബത്തിന്.
നിനക്ക് നിന്റേതായ വഴി തിരഞ്ഞെടുക്കാനും ചോയ്‌സസ് എടുക്കാനും സ്വാതന്ത്ര്യമുണ്ട്.

നിനക്ക് തോന്നി നിന്റെ ഇഷ്ടപ്രകാരം നീ വിവാഹിതയായാൽ…ഒരു കാര്യം ഉറപ്പിച്ചോളുക.നിനക്ക് ആ ബന്ധം ഡിസ്‌കംഫർട്ടായി തോന്നുന്നുവെങ്കിൽ..നിന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമായി ഒത്തു പോകുന്നില്ല ജീവിതമെങ്കിൽ ഒരു നിമിഷം മുൻപ് തിരിച്ച് പോന്നേക്കുക.നീയായിട്ട് തെരഞ്ഞെടുത്ത ഒരു ബന്ധത്തിലെ കല്ലുകടിയും പീഢനങ്ങളും അവമതികളും നീ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല.നമ്മുടെ വീടിന്റെ വാതിൽ നിനക്ക് മുന്നിൽ എന്നും തുറന്ന് തന്നെ കിടക്കും.

തിരിച്ചു പോരാൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുകയാണെങ്കിൽ വിവരം അറിയിക്കുക.അടുത്ത നിമിഷം ഞാനവിടെത്തും.ഇനി അറിയിക്കാനാകാത്ത വിധമാണ് നിന്റെ സ്ഥിതിയെങ്കിൽ പോലും അത് ഞാനായിട്ടറിഞ്ഞോളാം.അതിനുള്ള വഴികളൊക്കെ എനിക്കറിയാം.വിവാഹിതയായി എന്ന് വച്ച് നീ എന്റെ മകളല്ലാതെയാകുന്നില്ല. അച്ഛനുമമ്മയും വിഷമിക്കുമെന്ന് കരുതി നീ യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കുമ്പോൾ ഓർക്കുക…നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം. നീ ഇല്ലാതാകുന്നതിലും വലുതല്ല വിവാഹിതയായ നീ തിരിച്ചു വന്നാലുണ്ടായേക്കാവുന്ന കുശുകുശുപ്പുകൾ.

ഒരു കാരണവശാലും വ്യക്തിത്വവും സ്വാതന്ത്ര്യവും ബലി കൊടുത്ത് നീ ഒരു കുലസ്ത്രീ പട്ടം അണിയേണ്ടതില്ല. തന്റേടിയെന്നോ താന്തോന്നിയെന്നോ പേര് കേൾക്കുമെന്ന് കരുതി സഹിച്ച് സഹകരിച്ച് ഒതുങ്ങി കൂടേണ്ടതുമില്ല. തലയുയർത്തി നടു നിവർത്തി നിൽക്കുക. നിന്റെ ജീവിതം നിന്റെ മാത്രമാണ്. തന്റേടത്തോടെ ജീവിക്കുക. നീ എനിക്ക് ഏറെ വിലപ്പെട്ടവളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close