Breaking NewsKERALANEWSTop News

ഗായകൻ ഇടവ ബഷീർ അന്തരിച്ചു; അന്ത്യം സ്റ്റേജിൽ ഗാനമേള അവതരിപ്പിക്കുന്നതിനിടെ

ആലപ്പുഴ: ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ആലപ്പുഴയിൽ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 78 വയസായിരുന്നു. സ്റ്റേജിൽ പാടുന്നതിനിടെ ഞെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയായിരുന്നു കുഴഞ്ഞ് വീണത്.

ഗാനമേളകളെ ജനകീയമാകുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു ഇടവ ബഷീർ. നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അൽപസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ആഘോഷപരിപാടികൾ നിർത്തിവച്ചു.

കൊല്ലം ജില്ലയോട് ചേർന്നുകിടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. കോളജിൽ ചേർന്നുപഠിക്കാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിക്കാനായിരുന്നു ബഷീറിനു താൽപര്യം.

1972ൽ ഗാനഭൂഷണം പാസായി. ‌അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽപാടാൻ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചു.

1978ൽ ‘രഘുവംശം’ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയത്. കെ.ജെ. ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമയിൽ പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന ഗാനം സൂപ്പർ ഹിറ്റായി. പിന്നീട്, തുടർന്നും സിനിമയിൽ ചില അവസരങ്ങൾ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിക്കുകയായിരുന്നു.

അഞ്ച് പതിറ്റാണ്ടു മുൻപു ഗാനമേളയ്‌ക്കായി കൊല്ലം സംഗീതാലയയ്‌ക്കു രൂപം നൽകി. ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ആയിരുന്നു ഉദ്‌ഘാടകൻ. 1996ൽ കൊല്ലത്തു സംഗീതം റെക്കോർഡിങ് സ്‌റ്റുഡിയോ തുടങ്ങിയപ്പോഴും ഉദ്‌ഘാടകൻ യേശുദാസ് തന്നെ. കേരളത്തിൽ അപൂർവം ഗാനമേള സമിതികൾ മാത്രമുണ്ടായിരുന്നപ്പോഴാണു സംഗീതാലയ പിറന്നത്.

യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി. വേദികൾ ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമായി. അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ സംഗീതാലായയ്‌ക്ക് അതിരുകളില്ലാത്ത പ്രയാണം. പിതാവ് അബ്‌ദുൽ അസീസ് സിംഗപ്പൂരിലായിരുന്നതിനാൽ അവിടെ നിന്ന് അത്യാധുനിക സംഗീതോപകരണം കൊണ്ടുവന്നായിരുന്നു ഗാനമേളയിൽ പുതുമ ഒരുക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close