തെരഞ്ഞെടുപ്പിന് സ്ഥാനാർഥി ആണെന്ന് കരുതി ഫ്ലെക്സ് വരെ അടിച്ച അയ്മനം സിദ്ധാർഥൻ; അയ്മനത്തെ വെട്ടി തലപ്പത്ത് നിന്ന് കെട്ടിയിറക്കിയ ഡോക്ടർ സ്ഥാനാർഥി; സിനിമയിലെ രംഗങ്ങൾ അതേപടി അരങ്ങേറുമ്പോൾ തൃക്കാക്കരയിൽ ‘ഇന്ത്യൻ പ്രണയകഥ’ ആവർത്തിക്കുമോ..?

മാനു
കേരളമാകെ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു സിനിമയാണ് ഇപ്പോൾ തൃക്കാക്കരയിലെ അന്തരീക്ഷം കാണുമ്പോൾ മനസ്സിലേക്ക് വരുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയ്ക്ക് സമാനമാണ് തൃക്കാക്കരയിലെ സ്ഥാനാർഥിത്വവും തെരഞ്ഞെടുപ്പും.
സിനിമയിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞ് അയ്മനം സിദ്ധാർഥൻ എന്ന കഥാപാത്രം സ്വയം ഫ്ലെക്സ് ബോർഡുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലും വെക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ സ്ഥാനാർഥിത്വം ഹൈക്കമ്മാൻഡ് തീരുമാനിച്ചതോടെ അയ്മനം പുറത്താവുകയും പകരം പാർട്ടിയുടെ സ്ഥാനാർഥിയായി വിമല രാമനാഥൻ എന്ന ഒരു ഡോക്ടർ വരുന്നതുമാണ് സിനിമയിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലം. തൃക്കാക്കരയിലെ അവസ്ഥ നോക്കിയാൽ സത്യൻ അന്തിക്കാടിന്റെ ഈ സിനിമ അക്ഷരാർത്ഥത്തിൽ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമ തന്നെയാണ്. സിനിമയിൽ അത് വലതുപക്ഷ പാർട്ടിയിലാണ് സംഭവിച്ചതെങ്കിൽ തൃക്കാക്കരയിൽ ഇടതുപക്ഷ പാർട്ടിയിലാണ്.
തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ ആദ്യ സ്ഥാനാർത്ഥിയായി ഉയർന്ന കേട്ട പേര് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കെ എസ് അരുൺകുമാറിന്റേതായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമായ അരുൺകുമാറിന് വേണ്ടി ഫ്ലെക്സുകളും ചുവരെഴുത്തുകളും പ്രത്യക്ഷപെട്ടു. എന്നാൽ പിന്നീട് സർപ്രൈസ് സ്ഥാനാർഥി എത്തുകയും എല്ലാം മാറിമറിയുകയുമായിരുന്നു. അയ്മനം സിദ്ധാർഥന്റെ ഫ്ലെക്സ് കോഴിക്കൂടിന് മേൽക്കൂര ആയപ്പോൾ അരുൺകുമാറിന്റെ പേരിലെ ചുവരെഴുത്തുകൾക്ക് മുകളിൽ വെള്ള കുമ്മായം പൂശുകയായിരുന്നു.
അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് തൃക്കാക്കരയിൽ കാർഡിയോളജി വിദഗ്ദ്ധനായ ഡോ. ജോ ജോസഫിന്റെ രംഗപ്രവേശം. പാർട്ടി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ലിസി ആശുപത്രിയിൽ വെച്ച് ജോ ജോസഫ് മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. സിനിമയിൽ ഒട്ടും പ്രതീക്ഷിക്കാതെ ‘മുകളിൽ’ നിന്നുള്ള പ്രത്യേക പരിഗണയിലൂടെയാണ് വിമല രാമനാഥൻ സ്ഥാനാർത്ഥിയായത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന സമയത്ത് ആ ഡോക്ടറും രോഗികളെ നോക്കുന്ന തിരക്കിലായിരുന്നു. സ്ഥാനാർത്ഥിയാണെന്നറിഞ്ഞ ശേഷം വിമല രാമനാഥനും മാധ്യമങ്ങളോട് ആദ്യം സംസാരിച്ചത് മെഡിക്കൽ മേഖലയിലെ തന്റെ ജോലിസ്ഥലത്ത് വെച്ചാണെന്നതും തികച്ചും യാദൃശ്ചികം..!
ഏറെക്കുറേ സിനിമയുമായി പൊരുത്തപ്പെട്ടു പോകുന്ന സന്ദർഭങ്ങളാണ് തൃക്കാക്കരയിൽ ഇതുവരെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ ക്ലൈമാക്സ് എന്താണ് എന്നത് കൂടി ശ്രദ്ധിക്കപ്പെടുന്നു. ഡോ. വിമല രാമനാഥനെ എട്ടു നിലയിൽ പൊട്ടിച്ചുകൊണ്ട് എതിർ സ്ഥാനാർഥിയായ ആറ്റുപുറം ബേബി ആണ് സിനിമയിലെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. സിനിമയുടെ പശ്ചാത്തലവും തൃക്കാക്കരയിലെ സാഹചര്യങ്ങളും ഒരുപോലെ ആയതുകൊണ്ടുതന്നെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ സിനിമ കണ്ട ഇടതുപക്ഷകാർക്ക് നെഞ്ചിടിപ്പ് അല്പം കൂടുന്നത് സ്വാഭാവികം.
യുഡിഎഫ് കോട്ട കാക്കുമോ, എൽഡിഎഫ് സെഞ്ച്വറി അടിക്കുമോ, ബിജെപി ഞെട്ടിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ജനങ്ങൾ വിധിയെഴുതി കഴിഞ്ഞു. മണികൂറുകൾക്കകം റിസൾട്ട് വരുമ്പോൾ ‘എല്ലാം ശരിയാകും’ എന്ന് പറഞ്ഞ് എൽഡിഎഫ് വരുമോ അതോ സിനിമയിലെ എല്ലാം തൃക്കാക്കരയിലും ശരിയാകുമോ എന്നത് കണ്ടറിയണം. ഇതുവരെ തൃക്കാക്കര തങ്ങളെ കൈവിട്ടിട്ടില്ല എന്നതാണ് തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തികഞ്ഞ ആത്മവിശ്വാസം. മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം അവരുടെ ആത്മവിശ്വാസം കൂട്ടുകയാണ്. ഏതൊരു പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്നാണ് യുഡിഎഫ് നേതാക്കൾ അടിയുറച്ച് വിശ്വസിക്കുന്നത്. ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലായി മാറുമെന്ന കാരണത്താൽ എൽഡിഎഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വോട്ടുകൾ കൂട്ടുമെന്ന് പറഞ്ഞ് ഒട്ടും വിജയ പ്രതീക്ഷ കൈവിടാതെ തന്നെയാണ് ബിജെപിയും ഫലം കാക്കുന്നത്.
കിലുക്കം സിനിമയിൽ രേവതി ഇന്നസെന്റിനോട് ചോദിക്കുന്നുണ്ട്, ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ..എന്ന്, അപ്പോൾ ഇന്നസെന്റ് മറുപടി കൊടുക്കുന്നതുപോലെ ഇതുവരെ എല്ലാം വളരെ ശരിയാണ്. തൃക്കാക്കരയിലും, ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും എല്ലാം ഇതുവരെ കിറുകൃത്യം..! ഇനി അറിയേണ്ടത് ക്ലൈമാക്സ് മാത്രം.