INSIGHTKERALANEWSTop NewsTrending

തൃക്കാക്കരയിൽ ആവർത്തിച്ചത് സിനിമാക്കഥ; ഉമാതോമസ് വിജയിച്ചതോടെ വീണ്ടും ചർച്ചയാകുന്നത് ‘ഒരു ഇന്ത്യൻ പ്രണയകഥ’; കാലത്തിന് മുമ്പേ നടന്ന സിനിമയിൽ ക്ലൈമാക്സിനും വ്യത്യാസമില്ല

മാനു

തൃക്കാക്കരയിൽ ആവർത്തിച്ചത് ഒരു പക്കാ സിനിമാക്കഥ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ അവിടെ അരങ്ങേറിയതെല്ലാം മുമ്പ് സത്യൻ അന്തിക്കാട് ഒരു സിനിമയിലൂടെ പറഞ്ഞുവെച്ച അതേ കാര്യങ്ങളായിരുന്നു. ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയ്ക്ക് സമാനമാണ് തൃക്കാക്കരയിലെ സ്ഥാനാർഥിത്വവും തെരഞ്ഞെടുപ്പും അന്തിമ ഫലവും. അക്ഷരാർഥത്തിൽ കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു സിനിമ തന്നെയായി ഒരു ഇന്ത്യൻ പ്രണയകഥ മാറിയ കാഴ്ചയാണ് കാണാനാവുന്നത്.

സിനിമയിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞ് അയ്മനം സിദ്ധാർഥൻ എന്ന കഥാപാത്രം സ്വയം ഫ്ലെക്സ് ബോർഡുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലും വെക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ സ്ഥാനാർഥിത്വം ഹൈക്കമ്മാൻഡ് തീരുമാനിച്ചതോടെ അയ്മനം പുറത്താവുകയും പകരം പാർട്ടിയുടെ സ്ഥാനാർഥിയായി വിമല രാമനാഥൻ എന്ന ഒരു ഡോക്ടർ വരുന്നതുമാണ് സിനിമയിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലം. തൃക്കാക്കരയിലെ അവസ്ഥ നോക്കിയാൽ സിനിമയിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ് സംഭവിച്ചത്. സിനിമയിൽ അത് വലതുപക്ഷ പാർട്ടിയിലാണ് സംഭവിച്ചതെങ്കിൽ തൃക്കാക്കരയിൽ ഇടതുപക്ഷ പാർട്ടിയിലാണ്.

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ ആദ്യ സ്ഥാനാർത്ഥിയായി ഉയർന്ന കേട്ട പേര് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കെ എസ് അരുൺകുമാറിന്റേതായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമായ അരുൺകുമാറിന് വേണ്ടി ഫ്ലെക്സുകളും ചുവരെഴുത്തുകളും പ്രത്യക്ഷപെട്ടു. എന്നാൽ പിന്നീട് സർപ്രൈസ് സ്ഥാനാർഥി എത്തുകയും എല്ലാം മാറിമറിയുകയുമായിരുന്നു. അയ്മനം സിദ്ധാർഥന്റെ ഫ്ലെക്സ് കോഴിക്കൂടിന് മേൽക്കൂര ആയപ്പോൾ അരുൺകുമാറിന്റെ പേരിലെ ചുവരെഴുത്തുകൾക്ക് മുകളിൽ വെള്ള കുമ്മായം പൂശുകയായിരുന്നു.

അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് തൃക്കാക്കരയിൽ കാർഡിയോളജി വിദഗ്ദ്ധനായ ഡോ. ജോ ജോസഫിന്റെ രംഗപ്രവേശം. പാർട്ടി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ലിസി ആശുപത്രിയിൽ വെച്ച് ജോ ജോസഫ് മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. സിനിമയിൽ ഒട്ടും പ്രതീക്ഷിക്കാതെ ‘മുകളിൽ’ നിന്നുള്ള പ്രത്യേക പരിഗണയിലൂടെയാണ് വിമല രാമനാഥൻ സ്ഥാനാർത്ഥിയായത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന സമയത്ത് ആ ഡോക്ടറും രോഗികളെ നോക്കുന്ന തിരക്കിലായിരുന്നു. സ്ഥാനാർത്ഥിയാണെന്നറിഞ്ഞ ശേഷം വിമല രാമനാഥനും മാധ്യമങ്ങളോട് ആദ്യം സംസാരിച്ചതും മെഡിക്കൽ മേഖലയിലെ തന്റെ ജോലിസ്ഥലത്ത് വെച്ച് തന്നെ.

ഏറെക്കുറേ സിനിമയുമായി പൊരുത്തപ്പെട്ടു പോകുന്ന സന്ദർഭങ്ങളാണ് തുടക്കം മുതൽ തൃക്കാക്കരയിൽ ഉണ്ടായത്. അതുകൊണ്ടുതന്നെ സിനിമയുടെ ക്ലൈമാക്സ് എന്താണ് എന്നത് കൂടി ശ്രദ്ധിക്കപ്പെടുന്നു. ഡോ. വിമല രാമനാഥനെ എട്ടു നിലയിൽ പൊട്ടിച്ചുകൊണ്ട് എതിർ സ്ഥാനാർഥിയായ ആറ്റുപുറം ബേബി ആണ് സിനിമയിലെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ഇത് തന്നെ തൃക്കാക്കരയിലും സംഭവിച്ചു. ഡോക്ടർ സ്ഥാനാർത്ഥിയെ തറപറ്റിച്ചുകൊണ്ട് എതിർസ്ഥാനാർഥിയായ ഉമാ തോമസ് വിജയിച്ചു.

റിസൾട്ട് വന്നതോടെ ‘എല്ലാം ശരിയാകും’ എന്ന് പറഞ്ഞ എൽഡിഎഫിന്റെ ഒന്നും ശരിയായില്ല. എന്നാൽ സിനിമയിൽ സംഭവിച്ചത് തന്നെ തൃക്കാക്കരയിലും സംഭവിച്ചു. ഇതുവരെ തൃക്കാക്കര തങ്ങളെ കൈവിട്ടിട്ടില്ല എന്നതായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തികഞ്ഞ ആത്മവിശ്വാസം. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം അവരുടെ ആത്മവിശ്വാസം കൂട്ടി. ഏതൊരു പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്നാണ് യുഡിഎഫ് നേതാക്കൾ അടിയുറച്ച് വിശ്വസിച്ചിരുന്നത്. ആ വിശ്വാസം പോലെ തന്നെ ഇത്തവണയും തൃക്കാക്കാര വലതുപക്ഷത്തെ ചേർത്തുപിടിച്ചു.

കിലുക്കം സിനിമയിൽ രേവതി ഇന്നസെന്റിനോട് ചോദിക്കുന്നുണ്ട്, ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ..എന്ന്, അപ്പോൾ ഇന്നസെന്റ് മറുപടി കൊടുക്കുന്നതുപോലെ എല്ലാം വളരെ ശരിയായിരുന്നു. ഫലം വന്നു കഴിഞ്ഞപ്പോഴും ഒരു മാറ്റവുമില്ല. തൃക്കാക്കരയിലെ ക്ലൈമാക്സ് വരെ കിറുകൃത്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close