
ലക്നൗ: അമ്മയെ കൊലപ്പെടുത്തിയ ശേഷം കൂട്ടുകാരോടൊപ്പം ആഘോഷിച്ച് മകൻ. പതിനാറുകാരന്റെ മൊഴി കേട്ട ഞെട്ടലിലാണ് പോലീസ്. പബ്ജി കളിക്കാൻ അനുവദിക്കാത്തതിനാണ് അമ്മയെ മകൻ വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മകൻ പൂട്ടിയിടുകയായിരുന്നു. ഇതിന് ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തിയായിരുന്നു ആഘോഷം.
അച്ഛന്റെ തോക്കെടുത്താണ് മകൻ അമ്മയെ വെടിവച്ച് കൊന്നത്. തൊട്ടടുത്ത മുറിയിൽ അമ്മയുടെ മൃതദേഹം പൂട്ടിയിട്ട 16കാരൻ രണ്ട് കൂട്ടുകാരെ വിളിച്ചുവരുത്തി. ഓൺലൈനിൽ മുട്ടക്കറി ഓർഡർ ചെയ്ത് കഴിക്കുകയും കൂട്ടുകാർക്കൊപ്പമിരുന്നു ഫുക്രി സിനിമ കാണുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കൂട്ടുകാർ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കുട്ടി കള്ളം പറഞ്ഞു. കുറ്റം സമ്മതിച്ച കുട്ടി ചോദ്യം ചെയ്യലിലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പബ്ജി കളിക്കാൻ അനുവദിക്കാത്തതിൽ അമ്മയോട് തനിക്ക് ദേഷ്യമായിരുന്നുവെന്നും അതിനാലാണ് അച്ഛന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവച്ചതെന്നും കുട്ടി പറഞ്ഞു. ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. തുടർന്ന് രണ്ട് ദിവസം മൃതദേഹം ഉള്ള മുറി കുട്ടി പൂട്ടിയിട്ടു.
ദുർഗന്ധം പുറത്തുവരാതിരിക്കാൻ മൃതദേഹമുള്ള മുറിയിൽ റൂം സ്പ്രേ അടിച്ചു. എന്നാൽ രണ്ട് ദിവസമായതോടെ രൂക്ഷഗന്ധത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയും 10 വയസ്സുള്ള അനിയത്തിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. സൈനികനായ അച്ഛൻ ബംഗാളിലാണ്. ലൈസൻസുള്ള തോക്ക് വീട്ടിൽ വച്ചാണ് പോയിരുന്നത്.
കൊലപാതകം നടന്നതായി അറിഞ്ഞാണ് ലക്നൗ പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇല്ലാത്ത കൊലപാതകിയെ സൃഷ്ടിച്ച് കുട്ടി പൊലീസിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചു. ഒരു ഇലക്ട്രീഷ്യനാണ് കൊലപാതകിയെന്ന തരത്തിൽ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കൊലപാതകം നടത്തിയത് അച്ഛന്റെതോക്കുകൊണ്ടാണെന്നും പിന്നിൽ കുട്ടിയാണെന്നും കണ്ടെത്തിയതോടെ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മകൻ പബ്ജിയിൽ അടിമപ്പെട്ടതായി മനസ്സിലാക്കിയതോടെയാണ് കുട്ടിയെ അമ്മ പബ്ജി കളിക്കുന്നതിൽ നിന്ന് വിലക്കിയത്. പല തവണ ആവശ്യപ്പെട്ടിട്ടും മൊബൈൽ നൽകാൻ അമ്മ തയ്യാറാകാതെ വന്നതോടെ അച്ഛന്റെ തോക്കെടുത്ത് അമ്മയെ കുട്ടി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമാനമായ സംഭവം മാർച്ചിൽ മുംബൈയിലെ താനെയിലും നടന്നിരുന്നു. പബ്ജി കളിക്കുന്നതിനിടെയുണ്ടായ ശത്രുതയെ തുടർന്ന് താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് വെടിവെച്ച് കൊന്നിരുന്നു. മൂന്ന് പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വർത്തക് നഗർ സ്വദേശി സഹിൽ ജാദവാണ് കൊല്ലപ്പെട്ടത്. സഹിലിന്റെ സുഹൃത്ത് പ്രണവ് മാലിയും മറ്റ് രണ്ട് പേരും ചേർന്നാണ് കൊലപാതകം നടത്തിയത്. പബ്ജി കളിക്കുന്നതിനിടെ ഇവർക്കിടയിൽ വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം.
ജോലിക്കെത്തിയ യുവാവുമായി സിസ്റ്റർക്ക് ബന്ധമുണ്ടെന്ന് അപവാദപ്രചാരണം; പകയായത് മഠത്തിലെ പുരോഹിതരുടെ സാന്നിധ്യവും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചോദ്യം ചെയ്തതും
മൈസുരു: സെന്റ് റോസെല്ല മഠത്തിന് നേരെ കൂടുതൽ ആരോപണങ്ങളുമായി സിസ്റ്റർ എൽസീന രംഗത്ത്. മഠത്തിലെ പുരോഹിതരുടെ സാന്നിധ്യവും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്തതാണ് തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു.
ലത്തീൻ സഭയുടെ ഭാഗമായ സെൻറ് റോസെല്ല മഠത്തിലാണ് സംഭവം. സംഭവത്തിൽ ഇതുവരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ സിസ്റ്റർ എൽസീനയ്ക്ക് മാനസികപ്രശ്നമാണെന്നും ഇനി തിരിച്ചെടുക്കില്ലെന്നുമാണ് കോൺവെൻറിൻറെ നിലപാട്. മഠത്തിലെ അഴിമതിക്കും അതിക്രമങ്ങൾക്കും എതിരെ ശബ്ദിച്ച സിസ്റ്റർ എൽസീനയെ ക്രൂരമായി മർദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതിൽ കൃത്യമായ തെളിവില്ലെന്ന നിലപാടിലാണ് മൈസൂരു പൊലീസ്. മർദ്ദനമേറ്റതിൻറെ പാടുകളുമായി നേരിട്ട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടർനടപടിയുണ്ടായിട്ടില്ല.
അശോക് പുരം പൊലീസ് കോൺവെൻറിനൊപ്പം ഒത്തു കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിസ്റ്റർ എൽസീന. സന്യാസവസ്ത്രവും മൊബൈലും ഉൾപ്പടെ ബലം പ്രയോഗിച്ച് മഠം അധികൃതർ തിരിച്ചുവാങ്ങിയിരുന്നു. മഠത്തിൽ ജോലിക്കെത്തിയ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ചുരിദാർ ധരിച്ച് വീട്ടുകാർക്കൊപ്പം സഭയുടെ അനുമതിയില്ലാതെ സിസ്റ്റർ എൽസീന പോയതാണെന്നുമാണ് മഠം അധികൃതരുടെ ആരോപണം. 25 വർഷമായി സഭാംഗമായിരുന്ന സിസ്റ്റർ എൽസീന ഇന്ന് മൈസൂരുവിൽ ബന്ധുവിൻറെ വസതിയിലാണ് കഴിയുന്നത്.
കള്ളപ്രചാരണങ്ങളിലൂടെ മാനസികരോഗിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും കള്ളമാണെന്ന് തെളിഞ്ഞാൽ തിരുവസ്ത്രം ഉപേക്ഷിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി സിസ്റ്റർ എൽസീന മഠത്തിന് മറുപടി നൽകി. കോൺവെൻറിലെ മൂക ബധിര വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതും മഠത്തിലെ പുരോഹിതൻമാരുടെ സാന്നിദ്ധ്യം ചോദ്യം ചെയ്തതിനുമാണ് ഈ ആക്രമണമെന്നും സത്യം പുറത്തുവരുമെന്നും കുറിപ്പിൽ സിസ്റ്റർ എൽസീന വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ടുകളുമായി നീതി തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് സിസ്റ്റർ എൽസീനയുടെ തീരുമാനം.