KERALANEWSTrending

‘നീ ഓരോ സ്റ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ; നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്ക് മോനെ..’; മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിന് പോകുന്ന ശിഹാബിനെതിരെ മുജാഹിദ് ബാലുശേരി; ഇസ്ലാമിക പ്രഭാഷകന്റെ വിമർശനം ഇങ്ങനെ..

കോഴിക്കോട്: ഇന്ത്യയിൽ നിന്നും ആദ്യമായി കാൽനടയായി ഹജ്ജ് ചെയ്യാൻ പോകുന്ന ശിഹാബിന്റെ യാത്ര കേരളത്തിൽ വലിയ ചർച്ചയായിരുന്നു. പാകിസ്താനും ഇറാനും ഇറാഖും കുവൈത്തും താണ്ടിയുള്ള ശിഹാബിന്റെ ആത്മീയ സാഹസിക യാത്ര അറബ് ലോകത്തും വൈറലായി മാറി. സൗദി അറേബ്യയിലെ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പടെ നിരവധി ചെറുതും വലുതുമായ മാധ്യമങ്ങളാണ് മക്കയിലേക്കുള്ള പാതയിൽ നടന്ന് തുടങ്ങിയ ശിഹാബിന്റെ യാത്ര വലിയ പ്രാധാന്യ​ത്തോടെ വാർത്തയാക്കിയിരുന്നു. എന്നാൽ ശിഹാബിനെതിരെ രംഗത്തെത്തിയിരിക്കയാണ് ഇസ്ലാമിക പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി.

കേരളത്തിൽ നിന്ന് 8000 കിലോമീറ്റർ നടന്ന് ഹജ്ജിന് പോവുന്ന ശിഹാബ് ചോറ്റൂർ എന്ന ചെറുപ്പക്കാരന്റെ നടന്നുള്ള ഹജ്ജിനുപോകൽ, ശരീരം പീഡനം ആണെന്നും അത് അനിസ്ലാമികം ആണെന്നുമാണ് ബാലുശ്ശേരി പറയുന്നത്. ശിഹാബ് വിമാനത്തിൽ പോയാണ് ഹജ്ജ് നിർവഹിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ..

“ശിഹാബിന് നല്ലതുപറഞ്ഞുകൊടുക്കാൻ ആളുകൾ ഇല്ലാതെ പോയി. മോനെ, ശിഹാബെ, മോനെ ശിഹാബെ, കാസർകോട്ട് എത്തിയ നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്കുമോനെ. നീ ഇനി ഓരോ സറ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ. കാരണം മുത്തു നബി ഹജ്ജിന് വെറും 400 കിലോമീറ്റർ നടക്കാൻ പറഞ്ഞ സ്ത്രീയോട് പറഞ്ഞത് അള്ളായ്ക്ക് നിന്റെ ഈ നടത്തം ആവശ്യമില്ല എന്നാണ്. അള്ളായ്ക്ക് നിന്റെ ഈ ശരീര പീഡനം ആവശ്യമില്ല. എങ്കിൽ പറയൂ, 400 കിലോമീറ്റർ നടക്കുന്ന അള്ളാക്ക് ഇഷ്ടമില്ലെങ്കിൽ, 8400 കിലോമീറ്റർ, എന്റെ പ്രിയപ്പെട്ട അനുജാ ശിഹാബെ, നിന്നെ നടക്കാൻ നിർബന്ധിച്ചത് ഈ പുരാഹിത വർഗമാണ്. മോനെ നീ തിരിച്ചു നടക്ക്. നിന്റെ വീട്ടിലേക്ക് നടക്ക്. എന്നിട്ട് കോൺകോഡ് വിമാനത്തിൽ കയറി, ഏറ്റവും വേഗത്തിൽപോയി ഹജ്ജ് ചെയ്യ് മോനെ.

രണ്ട മക്കളുടെ ഷോൾഡറിൽ തൂങ്ങി ഒരു ബാപ്പ ഹജ്ജ് ചെയ്യുകയാണ്. എന്നിട്ടങ്ങനെ പ്രയാസപ്പെട്ടപ്പോൾ, ലോകത്തിന്റെ വെളിച്ചമായ റസൂൽ ചോദിച്ചത് എന്താണ് നിങ്ങളുടെ ബാപ്പയുടെ പ്രശ്നം എന്നാണ്. മക്കൾ പറയുന്നത് ബാപ്പ നടന്നുകൊണ്ട് ഹജ്ജ് ചെയ്യാമെന്ന് നേർച്ച നേർത്താണ് എന്നാണ്. റസൂൽ അത് അനുവദിച്ചില്ല. റസൂലിനെ ധിക്കരിച്ചുകൊണ്ടാണ് നമ്മുടെ ശിഹാബ് നടക്കുന്നത്. ആ മോന് അത് അറിയില്ല. ശിഹാബിന്റെ നടത്തമാണോ ഇബാദത്ത്, ശിഹാബിന്റെ ഹജ്ജ് ആണോ ഇബാദത്ത്. പഞ്ചസ്തംഭങ്ങളിൽ ഹജ്ജാണോ പ്രാധാനം. അല്ലെങ്കിൽ നടത്തം ഹജ്ജാണോ. ഹജ്ജിലേക്കുള്ള വസീറയാണ് നടത്തം. ഹജ്ജ് ആരോഗ്യത്തോടുകൂടി ചെയ്യേണ്ട കാര്യമാണ്.അവിടെ 8000 കിലോമീറ്റർ നടന്ന് നമ്മുടെ ശിഹാബ് എങ്ങാനും പാക്കിസ്ഥാന്റെ ബോർഡറിൽ വീണ് മരിച്ചാൽ, പുരോഹിതന്മ്മാരെ നിങ്ങൾ എങ്ങനെയാണ്, അള്ളാന്റെ മുന്നിൽ നിൽക്കുക. ഇന്ന് നബിയെങ്ങാനും മലപ്പുറം വളാഞ്ചേരിയിൽ ഉണ്ടായിരുന്നെങ്കിൽ, പറയുമായിരുന്നു. മോനെ ശിഹാബെ, ഞാൻ അള്ളാന്റെ റസൂൽ ആണ് മോനെ. ഞാൻ 400 കിലോമീറ്റർ നടക്കാൻ അനുവദിച്ചിട്ടില്ല മോനെ. ഞാൻ വെറുതെ പറയില്ല മോനെ. അഭീഷ്ടമനുസരിച്ച് ഞാൻ സംസാരിക്കാറില്ല മോനെ എന്ന് പറഞ്ഞേനെ.” – മുജാഹിദ് ബാലുശ്ശേരി ചൂണ്ടിക്കാട്ടി.

അതേസമയം ശിഹാബിനെ ന്യായീകരിച്ച് സുന്നി സംഘടകൾ രംഗത്തെത്തി. കേരളത്തിലെ സുന്നി ഗ്രൂപ്പുകളുടെ ഫേസ്‌ബുക്ക് വാട്സാപ്പ് ഗ്രൂപ്പുകളിൽ ബാലുശ്ശേരിക്കെതിരായ പ്രചാരണങ്ങൾ നിറയുകയാണ്. എസ്‌കെഎസ്എസ്എഫും എസ്എസ്എഫും ശിഹാബ് ചോറ്റൂരിന് ഒപ്പമാണ്. എഴൂത്തുകാരനും സാംസ്‌ക്കാരി പ്രവർത്തകനുമായ താഹാ മാടായി ശിഹാബിനെ അനുകൂലിച്ച് ഒരു ഓൺലൈൻ മാഗസിനിൽ ലേഖനം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു.

“എന്താണ് ഈ യാത്രയെ ഇത്ര മനോഹരമാക്കുന്ന ഘടകം? അത് മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഒരു ചെറുപ്പക്കാരൻ നടത്തുന്ന പദയാത്രയാണ്. കാൽകൊണ്ട് അളന്ന് തീർക്കുകയാണ് മലപ്പുറത്തു നിന്ന് മക്കയിലേക്കുള്ള ദൂരത്തെ! ഇസ്ലാമിന്റെ കേന്ദ്ര ബിന്ദുവായ മക്കയിലേക്ക്, കേരളത്തിൽ മുസ്ലിങ്ങളുടെ കേന്ദ്ര ബിന്ദുവായ മലപ്പുറത്തു നിന്ന് ഒരാൾ നടക്കുന്നു. മുസ്ലിങ്ങൾക്ക് പിറന്ന നാടിനേക്കാൾ പ്രിയപ്പെട്ടതാണ് മക്കയും മദീനയും.’മുത്തു നബിയുടെ റൗള’ എത്രയെത്ര മാപ്പിളപ്പാട്ടുകളിൽ വന്നിരിക്കുന്നു. കാഫ് മല കണ്ട പൂങ്കാറ്റിനോടും മിഹ്‌റാജ് രാവിലെ കാറ്റിനോടും മക്കാ മദീന വിശേഷങ്ങൾ ചോദിക്കുന്നു. ആ മക്കയിലേക്കാണ് ശിഹാബിന്റെ കാൽനട ദൂരങ്ങൾ. അത് പൂർത്തിയാവുക എന്നത് ശിഹാബിനെപ്പോലെ എത്രയോ പേരുടെ ദുആ ആണ്.

പതിവ് പോലെ അത് ചർച്ചയായി. സലഫികളും ജമാഅത്തുകാരും എതിർവാദങ്ങളുമായി വന്നു. മാരകമായ ആ പ്രയോഗം കൂടി വന്നു; ശിർക്ക്! മറ്റൊന്ന്, പ്രവാചകൻ ഹജ്ജ് കാൽനടയായി നിർവഹിച്ചിട്ടില്ല എന്ന വാദം. ഇവിടെയാണ് ശിഹാബിന്റെ യാത്ര കാവ്യാത്മകമാവുന്നത്. ജ്ഞാനമെന്നാൽ നാടിനെ അറിയുക എന്നതു കൂടിയാണ്. നടന്നുനടന്ന് അയാൾ എത്ര ദൂരം നടക്കുന്നുവോ, അത്രയും ദൂരം അയാൾ നാടിന്റെ സ്പന്ദനമറിയുന്നു. അതുകൂടി ഉൾപ്പെടുന്നതാണ് ആത്മ(മീയ) സ്പന്ദനം.

പെരുമാൾ മക്കത്തേക്ക് നടന്നും അന്നത്തെ പല്ലക്കിലും പായ്ക്കപ്പലിലുമൊക്കെയാണ് പോയിരിക്കുക. മാലിക് ബിൻ ദിനാറും സംഘവും ഇങ്ങോട്ടു വന്നതിലും ‘നടന്നെത്താവുന്ന ദൂരങ്ങളിലൊക്കെ നടന്നു’ തന്നെയാണ് വന്നിട്ടുണ്ടാവുക. ഞങ്ങളുടെ ഗ്രാമമായ മാടായി ഇസ്ലാമിന്റെ ഇന്ത്യയിലെ തന്നെ ആദിമ സഞ്ചാര കേന്ദ്രമാണ്. മാടായിപ്പള്ളിയിലെ ശിലാലിഖിതവും പഴയ മീസാൻ കല്ലുകളും കാലങ്ങൾക്കപ്പുറത്തെ കഥകൾ പറയുന്നു. ‘നടന്നു നടന്നുണ്ടായവയാണ്’ ചരിത്രം.”- താഹ മാടായി ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്കിലും, സുന്നി- മുജാഹിദ് ഗ്രൂപ്പുകളും തമ്മിൽ ഈ വിഷയത്തിൽ ശക്തമായ പോരാട്ടം നടക്കുകയാണ്.

അതേസമയം സൗദി അറേബ്യയിലെ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പടെ നിരവധി ചെറുതും വലുതുമായ മാധ്യമങ്ങളാണ് മക്കയിലേക്കുള്ള പാതയിൽ നടന്ന് തുടങ്ങിയ ശിഹാബിന്റെ യാത്ര വലിയ പ്രാധാന്യ​ത്തോടെ വാർത്തയാക്കിയിരിക്കുന്നത്. മക്ക, മദീന ഹറമുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന, ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന ‘ഹറമൈൻ’ എന്ന ട്വീറ്റർ അകൗണ്ടുൾപ്പെടെയുള്ള സമൂഹമാധ്യമ ചുവരുകളിലും ശിഹാബിന്റെ യാത്രയെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരിക്കുന്നു. ചിത്രമായും എഴുത്തായും തെളിയുന്ന പോസ്റ്റുകൾക്ക് താഴെ യോജിപ്പും വിയോജിപ്പും അഭിനന്ദനവും പ്രാർഥനയുമായി ആളുകൾ എത്തുകയാണ്.

കെട്ടിക്കൂട്ട് പാട്ടുകളും കവിതകളും ചൊല്ലി നാട്ടിൽ ശിഹാബിന് ലഭിക്കുന്ന സ്വീകരണത്തിന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്ത് ഇത്തരം യാത്രകൾ പ്രോത്സാഹിപ്പിക്കരുതെന്ന കമന്റുകളുമുണ്ട് കൂട്ടത്തിൽ. 8,640 കിലോമീറ്റർ ദൂരം നടന്നുതാണ്ടിയാണ് ശിഹാബ് മക്കയിൽ എത്താൻ പദ്ധതിയിട്ടിരിക്കുന്നത്. മണിക്കൂറിൽ ഏഴ് കിലോമീറ്റർ നടക്കാൻ ശിഹാബ് പരിശീലനം നേടിയിട്ടുണ്ട്. ദിനേന 31 കിലോമീറ്റർ എങ്കിലും നടന്നാലേ 280 ദിവസം കൊണ്ട് മക്കയിലെത്താനാകൂ. ഇപ്പോൾ കൊടും ചൂടാണ് സൗദിയിലെങ്കിലും നടന്നെത്താൻ മാസങ്ങളേറെയുണ്ടല്ലോ, അപ്പോഴേക്കും കാലാവസ്ഥ മാറി തണുപ്പാകും എന്ന് ​കരുതി ആശ്വസിക്കാനാവില്ല.

ശിഹാബിന്റെ യാത്രയെ കുറിച്ച് ‘ഹറമൈൻ’ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്

സൗദിയിലേക്ക് പ്രവേശിക്കാനാകുമ്പോൾ ​ഋതുക്കളെല്ലാം ഒരു തവണ മാറിമറിഞ്ഞ് വീണ്ടും വേനലിലേക്കെത്താനാണ് സാധ്യത. അടുത്ത വർഷം ഹജ്ജ് ജൂൺ മാസത്തിലാണ്. സൗദിയിൽ ചൂട് ഉച്ചിയിലെത്തുന്ന സമയമാണത്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശിഹാബ് പുണ്യഭൂമിയിൽ എത്തേണ്ടത്. അതുകൊണ്ട് തന്നെയാണ് മക്കയിലേക്കുള്ള പാതയി​ലെ ശിഹാബിന്റെ നടത്ത പദ്ധതിക്ക് ഇത്രയധികം പ്രാധാന്യവും ഗൗരവവും ലഭിക്കുന്നത്. ശിഹാബ് സൗദിയിലേക്ക് പ്രവേശിക്കുന്നത് കാത്തിരിക്കുകയാണ് ഇവി​ടുത്തെ മലയാളി സമൂഹം.

മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്:

‘എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം’. ‘പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ?’, സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: ‘മോൻ പൊയ്‌ക്കോ’. ഭാര്യ ഷബ്‌നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ എന്ന ഇരുപത്തൊമ്പതുകാരൻ കാൽനടയായി ഹജ്ജിനുപോകാൻ തീരുമാനിച്ചത്. ഇതറിഞ്ഞ് ചിലർ ചോദിച്ചു: ‘നിനക്കെന്താ പ്രാന്താണോ?’ അവരോട് ശിഹാബ് ഒന്നു മന്ദഹസിച്ചു; ‘ഇനി പിന്നോട്ടില്ല. പടച്ചോന്റെ കൃപയുണ്ടെങ്കിൽ യാത്ര വിജയിക്കും…’

അന്നുമുതൽ ഒൻപതു മാസമായി ശിഹാബ് യാത്രയുടെ ആസൂത്രണത്തിൽതന്നെയായിരുന്നു. വാഗാ അതിർത്തി വഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ വഴി തയ്യാറാക്കി. ബെംഗളൂരുവിലുള്ള ഹസീബ് വഴി അഞ്ച്‌ രാജ്യങ്ങളുടെയും വിസ ശരിയാക്കി.

‘പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്’- ശിഹാബ് പറഞ്ഞു. രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെയും കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

മണിക്കൂറിൽ ഏഴു കിലോമീറ്റർ വരെ നടക്കാനാകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഒരു വർഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂർത്തിയാക്കാനാണ് പ്ലാൻ. സൗദിയിൽചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.

‘നടന്നുപോയി ഹജ്ജുചെയ്യുക ചെറിയപ്രായംമുതലുള്ള ആഗ്രഹാണ്’- ശിഹാബ് പറഞ്ഞു. പ്ലസ്ടു, അക്കൗണ്ടൻസി കോഴ്‌സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽനിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയിൽ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങൾ, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങൾമാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close