‘സിനിമകളിലെ ആ തമാശക്കാരൻ തന്നെയാണ് അച്ഛൻ ജീവിതത്തിലും’; തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും നിരഞ്ജ്; ഫാദേഴ്സ് ഡേയിൽ നടൻ മണിയൻപിള്ള രാജുവിനെ കുറിച്ച് മകൻ മനസുതുറക്കുന്നു..

മാനു
മലയാള ചലച്ചിത്ര മേഖലയിലെ ജനപ്രിയ ഹാസ്യനടന്മാരിൽ ഒരാളാണ് മണിയൻപിള്ള രാജു എന്ന സുധീർ കുമാർ. മുന്നൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം നടൻ എന്ന രീതിയിൽ മികച്ച് നിൽക്കുന്ന ഒരാളാണെന്ന് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. അച്ഛന്റെ പാതയിൽ തന്നെ മകൻ നിരഞ്ജും അഭിനേതാവാണ്. ബ്ലാക്ക് ബട്ടർഫ്ളൈ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം നടത്തിയ നിരഞ്ജ് ഇപ്പോൾ സിനിമാലോകത്ത് സജീവമാണ്. ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന് ചോദിക്കുമ്പോൾ ഒരു നല്ല നടൻ എന്ന് വിളിച്ച് കേൾക്കുന്നതാണെന്ന് പറയുന്നു നിരഞ്ജ്. മണിയൻപിള്ള രാജു എന്ന അച്ഛനെ കുറിച്ച് ഫാദേഴ്സ് ഡേയിൽ മീഡിയ മംഗളത്തോട് തുറന്ന് സംസാരിക്കുകയാണ് മകൻ നിരഞ്ജ്.
അച്ഛനെന്ന സുഹൃത്ത്
തന്റെ ഏറ്റവും നല്ല സുഹൃത്താണ് അച്ഛൻ എന്നാണ് നിരഞ്ജ് പറയുന്നത്. സിനിമകളിൽ കാണുന്ന അതേപോലെ തന്നെ എല്ലാ കാര്യങ്ങളും തമാശ രൂപേണ സംസാരിക്കുന്ന ഒരാൾ. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന ഒരു സുഹൃത്ത്. അതോടൊപ്പം തന്നെ മക്കളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരാൻ ശ്രമിക്കുന്ന, എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്ന ഒരു അച്ഛനുമാണ്.

ചില അച്ഛന്മാരുണ്ട്, മക്കളോട് വളരെ സീരിയസായി മാത്രം സംസാരിക്കുന്ന, സ്നേഹം പ്രകടിപ്പിക്കാതിരിക്കുന്നവർ. ഒരു പ്രായം കഴിഞ്ഞാൽ സീരിയസ് ആയി പോകുന്നവരുമുണ്ട്. എന്നാൽ മണിയൻപിള്ള രാജു അങ്ങനെയൊന്നുമല്ലെന്നാണ് നിരഞ്ജ് പറയുന്നത്. രാവിലെ എണീക്കുമ്പോൾ മുതൽ തമാശ പറയും. കളിയാക്കലുകളും പ്രാങ്കുകളും ചെയുന്ന ഒരാൾ. വീടിനുള്ളിലും പുറത്തും അദ്ദേഹം ഒരുപോലെ തന്നെയാണെന്നും നിരഞ്ജ് പറയുന്നു.
കഷ്ടപ്പെട്ട് സിനിമയിലെത്തിയ അച്ഛനും അതേ പാത പിന്തുടരുന്ന മകനും
അച്ഛന്റെ പാത പിന്തുടർന്ന് തന്നെയാണ് മകനും സിനിമയിലേക്ക് വന്നത്. എന്നാൽ സിനിമയിലേക്ക് വന്നത് അച്ഛന്റെ സ്വാധീനം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ലെന്നും നിരഞ്ജ് പറയുന്നു. അങ്ങനെയാണെങ്കിൽ എന്റെ ചേട്ടനും സിനിമയിൽ എത്തേണ്ടതല്ലേ എന്നാണ് നിരഞ്ജ് ചോദിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമുള്ളതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. അച്ഛൻ ഒരുതരത്തിലും ശുപാർശ ചെയ്യുകയോ ഒരിടത്തും തന്റെ സ്വാധീനം കൊണ്ട് ഇടം വാങ്ങി തരാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും നിരഞ്ജ് വ്യക്തമാക്കുന്നു. തന്റെ അച്ഛൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് സിനിമാലോകത്ത് ഇടം നേടിയെടുത്തത്. അത്രയും കഷ്ടപാടില്ലെങ്കിലും അച്ഛന്റെ പേരിൽ അല്ലാതെ സ്വന്തമായൊരു മേൽവിലാസം സിനിമയിൽ നേടിയെടുക്കാനാണ് തന്റെ ശ്രമമെന്നും നിരഞ്ജ് പറയുന്നു.
‘ദേ അണ്ണാന്ന് വിളിച്ച നാവ് കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്’
അച്ഛൻ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള സിനിമ ഏതെന്ന് ചോദിച്ചാൽ അന്നും ഇന്നും നിരഞ്ജിന്റെ ആദ്യ ഉത്തരം മിന്നാരം തന്നെയാണ്. ഒരു ചെറിയ സീൻ ആണെങ്കിലും വർഷങ്ങൾക്ക് ശേഷവും ഒരു സിനിമയുടെ കാര്യം പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത് ആ സീൻ തന്നെയാണ്.

തന്റെ അസാധ്യ അഭിനയം കൊണ്ട് സകല മലയാളികളെയും ചിരിപ്പിച്ച ആ ഒറ്റ സീൻ കൊണ്ടുമാത്രം അച്ഛൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള സിനിമയായി മിന്നാരം മാറുകയായിരുന്നു. അത് കഴിഞ്ഞാൽ ഇടുക്കി ഗോൾഡും പ്രിയപ്പെട്ട ചിത്രമാണ്. ശരിക്കും സാധാരണക്കാരനായി അഭിനയിച്ച് ഫലിപ്പിച്ച ഇടുക്കി ഗോൾഡും നിരഞ്ജിന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്.

‘അതോടെ അച്ഛന് ഡബ്സ്മാഷ് അയക്കുന്നത് നിർത്തി’
അച്ഛനും മകനും തമ്മിൽ ശരിക്കും കൂട്ടുകാരെ പോലെ തന്നെയാണ്, അതുകൊണ്ടുതന്നെ തമ്മിൽ കളിയാക്കുന്നതും പതിവാണെന്ന് നിരഞ്ജ് പറയുന്നു. ആ തരത്തിൽ ഓർമ്മകൾ എന്തെങ്കിലും പങ്കുവെക്കാനുണ്ടോ എന്ന ചോദ്യത്തിന് ഒരു ഡബ്സ്മാഷ് കഥയാണ് നിരഞ്ജിന് പറയാനുണ്ടായിരുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനൊക്കെ മുമ്പ് ഡബ്സ്മാഷ് ചെയ്യുന്നത് പതിവായിരുന്നു. യുകെ യിൽ പഠിക്കാൻ പോയ സമയത്ത് മമ്മൂട്ടി അങ്കിളിന്റെ സിനിമയിലെ രംഗങ്ങൾ ഡബ്സ്മാഷ് ചെയ്തത് അച്ഛന് അയച്ചിരുന്നു. വീട്ടിൽ ഇടുന്ന ഡ്രസ്സ് ആയതുകൊണ്ട് അത്ര നല്ലതല്ലെന്ന് തോന്നിയതുകൊണ്ടും ആർക്കും അയക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ അത് അച്ഛൻ നേരെ അത് മമ്മൂട്ടി അങ്കിളിന് അയക്കുകയും ചെയ്തു. അതോടെ താൻ അച്ഛന് ഡബ്സ്മാഷ് അയക്കുന്നത് നിർത്തിയെന്നും നിരഞ്ജ് പറയുന്നു.
‘ഏറ്റവും സ്പെഷ്യലായ ഗിഫ്റ്റ് അല്ലേ ഞാൻ’
എന്നും കൂട്ടുകാരെ പോലെ ആയിട്ടുള്ളവർക്ക് എന്തിനാണ് ഒരു സ്പെഷ്യൽ ഡേ എന്നാണ് ഫാദേഴ്സ് ഡേയെകുറിച്ച് ചോദിക്കുമ്പോൾ നിരഞ്ജിന്റെ മറുപടി. അച്ഛൻ, അമ്മ ഒക്കെ എന്നും നമ്മുടെ ജീവിതത്തിൽ ഒരുപോലെ വേണ്ടപെട്ടവരാണെന്നും നിരഞ്ജ് പറയുന്നു.

സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഏറ്റവും സ്പെഷ്യൽ ആയ ഗിഫ്റ്റ് ഞാൻ എന്ന മകൻ അല്ലേയെന്നാണ് നിരഞ്ജ് പറയുന്നത്.